തിരുവനന്തപുരം:കേരളത്തിന്‍റെ പൊതു ഗതാഗത മേഖലയിലെ ജനകീയ മുഖമാണ് കെഎസ്ആർടിസി. പക്ഷേ ഒരിക്കലും രക്ഷപെടാൻ അനുവദിക്കാത്ത തരത്തില്‍ കെഎസ്ആർടിസിയെ കടക്കെണി വരിഞ്ഞുമുറുക്കുമ്പോഴും ആനവണ്ടി ആശ്വാസ മാർഗ്ഗങ്ങൾ കണ്ടെത്തും. രക്ഷപെടാൻ പല മാർഗ്ഗങ്ങളും നോക്കിയ ആനവണ്ടി ഏറ്റവും ഒടുവില്‍ കണ്ടെത്തിയ രക്ഷ മാർഗങ്ങളാണ് ബഹുവർണ സിറ്റി സർക്കുലർ സർവീസും ഗുഡ് ഡേ കാർഡുകളും.
ഓടിയെത്താൻ സിറ്റി സർക്കുലർ
ജില്ല അടിസ്ഥാനത്തിൽ സർവീസ് എത്താത്ത മേഖലകൾ ഉൾക്കൊള്ളിച്ചാണ് പുതിയ നിറത്തിൽ രൂപമാറ്റം വരുത്തിയ ജൻറം ബസുകൾ സർവീസുകൾക്കായി ഒരുങ്ങുന്നത്. ഒരു സ്ഥലത്തു നിന്ന് ആരംഭിച്ച് അവിടെ തന്നെ തിരിച്ചെത്തുന്ന രീതിയിലാണ് സിറ്റി സർക്കുലറുകൾ. ചുവപ്പും വെള്ളയും കലർന്ന നിറത്തിലുള്ള ബസുകൾ ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ ഏഴ് റൂട്ടുകളിലാണ് സർവീസ് നടത്തുക.
രാവിലെ 7.30 മുതൽ 11.30 വരെയും വൈകിട്ട് 3.30 മുതൽ 7.30 വരെയും 10 മിനിട്ട് ഇടവേളകളിൽ സിറ്റി സർക്കുലർ സർവീസ് നടത്തും. ഇതിൽ ക്ലോക് വൈസ്, ആന്‍റി ക്ളോക് വൈസ് അടിസ്ഥാനത്തിൽ ആകെ 14 സർവീസുകൾ ഉണ്ടാകും. ബാക്കിയുള്ള സമയങ്ങളിൽ യാത്രക്കാരുടെ ആവശ്യം അനുസരിച്ചാകും സർവീസ്. റെഡ് സർക്കുലർ, ബ്ലൂ സർക്കുലർ, യെല്ലോ സർക്കുലർ എന്നിങ്ങനെയാണ് സർവീസുകളുടെ പേരുകൾ. 11 മുതൽ 17 കിലോമീറ്റർ വരെയാണ് ദൂരപരിധി.