തിരുവനന്തപുരം: തൊഴിലാളി സംഘടനകളുടെ എതിർപ്പ് വകവയ്ക്കാതെ കെഎസ്ആർടിസി ജീവനക്കാർക്ക് മെയ് മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു വിതരണം ചെയ്‌തു. സർക്കാർ നൽകുന്ന ധനസഹായം ലഭ്യമാകുന്ന മുറയ്ക്കാകും രണ്ടാം ഗഡു വിതരണം ചെയ്‌ത് മെയ് മാസത്തെ ശമ്പള വിതരണം പൂർത്തിയാക്കുക. ജൂൺ അഞ്ചാം തിയതി വൈകിട്ടാണ് ശമ്പളം വിതരണം ചെയ്‌തത്.
അതേസമയം മെയ് 8ന് ബിഎംഎസിന്‍റെ നേതൃത്വത്തിൽ നടത്തിയ പണിമുടക്കിന്‍റെ പശ്ചാത്തലത്തിൽ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മാനേജ്മെന്‍റ് നൽകിയില്ല. നേരത്തെ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാരുടെ മൂന്ന് ദിവസത്തെ ശമ്പളം നൽകില്ലെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ മാനേജ്മെന്‍റ് തീരുമാനത്തിനെതിരെ സംഘടന പ്രതിനിധികൾ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം ഒഴിവാക്കി ഒരു ദിവസത്തെ മാത്രം ശമ്പളം നല്‍കാതിരുന്നത്.
എന്നാൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള മാനേജ്മെന്‍റിന്‍റെ ഏകപക്ഷീയമായ തീരുമാനത്തെ ഭരണ-പ്രതിപക്ഷ തൊഴിലാളി സംഘടനകൾ ശക്തിയുക്തം എതിർക്കുമ്പോഴും തീരുമാനവുമായി മുന്നോട്ടു പോകുകയാണ് കെഎസ്ആർടിസി. വിഷയത്തിൽ സിഐടിയുവിന്‍റെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. എന്നാൽ പരിഹാരം ഉണ്ടാക്കാമെന്നല്ലാതെ മറ്റ് ഉറപ്പുകൾ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
കഴിഞ്ഞ ഏതാനും മാസങ്ങളായി കെഎസ്ആർടിസി ജീവനക്കാർക്ക് ഗഡുക്കളായാണ് ശമ്പളം വിതരണം ചെയ്യുന്നത്. എന്നാൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള മാനേജ്മെന്‍റ് തീരുമാനത്തിൽ ജീവനക്കാർ ആരും തന്നെ പരാതി നൽകിയിട്ടില്ലെന്നായിരുന്നു ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രതികരണം. ഈ സാഹചര്യത്തിൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിൽ നിന്നും മാനേജ്മെന്‍റ് ഒരു കാരണവശാലും പിന്നോട്ട് പോകില്ലെന്നാണ് വ്യക്തമാകുന്നത്.