തിരുവനന്തപുരം:കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്‌തു. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവർ ശൈലേഷ് കെ.വിയെയാണ് സസ്പെൻസ് ചെയ്‌തത്. കഴിഞ്ഞ ദിവസം ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷന് സമീപം ശൈലേഷ് അശ്രദ്ധമായി ബസ് ഓടിച്ച് ബൈക്കിലിടിക്കുകയായിരുന്നു.
അപകടത്തിൽ ബൈക്ക് യാത്രക്കാരൻ തലക്ഷണം മരിച്ചു. സംഭവത്തിൽ വിജലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡ്രൈവറെ സസ്പെൻഡ് ചെയ്‌തത്. ഇതോടൊപ്പം ഗതാഗത മന്ത്രി ആന്‍റണി രാജു ഗതാഗത സെക്രട്ടറിക്കും, ട്രാൻസ്പോർട്ട് കമ്മിഷണർക്കും നൽകിയ നിർദേശപ്രകാരം സംസ്ഥാനത്ത് സർവീസ് നടത്തുന്ന മുഴുവൻ ഹെവി വെഹിക്കിളുകളിലുമുള്ള പരിശോധന ആരംഭിച്ചു.
അമിത വേഗത, അലക്ഷ്യമായ ഓവർ ടേക്കിങ്, ട്രാഫിക് സിഗ്നലുകളുടെ ലംഘനം, മദ്യപിച്ച് വാഹനം ഓടിക്കൽ തുടങ്ങിയവയാണ് ആദ്യ ഘട്ടത്തിൽ പരിശോധിക്കുക. കെഎസ്ആർടിസി, കെഎസ്ആർടിസി-സ്വിഫ്റ്റ് ഉൾപ്പെടെയുള്ള മുഴുവൻ ഹെവി വെഹിക്കിളുകളും പരിശോധന നടത്താൻ ഗതാഗത സെക്രട്ടറി നിർദേശം നൽകി. പരിശോധനയിൽ നിയമലംഘനം നടത്തുന്നവർക്കതിരെ ആദ്യഘട്ടത്തിൽ ബോധവത്കരണം നൽകും.
കെഎസ്ആർടിസി, കെഎസ്ആർടിസി-സ്വിഫ്റ്റ് ഉൾപ്പെടെ ഏത് വാഹനം നിയമലംഘനം നടത്തിയാലും കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകി. ഏതെങ്കിലും സാഹചര്യത്തിൽ ആർടിഒ, കെഎസ്ആർടിസി, കെഎസ്ആർടിസി-സ്വിഫ്റ്റ് ബസുകളിലെ ഡ്രൈവർമാർക്ക് എതിരെ നടപടി സ്വീകരിക്കുകയും, ആ വിവരം റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്‌താൽ ഡ്രൈവർമാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിഎംഡി അറിയിച്ചു.
Also Read അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടറില്‍ കെഎസ്ആർടിസി ബസ് ഇടിച്ചു: വയോധികന് ദാരുണാന്ത്യം