തിരുവനന്തപുരം:കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ അവധിയിൽ പ്രവേശിച്ചു. ഇക്കാലയളവിൽ കെഎസ്ആർടിസി ജോയിൻ്റ് മാനേജിങ് ഡയറക്‌ടർ പ്രമോജ് ശങ്കറിന് സിഎംഡിയുടെ അധിക ചുമതല നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു (KSRTC CMD Biju Prabhakar). കെഎസ്ആർടിസിയുടെ നിലവിലെ സിഎംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ ചികിത്സയ്ക്കായാണ് 27 ദിവസത്തേക്ക് അവധിയിൽ പ്രവേശിച്ചത് (KSRTC CMD Biju Prabhakar On Leave).
ഗതാഗത സെക്രട്ടറിയുടെ താത്കാലിക ചുമതല കെആർ ജ്യോതിലാലിന് നൽകി. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 13 വരെയാണ് ബിജു പ്രഭാകർ അവധിയിൽ പ്രവേശിച്ചത്. കേന്ദ്ര സർവീസിൽ നിന്ന് ഡെപ്യൂട്ടേഷനിലുള്ള പ്രമോജ് ശങ്കർ അഡിഷണൽ ട്രാൻസ്പോർട്ട് കമിഷണർ എന്ന ചുമതലക്കൊപ്പമാണ് കെഎസ്ആർടിസിയുടെ ചുമതലയും നിർവഹിക്കുന്നത്.
നിലവിൽ കെഎസ്ആർടിസി, കെഎസ്ആർടിസി- സ്വിഫ്റ്റ് എന്നിവയുടെ പൂർണ ചുമതല പ്രമോജ് ശങ്കറിനായിരിക്കും. അതേസമയം രണ്ടര വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ ഇടതു മുന്നണിയിലെ ധാരണ പ്രകാരം ഗതാഗത വകുപ്പ് മന്ത്രി മാറും. ഈ സാഹചര്യത്തിൽ ബിജു പ്രഭാകർ കെഎസ്ആർടിസിയിലേക്ക് തിരിച്ചുവരുമോ എന്ന ചർച്ചകളും സജീവമാണ്.
കെഎസ്ആർടിസിയിൽ ശമ്പള വിതരണ പ്രതിസന്ധി തുടരുന്നതിനിടെ സിഎംഡി സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് ബിജു പ്രഭാകർ ചീഫ് സെക്രട്ടറി വി വേണുവിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറിയെ നേരിൽ കണ്ടാണ് ബിജു പ്രഭാകർ ഇക്കാര്യം ആവശ്യപ്പെട്ടത്. കെഎസ്ആർടിസി സിഎംഡി സ്ഥാനം തൻ്റെ അധിക ചുമതലയാണെന്നും ആ സ്ഥാനത്തേക്ക് പ്രത്യേകം ഒരാളെ നിയമിക്കണമെന്നും ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി ബിജു പ്രഭാകർ ഇടിവി ഭാരതിനോട് വ്യക്തമാക്കിയിരുന്നു.