കേരളം

kerala

ETV Bharat / state

കെഎസ്‌ആര്‍ടിസി കാഷ്വല്‍ ജീവനക്കാരുടെ വേതനം കൂട്ടി; ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ - സിഎൽആർ

സിഎൽആർ വിഭാ​ഗം തൊഴിലാളികളുടേയും ദിവസ വേതന ജീവനക്കാരുടേയും പ്രതിദിന വേതനം കുറഞ്ഞത് 550 രൂപയും പരമാവധി 850 രൂപയുമാക്കിയാണ് പരിഷ്‌കരിച്ചത്.

Etv Bharatksrtc  ksrtc casual staff salary  ksrtc salary  ksrtc latest news  കെഎസ്‌ആര്‍ടിസി  കെഎസ്‌ആര്‍ടിസി വേതനം  കെഎസ്‌ആര്‍ടിസി കാഷ്വല്‍ ജീവനക്കാരുടെ വേതനം  സിഎൽആർ  പ്രതിദിന വേതനം
ksrtc

By

Published : Feb 1, 2023, 10:05 AM IST

തിരുവനന്തപുരം:കെഎസ്‌ആര്‍ടിസി സിഎൽആർ വിഭാ​ഗം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്‌കരിച്ചു. കാഷ്വല്‍ തൊഴിലാളികൾ, ദിവസ വേതന കൂലിക്കാർ എന്നീ വിഭാ​ഗം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്‌കരിച്ചാണ് ഉത്തരവായത്. പുതുക്കിയ ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

സിഎൽആർ വിഭാ​ഗം തൊഴിലാളികളുടെയും ദിവസ വേതന ജീവനക്കാരുടെയും പ്രതിദിന വേതനം 430/480 രൂപ എന്നത് ഏകീകരിച്ച് കുറഞ്ഞത് 550 രൂപയും പരമാവധി 850 രൂപയുമാക്കിയാണ് പരിഷ്‌കരിച്ചത്. നിലവിൽ ഈ വിഭാ​ഗത്തിൽ ഉള്ള ജീവനക്കാരിൽ വർഷങ്ങളായി ജോലി ചെയ്യുന്നവർക്കും ‌പുതിയതായി ജോലിക്ക് കയറിവർക്കും ഒരേ നിരക്കിലാണ് ശമ്പളം നൽകിയിരുന്നത്.

ഇത് മാറ്റി സേവനത്തിന്‍റെ കാലാവധി പരി​ഗണിച്ചാണ് പുതിയ രീതിയിൽ ശമ്പളം പരിഷ്‌കരിക്കാന്‍ മാനേജ്മെന്‍റ് തീരുമാനിച്ചിരിക്കുന്നത്. സേവന വേതന വ്യവസ്ഥ പരിഷ്‌കരണം പ്രാബല്യത്തിൽ വരുന്നതോടെ പുതിയതായി സർവ്വീസിൽ കയറുന്നവർക്ക് 550 രൂപ മുതലും സേവന കാലാവധി പരി​ഗണിച്ച് സീനിയോറിറ്റി ഉള്ളവർക്ക് പരമാവധി 850 രൂപ വരെയും ദിവസ വേതനം നൽകും. ഇതിനായി അധിക സാമ്പത്തിക ബാധ്യത 34 ലക്ഷം രൂപ കൂടി വരും.

ഓരോ കലണ്ടർ വർഷവും തുടർച്ചയായി ആറ് മാസം സേവനം അനുഷ്‌ടിക്കുകയോ, അല്ലാത്ത പക്ഷം പ്രതിവർഷം 190 ഡ്യൂട്ടി ചെയ്‌തവർക്ക് പ്രസ്‌തുത വർഷം സജീവ കാലാവധിയായി കണക്കാക്കി പ്രതിവർഷം 20 രൂപ നിരക്കിൽ നിലവിലെ ശമ്പളത്തോടൊപ്പം വർധനവ് നൽകും. എന്നാൽ ബസ് കഴുകി വൃത്തിയാക്കുന്നതിന് പീസ് റേറ്റിൽ നിയോ​ഗിക്കപ്പെട്ട ജീവനക്കാർക്ക് ഈ ഉത്തരവ് ബാധകമല്ല. വേതന വര്‍ധനവിന് മുന്‍കാല പ്രാബല്യം ഉണ്ടാകില്ലെന്നും മാനേജ്മെന്‍റ് വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടൊപ്പം സി.എൽ.ആർ (സ്വീപ്പർ/ സ്‌കാവഞ്ചർ / കൂലി/ കമ്പ്യൂട്ടർ) എന്നീ തസ്‌തികകളെ സിഎൽആർ (ക്ലീനിങ് സ്റ്റാഫ്)/ സി.എൽ.ആർ (കമ്പ്യൂട്ടർ) എന്നും പുനർ നാമകരണം ചെയ്‌ത് ഉത്തരവിറക്കിയിട്ടുണ്ട്.

മുഴുവന്‍ ബസുകളും നിരത്തിലേക്ക്:കെഎസ്‌ആര്‍ടിസിയുടെ മുഴുവൻ ബസുകളും ഇന്ന് മുതൽ സർവീസിനിറക്കും. ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ആണ് ഇത് സംബന്ധിച്ച് സോണല്‍ മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. നിലവിൽ ചില യൂണിറ്റുകളിൽ ബസ് സർവീസ് നടത്താതെ നിർത്തിയിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

കൊവിഡിന് മുമ്പ് പ്രതിദിനം ശരാശരി 5,700 സര്‍വീസുകളാണുണ്ടായിരുന്നത്. എന്നാൽ നിലവില്‍ 4400 എണ്ണമേ ഉള്ളു. ജീവനക്കാരില്ലെങ്കില്‍ ബദല്‍ ജീവനക്കാരെ നിയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഡിജിറ്റല്‍ പേമെന്‍റ് സംവിധാനം:കെഎസ്‌ആര്‍ടിസി ബസുകളിൽ ടിക്കറ്റിന് ഫോൺപേ വഴി പണം നൽകാനുള്ള സംവിധാനം ഒരു മാസത്തിനകം നടപ്പിലാക്കിയേക്കും. കഴിഞ്ഞമാസം ഉദ്ഘാടനം ചെയ്യാനിരുന്ന പദ്ധതി സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ സ്വിഫ്റ്റിലും ഡീലക്‌സ് മുതൽ മുകളിലേക്ക് ശ്രേണിയിൽപ്പെട്ട ബസുകളിലുമാണ് ഫോൺപേ വഴി പണം നൽകാനുള്ള സൗകര്യം ഒരുക്കുന്നത്.

മുഴുവൻ സർവീസുകളിലേക്കും ഘട്ടംഘട്ടമായി പദ്ധതി വ്യാപിപ്പിക്കും. ഇതിലൂടെ പണമിടപാടുകൾ എളുപ്പമാക്കുന്നതിനൊപ്പം കലക്ഷൻ സുതാര്യമാക്കാനാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ തന്നെ നല്ലൊരു ശതമാനം ബസുകളിലും ഈ സംവിധാനം നടപ്പാക്കണമെന്നാണ് ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ നിർദേശം. യാത്രക്കാരും പദ്ധതിക്കായുള്ള കാത്തിരിപ്പിലാണ്.

ABOUT THE AUTHOR

...view details