KSRTC Double Decker Electric Bus തിരുവനന്തപുരം:തലസ്ഥാനത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് തുറന്ന ഇരുനില ബസില്‍ നഗരം ചുറ്റിക്കാണാന്‍ കെഎസ്ആർടിസിയുടെ പുത്തൻ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസ് റെഡി. അത്യാധുനിക സംവിധാനങ്ങളോടുകൂടി പുതിയ ഡിസൈനിലാണ് ഇലക്ട്രിക് ബസിന്റെ വരവ്. ഇരുനിലകളിലും മുന്നിലും പിന്നിലും രണ്ട് ക്യാമറകൾ ഉൾപ്പെടെ ആകെ അഞ്ച് ക്യാമറകൾ, ഓരോ സീറ്റിലും മൊബൈൽ ചാർജിങ് പോർട്ടുകൾ, പാനിക് ബട്ടൺ, സ്റ്റോപ്പ് ബട്ടൺ, മ്യൂസിക് സിസ്റ്റം, ടി വി, എൽഇഡി ഡിസ്പ്ലേ, എല്ലാ സീറ്റുകളിലും സീറ്റ് ബെൽറ്റ് എന്നിങ്ങനെ പ്രത്യേകതകൾ ഏറെയാണ് പുത്തൻ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസിന്.
രണ്ടാം നിലയിൽ കയറാൻ ബസിന് മുന്നിലും പിന്നിലും സ്റ്റെപ്പുകളുണ്ട്. ഇരുനിലകളിലുമായി ആകെ 65 സീറ്റുകളാണ് ബസിലുള്ളത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൻ്റണി ഗ്രൂപ്പ് എന്ന കമ്പനിയാണ് വാഹനത്തിൻ്റെ ബോഡി നിർമ്മിച്ചത്.
വാഹനത്തിൻ്റെ ചേസ് സ്വിച്ച് മൊബിലിറ്റി എന്ന കമ്പിനിയാണ് നിർമ്മിച്ചിരിക്കുന്നത്. നവകേരള ബസിന് സമാനമായ നിറവും ഡിസൈനുമാണ് പുതിയ ഇലക്ട്രിക് ബസിനും. ശ്രീപത്മനാഭസ്വാമി ക്ഷേത്രം, മ്യൂസിയം, ശംഖുമുഖം, കോവളം ബീച്ച് തുടങ്ങിയ ചിത്രങ്ങളും ബസിന് ഇരുവശത്തുമായി ആലേഖനം ചെയ്തിട്ടുണ്ട്.
നീളം 9 മീറ്റർ. 231 കിലോവാട്ട് അവർ ആണ് ബാറ്ററി കപ്പാസിറ്റി. ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായി ചാര്‍ജ് ചെയ്‌ത് കഴിഞ്ഞാല്‍ 180 മുതൽ 240 കിലോമീറ്റർ വരെ ബസിന് സഞ്ചരിക്കാനാകും.
വളരെ വേഗം ചാർജ് ചെയ്യുന്നതിനായി രണ്ടു പോർട്ടുകളാണ് ബാറ്ററിയിൽ സജ്ജീകരിച്ചിരിക്കുന്നത്. 75 കിലോമീറ്റർ ആണ് പരമാവധി വേഗം. ഇത് 60 കിലോമീറ്റർ ആയി നിജപ്പെടുത്തിയിട്ടുണ്ട്.
രണ്ട് കോടി രൂപയാണ് ഒരു ബസിന്‍റെ വില. സ്‌മാർട്ട് സിറ്റിയുടെ ഇ മൊബിലിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബസുകൾ വാങ്ങിയത്. രണ്ടു ബസുകളാണ് നിലവില്‍ കെഎസ്ആർടിസി വാങ്ങിയിരിക്കുന്നത്.
ഇതിൽ ആദ്യത്തെ ബസാണ് ഇപ്പോൾ തിരുവനന്തപുരത്ത് എത്തിച്ചിരിക്കുന്നത്. രണ്ടാമത്തെ ബസ് ബുധനാഴ്‌ചയോടെ (ജനുവരി 10) തിരുവനന്തപുരത്ത് എത്തിക്കും. വ്യത്യസ്‌തമായ നിറവും ഡിസൈനിങ്ങുമാകും രണ്ടാമത്തെ ബസിനെന്നാണ് അധികൃതർ നൽകുന്ന വിവരം.
കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് പുതിയ ബസുകൾ തലസ്ഥാനത്ത് എത്തിച്ചത്. നിലവിൽ സർവീസ് നടത്തുന്ന ഡീസൽ ഓപ്പൺ ഡബിൾ ഡെക്കർ ബസിന് പകരമാണ് ഇലക്ട്രിക് ബസ് എത്തിച്ചിരിക്കുന്നത്. ജനുവരി അവസാനവാരം മുതൽ സർവീസ് ആരംഭിക്കുമെന്നാണ് ബജറ്റ് ടൂറിസം സെൽ അധികൃതർ അറിയിച്ചിരിക്കുന്നത്.
ഡേ സിറ്റി റൈഡ്:രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച് നാല് മണിക്ക് അവസാനിക്കുന്നതാണ് ഓപ്പണ്‍ ഡബിള്‍ ഡെക്കര്‍ ബസിന്‍റെ ഡേ സിറ്റി റൈഡ് സര്‍വീസ്. കിഴക്കേകോട്ടയില്‍ നിന്നാണ് ബസ് യാത്ര തുടങ്ങുന്നത്. മ്യൂസിയം, മൃഗശാല, നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം, അക്വേറിയം, ആര്‍ട്ട് മ്യൂസിയം, കേരള കള്‍ച്ചറല്‍ മ്യൂസിയം, ക്യാപ്റ്റന്‍ ലക്ഷ്മി ചില്‍ഡ്രന്‍സ് പാര്‍ക്ക്, ശ്രീനാരായണ ഗുരു പാര്‍ക്ക്, കനകക്കുന്ന് പാലസ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. വെള്ളയമ്പലത്താണ് ഉച്ചഭക്ഷണം. അതിന് ശേഷം പ്ലാനറ്റോറിയം, സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം, പത്മനാഭ സ്വാമി ക്ഷേത്രം എന്നീ ഇടങ്ങളും സന്ദര്‍ശിച്ച് കുതിരമാളിക മ്യൂസിയത്തിന് മുന്നില്‍ ഡേ സിറ്റി റൈഡ് അവസാനിക്കും.
നൈറ്റ് സിറ്റി റൈഡ്:വൈകുന്നേരം അഞ്ച് മണിക്കാണ്ഓപ്പണ്‍ ഡബിള്‍ ഡെക്കര്‍ ബസിന്‍റെ നൈറ്റ് സിറ്റി റൈഡ് ആരംഭിക്കുന്നത്. കിഴക്കേകോട്ടയില്‍ നിന്നാണ് ഈ യാത്രയും തുടങ്ങുന്നത്. മ്യൂസിയം, പാര്‍ക്ക്, വെള്ളയമ്പലം, സ്റ്റാച്ച്യൂ, എയര്‍പോര്‍ട്ട്, ശംഖുമുഖം ബീച്ച്, ശംഖുമുഖം ബൈപ്പാസ്, ലുലു മാള്‍ എന്നീ ഇടങ്ങളില്‍ കറങ്ങി രാത്രി പത്തിന് യാത്ര കിഴക്കേകോട്ടയില്‍ അവസാനിക്കും. 250 രൂപയാണ് രണ്ട് സര്‍വീസിനും ഒരാളില്‍ നിന്നും ഈടാക്കുന്നത്.
Also Read :റെക്കോഡ് വരുമാനത്തിലും ശമ്പളമില്ലാതെ കെഎസ്‌ആർടിസി ജീവനക്കാർ