തിരുവനന്തപുരം : വിഷുവായിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളത്തിന്‍റെ രണ്ടാം ഗഡു നൽകിയില്ല. സർക്കാർ സഹായം ലഭിക്കാത്തതിനാലാണ് രണ്ടാം ഗഡു വിതരണം വൈകുന്നതെന്നാണ് മാനേജ്മെന്‍റിന്‍റെ വാദം. സർക്കാർ സഹായമായ 50 കോടി അനുവദിക്കണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ധനവകുപ്പ് പണം നല്‍കിയിട്ടില്ല.
നിലവിലെ മാനേജ്മെന്‍റ് തീരുമാനം അനുസരിച്ച് രണ്ട് ഗഡുക്കളായാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. ആദ്യ ഗഡു അഞ്ചാം തീയതിയും രണ്ടാം ഗഡു സർക്കാർ സഹായം ലഭിക്കുന്ന മുറയ്ക്കുമാണ് നൽകുന്നത്. മാർച്ച് മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡുവായ 50 ശതമാനം ഏപ്രിൽ 5ന് തന്നെ നൽകിയിരുന്നു.
ജനുവരി, ഫെബ്രുവരി മാസങ്ങളിലെ സർക്കാർ സഹായമായ 40 കോടി രൂപ അനുവദിച്ചതിന് പിന്നാലെയാണ് ആദ്യ ഗഡു വിതരണം ചെയ്‌തത്. സർക്കാർ സഹായമായ 50 കോടി രൂപ കൂടി അനുവദിക്കുമ്പോഴാണ് രണ്ടാം ഗഡുവായ ബാക്കി 50 ശതമാനവും നൽകി ശമ്പള വിതരണം പൂർത്തിയാക്കുന്നത്. അതേസമയം, ശമ്പളം ഗഡുക്കളായി നൽകാനുള്ള മാനേജ്മെന്‍റ് തീരുമാനത്തിനെതിരെ തിങ്കളാഴ്‌ച മുതൽ ഭരണപക്ഷ-പ്രതിപക്ഷ സംഘടനകൾ സംയുക്ത സമരത്തിനൊരുങ്ങുകയാണ്.
മാർച്ച് മാസം 191 കോടി രൂപയാണ് കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം. 24 കോടി രൂപയാണ് ടിക്കറ്റേതര വരുമാനം. എന്നാൽ ഈ തുക ഡീസൽ- ഓയിൽ, കൺസോർഷ്യം, വായ്‌പ തിരിച്ചടവ്, ഇൻഷുറൻസ്, മെഡിക്കൽ, പെൻഷൻ, മറ്റ് അലവൻസുകൾ, സാലറി റീ പേയ്‌മെന്‍റ്, ആക്‌സിഡന്‍റ് ക്ലെയിം എംഎസിറ്റി, വൈദ്യുതി, വെള്ളം മറ്റ് ചെലവുകൾ എന്നിവയ്ക്കായി നൽകേണ്ടി വരുന്നതിനാലാണ് കളക്ഷൻ വരുമാനം ഉപയോഗിച്ച് ശമ്പളം നൽകാൻ കഴിയാത്തതെന്നാണ് മാനേജ്മെന്‍റ് വാദം.