തിരുവനന്തപുരം : കെഎസ്ആർടിസിയിലെ ഡ്രൈവര്‍മാരുടെയും കണ്ടക്‌ടര്‍മാരുടെയും സ്ഥലംമാറ്റം നടപ്പാക്കുന്നത് താത്‌കാലികമായി നിര്‍ത്തിവച്ച് ഉത്തരവിറക്കി ഗതാഗത മന്ത്രി ആന്‍റണി രാജു. തല്‍സ്ഥിതി തുടരാന്‍ മന്ത്രി നിർദേശവും നൽകി. 3,286 ഡ്രൈവർമാരെയും 2,803 കണ്ടക്‌ടർമാരെയുമാണ് ജൂലൈ 15ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സ്ഥലംമാറ്റിയത്.
ഇതിൽ പകുതിയോളം പേർ ഉത്തരവ് പ്രകാരം പുതിയ സ്ഥലങ്ങളില്‍ ചുമതലയേറ്റിട്ടുമുണ്ട്. സ്ഥലംമാറ്റ ഉത്തരവിനെതിരെ തൊഴിലാളി യൂണിയനുകൾ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. യൂണിയനുകളുടെ സമ്മർദത്തെ തുടർന്നാണ് സ്ഥലംമാറ്റ ഉത്തരവ് താത്കാലികമായി റദ്ദാക്കിയതെന്ന് സൂചനയുണ്ട്.
സ്ഥലംമാറ്റ ഉത്തരവിൽ യൂണിയൻ നേതാക്കൾ അടക്കം ഉൾപ്പെട്ടിരുന്നു. സിഐടിയു, ടിഡിഎഫ്, ബിഎംഎസ് എന്നീ അംഗീകൃത തൊഴിലാളി സംഘടനകളിൽപ്പെട്ട 110 ജീവനക്കാർക്ക് വീതമാണ് ഗതാഗത മന്ത്രിയുടെ പുതിയ ഉത്തരവ് പ്രകാരം പൊതുസ്ഥലംമാറ്റത്തിൽ നിന്ന് സംരക്ഷണം ലഭിച്ചിരിക്കുന്നത്.
നേരത്തെ രണ്ട് ഘട്ടമായാണ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. ഇതിൽ വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ വീണ്ടും കരട് ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെതിരെ യൂണിയനുകൾ ഉയർത്തിയ ആക്ഷേപങ്ങൾ പരിശോധിക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറകളുടെ പ്രവർത്തനങ്ങള്‍ വിലയിരുത്താൻ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. രാവിലെ 11ന് സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫിസിലാണ് ചർച്ച. മാത്രമല്ല എഐ ക്യാമറകൾ സംസ്ഥാനത്ത് സ്ഥാപിച്ച അതേ മാതൃകയിൽ സ്ഥാപിക്കാനൊരുങ്ങുകയാണ് തമിഴ്‌നാട്.
Also Read:AI Camera| എഐ കാമറകളുടെ പ്രവർത്തനം പഠിക്കാനെത്തി തമിഴ്‌നാട് സംഘം; കെൽട്രോണിന് തമിഴ്‌നാട്ടിലേക്ക് ക്ഷണം
ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ മന്ത്രി ആന്‍റണി രാജുവുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. കെൽട്രോൺ സംഘത്തെ ഉദ്യോഗസ്ഥർ തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എഐ ക്യാമറ പദ്ധതി മറ്റ് സംസ്ഥാനങ്ങളും ഏറ്റെടുക്കുന്നത് പ്രതിപക്ഷം ഉയർത്തിയ അഴിമതി ആരോപണങ്ങൾക്കുള്ള മറുപടിയാണെന്നും മന്ത്രി ആന്‍റണി രാജു നേരത്തെ പ്രതികരിച്ചിരുന്നു.
എന്നാല്‍ എഐ ക്യാമറ പദ്ധതിയിൽ ഗതാഗത വകുപ്പും കെൽട്രോണും തമ്മിൽ ഉണ്ടാക്കേണ്ട ഉപകരാറില്‍ തീരുമാനമായില്ല. പിഴ ഈടാക്കുന്നതിൽ തടസമുണ്ടായാൽ കെൽട്രോൺ സർക്കാരിന് നൽകേണ്ട പണത്തിന്‍റെ കാര്യത്തിലും വാർഷിക അറ്റകുറ്റപ്പണികളെ സംബന്ധിച്ചുള്ള തർക്കങ്ങളെയും തുടർന്നാണ് ഉപകരാറിൽ തീരുമാനം വൈകുന്നത്. ഉപകരാർ ചർച്ചയ്ക്കായി കെൽട്രോൺ തയ്യാറാക്കി നൽകിയ കരടിൽ ഗതാഗത വകുപ്പിന് അതൃപ്‌തിയുണ്ട്.
അഞ്ചുവർഷമാണ് കെൽട്രോണുമായുള്ള കരാർ ഒപ്പിട്ടിരിക്കുന്നത്. കരാർ പ്രകാരമുള്ള പണം നൽകിയ ശേഷം അടുത്ത അഞ്ച് വർഷത്തേക്കുള്ള ക്യാമറകളുടെ പരിപാലനം കൂടി കെൽട്രോൺ ഏറ്റെടുക്കണമെന്നാണ് നിർദേശം. ഗതാഗത വകുപ്പ് മുന്നോട്ടുവച്ച പരിപാലന തുകയിൽ കെൽട്രോണിന് കടുത്ത അതൃപ്‌തിയാണുള്ളത്.
Also Read:Ksrtc Swift hybrid sleeper buses| മുഖം മിനുക്കി കെഎസ്‌ആർടിസി; നിരവധി പ്രത്യേകതകളുമായി ഹൈബ്രിഡ് എസി സീറ്റർ കം സ്ലീപ്പർ ബസ് എത്തുന്നു
അതേസമയം കെഎസ്ആർടിസി സ്വിഫ്റ്റിന്‍റെ കീഴിൽ വാങ്ങിയ ഹൈബ്രിഡ് എസി സീറ്റർ കം സ്ലീപ്പർ ബസ് ഓഗസ്റ്റ് 17 (ചിങ്ങം 1) മുതൽ സർവീസ് ആരംഭിക്കും. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം - കാസർകോട് റൂട്ടിലാണ് സർവീസ് നടത്തുക. കാഫ് സപ്പോർട്ടുള്ള സെമി സ്ലീപ്പർ സീറ്റുകൾ, എല്ലാസീറ്റുകളിലും മൊബൈൽ ചാർജിങ് പോർട്ടുകൾ, പിൻവശത്ത് രണ്ട് എമർജൻസി എക്‌സിറ്റ് വാതിലുകൾ, എല്ലാ സീറ്റിന് മുകളിലും റീഡിങ് ലൈറ്റുകൾ, അടിയന്തര സാഹചര്യങ്ങൾ ഡ്രൈവറെ അറിയിക്കാൻ പാനിക് ബട്ടൺ, നാല് സിസിടിവി ക്യാമറകൾ, മ്യൂസിക് സിസ്റ്റം, 32 ഇഞ്ച് എൽഇഡി ടിവി ഇങ്ങനെ പുതിയ സവിശേഷതകളുമായാണ് പുത്തൻ ബസിന്‍റെ വരവ്.