തിരുവനന്തപുരം : കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്‌ടർ പദവി ഒഴിയാൻ സന്നദ്ധത അറിയിച്ച് ബിജു പ്രഭാകർ. ഗതാഗത മന്ത്രി ആന്‍റണി രാജുവിനെയും ചീഫ് സെക്രട്ടറിയേയും കണ്ട് ബിജു പ്രഭാകർ രാജി സന്നദ്ധത അറിയിച്ചതായാണ് ലഭ്യമാകുന്ന വിവരം. കെഎസ്ആർടിസിയിലെ ശമ്പള വിതരണ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ബിജു പ്രഭാകരന്‍റെ രാജി നീക്കമെന്നാണ് സൂചന.
ജീവനക്കാർക്ക് ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫിന്‍റെ നേതൃത്വത്തിൽ തിരുമലയിലുള്ള ബിജു പ്രഭാകറിന്‍റെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. നിലവിലെ ശമ്പള വിതരണ പ്രതിസന്ധിക്ക് കാരണം ധനവകുപ്പ് ആണെന്ന് ബിജു പ്രഭാകർ ഗതാഗത മന്ത്രിയെ അറിയിച്ചു എന്നാണ് വിവരം. അതേസമയം കെഎസ്ആർടിസിക്കും തനിക്കുമെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഒരുങ്ങുകയാണ് ബിജു പ്രഭാകർ.
ഇന്ന് വൈകിട്ട് ആറ് മണി മുതൽ അഞ്ച് ദിവസം ഫേസ്ബുക്ക് ലൈവിലൂടെ കെഎസ്ആർടിസിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ ബിജു പ്രഭാകർ മറുപടി നൽകും. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് ആദ്യ എപ്പിസോഡ് പുറത്തിറങ്ങുക.
'എന്ത് ചെയ്യണമെന്ന് അറിയില്ല' : കെഎസ്ആർടിസിയിലെ (KSRTC) ശമ്പള വിതരണത്തിന് ധനവകുപ്പ് 30 കോടി നൽകിയാലും പ്രശ്‌നം പരിഹരിക്കാൻ കഴിയില്ലെന്ന് ഇന്നലെ സിഎംഡി ബിജു പ്രഭാകർ അറിയിച്ചിരുന്നു. പകുതി ശമ്പളം കൊടുക്കാൻ 39 കോടി രൂപ വേണം. ബാക്കി തുകയ്ക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇക്കാര്യത്തിൽ ഒന്നും ഒളിക്കാനില്ലെന്നും ശമ്പളം മുടങ്ങുന്നത് ദുഃഖകരമായ അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.