തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ദീർഘദൂര ബസ് വിവരങ്ങൾ ഇനിമുതൽ ഗൂഗിൾ മാപ്പിലൂടെ അറിയാം. ഇതിനായി ഗൂഗിൾ ട്രാൻസിസ്‌റ്റ് സംവിധാനം ഉപയോഗപ്പെടുത്തിരിക്കുകയാണ് കെഎസ്ആർടിസി. കെഎസ്ആർടിസിയുടെ 1200 സൂപ്പർ ക്ലാസ് ബസുകളിൽ പകുതിയോളം ബസുകളുടെയും ഷെഡ്യൂൾ ഗൂഗിൾ ട്രാൻസിസ്‌റ്റിലേക്ക് മാറ്റി (KSRTC Bus Route And Timing).
ആദ്യഘട്ടം എന്ന നിലയിൽ തമ്പാനൂർ സെൻട്രൽ ഡിപ്പോയിലെ ദീർഘദൂര ബസുകളാണ് ഗൂഗിൾ ട്രാൻസിസ്‌റ്റിലേക്ക് മാറ്റിയത്. യാത്രക്കാർക്ക് ഗൂഗിൾ മാപ്പ് നോക്കി ബസുകളുടെ സമയക്രമവും വരവും പോക്കും അറിയാനാകുമെന്നതാണ് ഇതുകൊണ്ടുള്ള പ്രത്യേകത. ഇതിന് പുറമെ ബസുകളിൽ ജിപിഎസ് ഘടിപ്പിക്കുന്ന പ്രവർത്തനവും അന്തിമഘട്ടത്തിലാണ്.
ഇത് പൂർത്തിയായാൽ ബസുകളുടെ തത്സമയ വിവരങ്ങളും യാത്രക്കാർക്ക് ലഭ്യമാകും. കെഎസ്ആർടിസിയുടെ മൊബൈൽ ആപ്ലിക്കേഷനായ 'കെഎസ്ആർടിസി നിയോ' വഴി സിറ്റി സർക്കുലർ സർവീസിന്‍റെയും ബൈപ്പാസ് റൈഡറിന്‍റെയും തത്സമയ വിവരങ്ങൾ യാത്രക്കാർക്ക് നിലവിൽ ലഭ്യമാക്കുന്നുണ്ട്.
കമ്പ്യൂട്ടറൈസ്‌ഡ് വെഹിക്കിൾ ട്രാക്കിങ് ആൻഡ് മോണിറ്ററിങ് സിസ്‌റ്റത്തിന് വേണ്ടി 5105 ജിപിഎസ് മെഷീനുകൾ കെഎസ്ആർടിസി നിലവിൽ വാങ്ങിയിട്ടുണ്ട്. ഇതുവഴി ഒരു റൂട്ടിൽ ആവശ്യത്തിലധികം ബസുകൾ ഒരുമിച്ച് ഓടുന്നുണ്ടെങ്കിൽ അതടക്കമുള്ള വിവരങ്ങൾ കണ്ടെത്താനാകും.
അതേസമയം കെഎസ്ആർടിസി ബസുകൾ കഴുകി വൃത്തിയാക്കുന്നതിന് കരാർ ക്ഷണിച്ചു. പഴയ രീതിക്ക് പകരം ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് ബസിന്‍റെ അകവും പുറവും കഴുകി വൃത്തിയാക്കുന്നതിനാണ് കരാർ ക്ഷണിച്ചിരിക്കുന്നത്. ബസുകൾ കഴുകുന്നതിനുള്ള സ്ഥലസൗകര്യവും വെള്ളവും കെഎസ്ആർടിസി തന്നെ നൽകും.