തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരം. സിഐടിയുവും ഐഎന്‍ടിയുസിയും ഒന്നിച്ച് ചീഫ് ഓഫിസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുകയാണ്. ശമ്പളം ഗഡുക്കളായി നല്‍കാനുള്ള മാനേജ്‌മെന്‍റ് തീരുമാനത്തിനെതിരായാണ് പ്രതിഷേധം.
മാര്‍ച്ച് മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു മാത്രമാണ് ഇതുവരെ ജീവനക്കാര്‍ക്ക് ലഭിച്ചത്. വിഷുവിന് മുമ്പായി രണ്ടാം ഗഡു ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സംയുക്ത പ്രതിഷേധം പ്രഖ്യാപിച്ചത്. ബിജെപി അനുകൂല ബിഎംഎസിന്‍റെ നേതൃത്വത്തിൽ തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയ്ക്ക് മുൻവശത്ത് 12 മണിക്കൂര്‍ പട്ടിണി സമരവും നടത്തുന്നുണ്ട്.
ശമ്പളം ഗഡുക്കളായി നല്‍കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ മുഴുവന്‍ സംഘടനകളെയും ഒരുമിച്ച് അണിനിരത്തി പ്രതിഷേധിക്കാനാണ് യൂണിയനുകളുടെ തീരുമാനം. തൊഴിലാളി വിരുദ്ധമായ നിലപാടാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്‍റ് സ്വീകരിക്കുന്നതെന്ന് സിഐടിയു ആരോപിച്ചു. ശമ്പളവും പെന്‍ഷനും നല്‍കാതെ തൊഴിലാളികളെ ദ്രോഹിക്കുകയാണ്. അതില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. അതിന് പൊതുസമൂഹം പിന്തുണ നല്‍കണമെന്നും കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്. വിനോദ് ആവശ്യപ്പെട്ടു.
ഗഡുക്കളായി ശമ്പളം നല്‍കുന്നുണ്ടെന്ന ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ പ്രസ്‌താവന തൊഴിലാളി വിരുദ്ധമാണ്. ഗഡുക്കളായി ശമ്പളം നല്‍കുന്നത് മന്ത്രി യോഗ്യതയായി കാണുന്നുവെങ്കില്‍ അത് ഇടതു നയമല്ല. തൊഴിലാളികളുടെ ശമ്പളം വച്ച് സര്‍ക്കാറില്‍ വിലപേശല്‍ നടത്തുകയാണ് മന്ത്രി. ഇത് ഇടതുപക്ഷ സര്‍ക്കാറിലെ മന്ത്രിക്ക് യോജിച്ചതല്ല. അധ്വാനിക്കുന്ന തൊഴിലാളിക്ക് കൂലി നിഷേധിക്കുന്നത് ജനാധപത്യവിരുദ്ധമാണെന്നും വിനോദ് പറഞ്ഞു.