തിരുവനന്തപുരം: ചരക്ക് നീക്കം സുഗമമാക്കുന്നതിന് കെഎസ്ആർടിസി ആരംഭിച്ച കൊറിയർ ആൻഡ് ലോജിസ്റ്റിക് സർവീസ് (KSRTC Courier and Logistics Service) പുതിയ തലത്തിലേക്ക്. നിലവിൽ ഡിപ്പോയിൽ നിന്നും ഡിപ്പോയിലേക്കാണ് കൊറിയർ സർവീസ് (KSRTC Courier Service). ഇത് വീടുകളിലേക്ക് നേരിട്ട് എത്തിച്ചു കൊടുക്കുന്നതിനായുള്ള ചർച്ചകൾ മാനേജ്മെൻ്റ് തലത്തിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
വൈകാതെ ഇത് സാധ്യമാകും. മാത്രമല്ല കൊറിയർ സർവീസിൽ ഇനി മുതൽ കാർഷിക ഉൽപ്പന്നങ്ങളും ഉൾപ്പെടുത്താനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. കർഷകർക്ക് കുറഞ്ഞ ചെലവിൽ ചരക്ക് നീക്കം സാധ്യമാക്കുകയാണ് ഇതിലൂടെ കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. നാല് മാസം മുൻപ് കെഎസ്ആർടിസി ആരംഭിച്ച കൊറിയർ സർവീസ് സംസ്ഥാനത്താകെ 48 ഡിപ്പോകളിൽ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ഇതിലൂടെ പ്രതിദിനം ഒരു ലക്ഷത്തോളം രൂപയാണ് വരുമാനമായി ലഭിക്കുന്നത്.
വയനാട്ടിൽ നിന്നും കാർഷിക വിളകൾ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ എത്തിക്കുന്നതിനായി കർഷക കൂട്ടായ്‌മകളുമായി കരാർ ഒപ്പിട്ടതായാണ് വിവരം. 5 രൂപയാണ് കിലോയ്ക്ക് യാത്രാകൂലി. ചരക്ക് നീക്കത്തിന് ആദ്യ ഘട്ടത്തിൽ ബസിലെ അവസാന സീറ്റുകളാകും നീക്കിവയ്ക്കുക. പിന്നീട് കെഎസ്ആർടിസി വാനുകളും ഇതിനായി ഉപയോഗിക്കും. 16 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെവിടെയും കൊറിയര്‍, പാഴ്‌സല്‍ കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസി കൊറിയർ സർവീസ് ആരംഭിച്ചത്.
അതേസമയം കെഎസ്ആർടിസി ജീവനക്കാരുടെ സെപ്റ്റംബർ മാസത്തെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു വൈകുന്നതിൽ പ്രതിഷേധിച്ച് ചീഫ് ഓഫീസിന് മുന്നിൽ പ്രതിപക്ഷ സംഘടനയായ ടിഡിഎഫ് പ്രതിഷേധിച്ചു. ചീഫ് ഓഫീസ് ഉപരോധിക്കുകയും ഉദ്യോഗസ്ഥരെ തടയാൻ ശ്രമിക്കുകയും ചെയ്‌ത പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളും ഉണ്ടായി.