കേരളം

kerala

ETV Bharat / state

KSRTC Salary| 'ജീവനക്കാർക്ക് ഈ ആഴ്‌ച തന്നെ ശമ്പളം, അലവന്‍സും പരിഗണനയില്‍'; മന്ത്രിതല ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് യൂണിയനുകള്‍ - മന്ത്രി

എന്നാല്‍ ശമ്പളം ലഭിച്ചതിനുശേഷം പണിമുടക്ക് പിൻവലിക്കുന്ന കാര്യം ആലോചിക്കാമെന്നാണ് തൊഴിലാളി യൂണിയനുകൾ അറിയിച്ചിരിക്കുന്നത്

KSRTC Employees Salary  KSRTC Employees Salary Latest News Update  KSRTC Salary Latest News Update  KSRTC Latest News Update  Trade Unions  KSRTC Salary  ജീവനക്കാർക്ക് ഈ ആഴ്‌ച തന്നെ ശമ്പളം  അലവന്‍സും പരിഗണനയില്‍  മന്ത്രിതല ചര്‍ച്ച  യൂണിയനുകള്‍  ശമ്പളം  കെഎസ്ആർടിസി ജീവനക്കാർ  കെഎസ്ആർടിസി  ധനമന്ത്രി  മന്ത്രി  ബാലഗോപാല്‍
'ജീവനക്കാർക്ക് ഈ ആഴ്‌ച തന്നെ ശമ്പളം, അലവന്‍സും പരിഗണനയില്‍'; മന്ത്രിതല ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് യൂണിയനുകള്‍

By

Published : Aug 16, 2023, 7:29 PM IST

ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രതികരിക്കുന്നു

തിരുവനന്തപുരം:കെഎസ്ആർടിസി ജീവനക്കാർക്ക് ഈയാഴ്‌ച തന്നെ ശമ്പളം നൽകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ഓണത്തിന് പണിമുടക്കുമെന്ന കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളുടെ സംയുക്ത പണിമുടക്ക് പ്രഖ്യാപനത്തെ തുടർന്ന് നടന്ന മന്ത്രിതല ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഈയാഴ്‌ചയോട് കൂടി തന്നെ ശമ്പളം ഒരുമിച്ച് നൽകും. ഓഗസ്‌റ്റ് 22നുള്ളിൽ ശമ്പളം നൽകും. അലവൻസിന്‍റെ കാര്യവും ചർച്ചയായി. കഴിഞ്ഞവർഷം അലവൻസ് ഇല്ലായിരുന്നുവെന്നും കെഎസ്ആർടിസി മാനേജ്മെന്‍റ് ഇക്കാര്യം ചർച്ച ചെയ്യുമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. മാനേജ്മെന്‍റിന് ഇക്കാര്യത്തിൽ തുറന്ന സമീപനമാണുള്ളത്. എന്നാൽ പ്രായോഗികമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ശമ്പളത്തിന്‍റെ കാര്യത്തിൽ സാധാരണ കൊടുക്കുന്നതിനേക്കാൾ പ്രത്യേകം സഹായം സർക്കാർ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വയം മെച്ചപ്പെടണം:ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഈയാഴ്‌ച തന്നെ ഒരു ഗഡു നൽകാനുള്ള പണം നേരത്തെ തന്നെ അനുവദിച്ചതാണ്. എന്നാൽ അത് ലഭിച്ചിട്ടില്ല എന്ന പരാതി യൂണിയനുകൾ ഉയർത്തിയിരുന്നു. എന്നാൽ ഒരുമിച്ച് ലഭിക്കണമെന്നായിരുന്നു യൂണിയനുകൾ അഭിപ്രായപ്പെട്ടത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ അവർക്ക് ശമ്പളം ലഭിക്കാനുള്ള സമയമായിട്ടുണ്ടെന്നും അടുത്താഴ്‌ചയോടെ മുഴുവൻ ശമ്പളവും കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു. സഹായം എന്തായാലും നൽകും. അടുത്ത തവണ സ്വയം മെച്ചപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. സ്വാഭാവികമായും മാനേജ്മെന്‍റ് സ്വയം മെച്ചപ്പെടേണ്ടതാണ്. ഇതിന് തൊഴിലാളികളും മാനേജ്‌മെന്‍റും തമ്മിലുള്ള ബന്ധവും മെച്ചപ്പെടേണ്ടതാണെന്നും ധനമന്ത്രി പറഞ്ഞു.

ഓണത്തെ ഓര്‍ത്ത്:ഓണത്തിന്‍റെ പ്രാധാന്യം ഉൾക്കൊണ്ട് ശമ്പളം ഉടനെ നൽകുമെന്നാണ് ഇപ്പോൾ തീരുമാനമായതെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു പ്രതികരിച്ചു. ഉത്സവബത്ത കഴിഞ്ഞ തവണ ഇല്ലായിരുന്നു. ഇത്തവണ പക്ഷേ പൂർണമായി ഒഴിവാക്കുന്നില്ല. എത്രയാകും ഉത്സവബത്ത എന്ന് ഉറപ്പിച്ചിട്ടില്ലെന്നും എന്നാൽ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ചെറിയൊരു ഉത്സവബത്ത നൽകണമെന്ന് മാനേജ്മെന്‍റ് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എത്രയാണെന്ന് മാനേജ്മെന്‍റ് തീരുമാനിച്ചതിനുശേഷം അറിയിക്കാമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. ഡീസൽ പ്രതിസന്ധി ഉണ്ടെങ്കിലും ഓണമായതുകൊണ്ട് വണ്ടികൾ ഓടാതിരിക്കാൻ കഴിയില്ല. വണ്ടികൾ ഓടണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തീരുമാനമാണ് ആവശ്യം: ശമ്പളം ഓണത്തിന് മുമ്പ് നൽകുമെന്നും അടുത്തമാസം മുതൽ നേരത്തെ സർക്കാർ സഹായം ഉറപ്പാക്കുമെന്നും ധനമന്ത്രി ഉറപ്പുനൽകിയതായി പിഡിഎഫ് നേതാവും എംഎൽഎയുമായ എം.വിൻസെന്‍റ് പറഞ്ഞു. അതോടൊപ്പം ഈ ഓണത്തിന് അലവൻസും അഡ്വാൻസും നൽകുമെന്നും യോഗത്തിൽ അറിയിച്ചു. എന്നാൽ ഇക്കാര്യങ്ങളിലെല്ലാം തീരുമാനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 22 നകത്ത് ശമ്പളം നൽകുകയും അലവൻസിന്‍റെയും അഡ്വാൻസിന്‍റെയും കാര്യത്തിലും വരുന്ന മാസങ്ങളിലെ ശമ്പളത്തിന്‍റെ കാര്യത്തിലും വ്യക്തത വരുകയും ചെയ്‌താൽ മാത്രമേ പണിമുടക്ക് പിൻവലിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യങ്ങൾ വിലയിരുത്തി മാത്രമേ ഇതിൽ നടപടി സ്വീകരിക്കാൻ കഴിയുകയുളളു. ധനമന്ത്രി നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടാൽ മാത്രമേ പണിമുടക്ക് സ്വാഭാവികമായും പിൻവലിക്കാൻ സാധിക്കുകയുള്ളുവെന്നും എന്നാൽ ചർച്ച പോസിറ്റീവായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ചയായില്ല. ധനവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും ചർച്ചയായത്. മാനേജ്മെന്‍റുമായി ബന്ധപ്പെട്ട ഞങ്ങൾ നൽകിയ നോട്ടിസിൽ ചർച്ചകൾ നടത്താമെന്നും മന്ത്രിമാർ ഉറപ്പുനൽകിയിരുന്നുവെന്നും എം.വിൻസെന്‍റ് പറഞ്ഞു.

പ്രതീക്ഷയര്‍പ്പിച്ച് യൂണിയനുകള്‍:ഓണം അലവൻസിനെ കുറിച്ച് വ്യക്തമായ അഭിപ്രായം സർക്കാരിന്‍റെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്ന് എംപ്ലോയീസ് സംഘ് പ്രതിനിധി അജയകുമാർ പറഞ്ഞു. അത് മാനേജ്മെന്‍റ് ചെയ്യണമെന്നാണ് പറഞ്ഞിട്ടുള്ളത്. അലവൻസ് നൽകുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. എന്നാൽ അതിൽ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. സേവന വേദന കരാർ അനുസരിച്ചുള്ള അലവൻസുകൾ കഴിഞ്ഞ ഒരു വർഷമായി നൽകിയിട്ടില്ല. പ്രൊവിഡന്‍റ്‌ ഫണ്ട്, എംഡിആർ കുടിശ്ശിക എന്നിങ്ങനെ ജീവനക്കാരന് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങൾ എന്നിവ വിശദമായി ചർച്ച ചെയ്യാമെന്ന് ധനകാര്യ വകുപ്പ് മന്ത്രി അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

ചർച്ചയെ പോസിറ്റീവായാണ് കാണുന്നത്. രാഷ്ട്രീയ അജണ്ടയുടെ പേരിലല്ല ചർച്ചയ്ക്ക് വന്നത്. യൂണിയനെ പ്രതിനിധീകരിച്ച് വന്നവരെല്ലാം കെഎസ്ആർടിസിയുടെ ജീവനക്കാരാണ്. അന്തസ്സോടുകൂടി ജോലി ചെയ്‌ത് അഭിമാനത്തോടെ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഗഡുക്കളായി ശമ്പളം നൽകുന്നത് ഒഴിവാക്കിക്കൊണ്ട് കെഎസ്ആർടിസി ജീവനക്കാരനെ പൊതുസമൂഹത്തിൽ അവഹേളിക്കുന്ന നടപടി മാറണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും തുടർച്ചയുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും എംപ്ലോയീസ് സംഘ് പ്രതിനിധി കൂട്ടിച്ചേര്‍ത്തു.

ചർച്ച നിരാശാജനകമല്ലെന്ന് സിഐടിയു നേതാവ് എസ്. വിനോദും പ്രതികരിച്ചു. കഴിഞ്ഞ പ്രാവശ്യത്തെക്കാൾ മെച്ചപ്പെട്ട ഓണമായിരിക്കും കെഎസ്ആർടിസി തൊഴിലാളികൾക്ക് എന്ന കാര്യത്തിൽ തർക്കമില്ല. ശമ്പളം ഗഡുക്കളായി നൽകുന്നത് ഒഴിവാക്കി ഒറ്റപ്രാവശ്യമായി നൽകാമെന്ന് ധനകാര്യമന്ത്രി ഉറപ്പുനൽകി. മുടങ്ങിക്കിടക്കുന്ന മറ്റാനുകൂല്യങ്ങൾ തുടർച്ചകളിൽ തീരുമാനിച്ച് വിതരണം ചെയ്യാമെന്നും ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

820 കോടി രൂപ വരുമാനമുണ്ടായിട്ടും തൊഴിലാളികൾക്ക് ഒന്നും കൊടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ മാനേജ്മെന്‍റാണ് കെഎസ്ആർടിസിക്കുള്ളത്. അത് മാറ്റിയെടുക്കുന്നതിനായി ട്രേഡ് യൂണിയനുകളും മാനേജ്മെന്‍റുകളും നിലപാടെടുക്കണം എന്ന ചർച്ചയും ഉയർന്നു. സംയുക്ത സമര സമിതിയായിട്ടാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. അതുകൊണ്ടുതന്നെ മറ്റ് യൂണിയനുകളുമായി ആലോചിച്ച ശേഷം മാത്രമേ അത് പിൻവലിക്കുന്ന കാര്യം തീരുമാനിക്കൂവെന്നും അലവൻസും അഡ്വാൻസും നൽകുന്ന കാര്യത്തെ കുറിച്ച് പഠിക്കാനും മാനേജ്മെന്‍റിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നും എസ്.വിനോദ് പറഞ്ഞു.

ചര്‍ച്ചയില്‍ ആരെല്ലാം: ധനമന്ത്രി കെ.എൻ ബാലഗോപാൽ, ഗതാഗത മന്ത്രി ആന്‍റണി രാജു, തൊഴിൽ മന്ത്രി വി.ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ കെഎസ്ആർടിസി മാനേജ്മെന്‍റ് പ്രതിനിധികൾ, അംഗീകൃത യൂണിയനുകളായ ടിഡിഎഫ്, കെഎസ്ആർടിസി എംപ്ലോയീസ് സംഘ്, സിഐടിയു പ്രതിനിധികളുമായാണ് ചർച്ച നടന്നത്.

ABOUT THE AUTHOR

...view details