കേരളം

kerala

ETV Bharat / state

തലസ്ഥാനത്ത് ഇനി ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ്; സർവീസ് ജനുവരി അവസാനം ആരംഭിക്കും - ഇലക്ട്രിക് ഡബിൾ ഡെക്കർ

KSRTC Electric Double Decker Bus: കെഎസ്ആർടിസി ഓർഡർ നൽകിയ ആദ്യ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസ് തിരുവനന്തപുരത്ത് ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തിച്ചു. ബസ് ജനുവരി അവസാന വാരത്തോടെ സർവീസ് ആരംഭിക്കും. കേന്ദ്ര സർക്കാരിന്‍റെ 'സ്‌മാർട്ട് സിറ്റി' പദ്ധതി പ്രകാരമാണ് ബസ് വാങ്ങിയത്.

Electric double decker  KSRTC  ഇലക്ട്രിക് ഡബിൾ ഡെക്കർ  കെഎസ്ആർടിസി
KSRTC announced that double decker electric bus service will start in Thiruvananthapuram

By ETV Bharat Kerala Team

Published : Jan 7, 2024, 3:31 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിനായി വാങ്ങിയ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസ് ജനുവരി അവസാന വാരത്തോടെ സർവീസ് (KSRTC electric double decker bus for budget tourism) ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. രണ്ട് ബസുകൾക്കാണ് കെഎസ്ആർടിസി ഓർഡർ നൽകിയത്. ഇതിൽ ഒരു ബസ് ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തിച്ചു.

കേന്ദ്ര സർക്കാരിന്‍റെ 'സ്‌മാർട്ട് സിറ്റി' (Smart City Mission) പദ്ധതി പ്രകാരമാണ് ബസ് വാങ്ങിയത്. നവകേരള സദസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന്‍റെ അതെ നിറത്തിലുള്ളതാണ് പുതിയതായി സർവീസ് ആരംഭിക്കാനിരിയ്‌ക്കുന്ന ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് (Electric double decker bus). ബസിന് മുകളിൽ 35 സീറ്റും താഴെ 30 സീറ്റുകളുമടക്കം ആകെ 65 സീറ്റുകൾ ഉണ്ട്.

മുംബൈയിലെ സ്വിച്ച് മൊബിലിറ്റിയിൽ നിന്നാണ് ബസ് വാങ്ങിയത്. മുംബൈയിൽ നിന്ന് റോഡ് മാർഗമാണ് ബസ് തിരുവനന്തപുരത്തെത്തിച്ചത്. 1.90 കോടി രൂപയാണ് ഒരു ബസിന്‍റെ വില. അഞ്ച് ക്യാമറകളും, ടിവിയും എൽഇഡി ഡിസ്പ്ലേ, മ്യൂസിക് സിസ്റ്റം, സ്റ്റോപ്പ് ബട്ടൺ എന്നീ സംവിധാനങ്ങൾ പുതിയ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസിലുണ്ട്.

9.8 മീറ്റർ നീളമുള്ള ബസിന്‍റെ പരമാവധി വേഗത മണിക്കൂറിൽ 75 കിലോമീറ്റർ ആണ്. ബസ് പൂർണമായും ചാർജ് ചെയ്യാൻ ഒരു മണിക്കൂർ സമയമെടുക്കും. 180-240 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. നിലവിൽ ഡീസൽ ഓപ്പൺ ഡബിൾ ഡെക്കർ ബസാണ് സർവീസ് നടത്തുന്നത്. ഇതേ സർവീസിന് സമാനമായാണ് പുതിയ ഇലക്ട്രിക് ബസും സർവീസ് നടത്തുക.

നിലവിൽ ഓപ്പൺ ഡബിൾ ഡെക്കർ സർവീസ് നടത്തുന്ന റൂട്ടുകൾ: രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെ നീണ്ടുനില്‍ക്കുന്നതാണ് 'ഡേ സിറ്റി റൈഡ്'. വൈകിട്ട് 5 മുതല്‍ രാത്രി 10 വരെ നീണ്ടു നില്‍ക്കുന്നതാണ് 'നൈറ്റ് സിറ്റി റൈഡ്'
ഡേ സിറ്റി റൈഡ് റൂട്ടുകൾ: രാവിലെ 9 മണിക്ക് കിഴക്കേകോട്ട, മ്യൂസിയം, മൃഗശാല സന്ദര്‍ശനം, നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം, അക്വേറിയം, ആര്‍ട്ട് മ്യൂസിയം, കേരള കള്‍ച്ചറല്‍ മ്യൂസിയം, ക്യാപ്റ്റന്‍ ലക്ഷ്‌മി ചില്‍ഡ്രന്‍സ് പാര്‍ക്ക്, ശ്രീനാരായണ ഗുരു പാര്‍ക്ക്, കനകക്കുന്ന് പാലസ്. ശേഷം വെള്ളയമ്പലത്ത് ഉച്ചഭക്ഷണം. തുടര്‍ന്ന് പ്ലാനറ്റോറിയം, സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം, പത്മനാഭ സ്വാമി ക്ഷേത്രം, കുതിര മാളിക മ്യൂസിയത്തിന് മുന്‍പില്‍ വൈകിട്ട് 4 മണിക്ക് ഡേ റൈഡ് അവസാനിക്കും.

നൈറ്റ് സിറ്റി റൈഡ് റൂട്ടുകൾ:വൈകിട്ട് 5ന് കിഴക്കേകോട്ട മ്യൂസിയം, പാര്‍ക്ക്, വെള്ളയമ്പലം-സ്റ്റാച്ച്യൂ -എയര്‍പോര്‍ട്ട്-ശംഖുമുഖം ബീച്ച്, ശംഖുമുഖം ബൈപ്പാസ്- ലുലു മാള്‍ ഷോപ്പിംഗ്, കിഴക്കേകോട്ടയില്‍ 10ന് യാത്ര അവസാനിക്കും.

രണ്ട് സര്‍വീസുകള്‍ക്കും 250 രൂപയാണ് ഒരാള്‍ക്ക് നിരക്ക്. അതേസമയം സ്വിഫ്റ്റിലേക്കായി 20 ഇലക്ട്രിക് ബസുകളും 10 സൂപ്പർഫാസ്റ്റ് ബസുകളും കൂടി ആനയറയിലെ ആസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. കൂടാതെ 111 സൂപ്പർഫാസ്റ്റ് ബസുകളും ഉടൻ എത്തിക്കുമെന്നാണ് വിവരം.

Also read: തലസ്ഥാനം കാണിക്കാന്‍ ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ; ജനുവരി മുതല്‍ കണ്ട് തുടങ്ങാം...

ABOUT THE AUTHOR

...view details