തിരുവനന്തപുരം : ശമ്പളവും പെൻഷനും കൃത്യസമയത്ത് കൊടുക്കാനാകാത്ത തരത്തിലുള്ള ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിയിൽ പ്രത്യാശയുടെ പിടിവള്ളിയെന്നോണമാണ് കെ ബി ഗണേഷ് കുമാറിന്‍റെ മന്ത്രി സ്ഥാനത്തെ ജീവനക്കാർ കണക്കാക്കുന്നത്. കെ ബി ഗണേഷ് കുമാർ ഗതാഗത മന്ത്രിയായി ചുമതലയേൽക്കുന്നതോടെ കെഎസ്ആർടിസി ഇന്ന് കാണുന്ന നിലയിൽ നിന്നും മെച്ചപ്പെടുമെന്ന പ്രത്യാശയിലാണ് ജീവനക്കാർ ഒന്നടങ്കം.
ഗണേഷ് കുമാറിന് അനുഭവ പാരമ്പര്യവും ഭരണരംഗത്ത് പരിചയവുമുണ്ട്. അതുപയോഗിച്ച് ഈ സ്ഥാപനത്തെ കാര്യക്ഷമതയോടെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് ജീവനക്കാർ പറയുന്നത്. 2001ൽ എ കെ ആൻ്റണി മന്ത്രിസഭയിൽ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന കെ ബി ഗണേഷ് കുമാർ, 2003ൽ പിതാവ് ആർ ബാലകൃഷ്‌ണപിള്ളയ്ക്ക് മന്ത്രിയാകാൻ വേണ്ടിയാണ് രാജിവച്ചത്.
രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരായി കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ നിയുക്ത ഗതാഗത മന്ത്രിക്ക് മുൻപാകെ ചില ആവശ്യങ്ങളും നിർദ്ദേശങ്ങളും മുന്നോട്ടുവയ്ക്കുകയാണ് ജീവനക്കാർ.
ജീവനക്കാരുടെ ആവശ്യങ്ങളും നിർദേശങ്ങളും
- കെഎസ്ആർടിസിയെ മെച്ചപ്പെട്ട നിലയിൽ മുന്നോട്ടുനയിക്കാൻ കഴിയണം.
- സർക്കാരിൻ്റെ സാമ്പത്തിക സഹായത്തോടുകൂടിയാണ് കെഎസ്ആർടിസി മുന്നോട്ടുപോകുന്നത്. അതിന് നേതൃത്വപരമായ പങ്ക് വഹിക്കണം.
- ജീവനക്കാർക്ക് കൃത്യമായി എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകാൻ കഴിയണം.
- പെൻഷൻ മുടങ്ങാതെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
- 200 - 210 കോടി രൂപ വരുമാനമുള്ള സ്ഥാപനത്തിന് 80 കോടി രൂപ ശമ്പളം കൊടുക്കാൻ ഇല്ല എന്ന വാദം ശരിയല്ല. കണക്കുകൾ പരിശോധിച്ച് തൊഴിലാളികളെ സഹായിക്കാനും സ്ഥാപനത്തെ മുന്നോട്ട് നയിക്കാനും യാത്രാക്ലേശങ്ങൾ പരിഹരിക്കാനും പുതിയ മന്ത്രി കൃത്യമായി ഇടപെടണം.
- ഗഡുക്കളായി ശമ്പളമെന്ന രീതി ജീവനക്കാര്‍ക്ക് ഇനിയും മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ല.
- കടുത്ത സാമ്പത്തിക പിരിമുറുക്കത്തിലാണ് തൊഴിലാളികളെല്ലാം. അതുകൊണ്ട് അടിയന്തരമായി ഒറ്റ ഗഡുവായി അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകാനുള്ള സംവിധാനം ഉണ്ടാക്കണം.
ഇന്ന് വൈകിട്ട് നാല് മണിക്ക് രാജ്ഭവൻ വളപ്പിൽ നടക്കുന്ന ചടങ്ങിലാണ് കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക. അതേസമയം, ചെലവ് ചുരുക്കലിന്‍റെ ഭാഗമായി തനിക്ക് ഔദ്യോഗിക വസതി വേണ്ടെന്നും പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാൻ തയ്യാറാണെന്നും ഗണേഷ് കുമാർ അറിയിച്ചിരുന്നു.
Also read:കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ഇന്ന്
ഗതാഗത വകുപ്പ് മോശം സ്ഥിതിയിലാണെന്നും വകുപ്പ് ലഭിക്കുകയാണെങ്കിൽ ചില ആശയങ്ങൾ മനസിലുണ്ടെന്നും ഗണേഷ് കുമാർ നേരത്തെ പറഞ്ഞിരുന്നു. ഗതാഗത വകുപ്പാണെങ്കിൽ ഒരുപാട് ജോലിയുണ്ട്. ഇന്നത്തെ സ്ഥിതിയിൽ നിന്നും വകുപ്പിനെ മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.