കേരളം

kerala

ETV Bharat / state

ഹിറ്റായി കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം; വാഗമൺ, കുമരകം, ഗവി പാക്കേജുകൾ - ബജറ്റ് ടൂറിസം പദ്ധതി

കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട സൗകര്യം എന്നതാണ് കെഎസ്‌ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി ലക്ഷ്യമിടുന്നത്. 2021ല്‍ ആരംഭിച്ച പദ്ധതി ഒരുവര്‍ഷം പിന്നിടുമ്പോള്‍ ഏറെ സ്വീകാര്യതയാണ് ബജറ്റ് ടൂറിസം പദ്ധതിക്ക് ലഭിക്കുന്നത്. കെഎസ്‌ആര്‍ടിസിയുടെ മുഖഛായ തന്നെ മാറ്റിയിരിക്കുകയാണ് ബജറ്റ് ടൂറിസം പദ്ധതി

KSRTC budget tourism project  KSRTC  KSRTC tourism projects  tourism programs by KSRTC  കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി  കെഎസ്ആർടിസി  ബജറ്റ് ടൂറിസം പദ്ധതി  കെഎസ്ആർടിസി പദ്ധതികള്‍
കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി വിജയം

By

Published : Dec 30, 2022, 12:40 PM IST

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി വിജയം

തിരുവനന്തപുരം: ബംബർ ഹിറ്റടിച്ച് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി. 2021 നവംബർ ഒന്നിന് ആരംഭിച്ച പദ്ധതി ഒരു വർഷം പിന്നിടുമ്പോൾ മികച്ച ജനസ്വീകാര്യത നേടിക്കഴിഞ്ഞു. കുറഞ്ഞ യാത്ര ചെലവും മെച്ചപ്പെട്ട സൗകര്യങ്ങളും മാത്രമല്ല, കെഎസ്ആർടിസിയോടുള്ള പ്രത്യേക ഇഷ്‌ടവുമാണ് ബജറ്റ് ടൂറിസം പദ്ധതിയെ ജനകീയമാക്കിയത്.

ബജറ്റ് ടൂറിസത്തിൽ തലസ്ഥാനത്ത് നിന്ന് ആരംഭിക്കുന്ന വാഗമൺ, കുമരകം, ഗവി പാക്കേജുകൾക്ക് യാത്രക്കാരേറെയാണ്. കേരളത്തിന്‍റെ നെതർലൻഡ്‌ എന്ന വിശേഷണമുള്ള കുമരകം ഒറ്റ ദിവസം കൊണ്ട് ചുറ്റിക്കറങ്ങി തിരികെയെത്താനുള്ള സൗകര്യമാണ് കെഎസ്ആർടിസി പാപ്പനംകോട്-കുമരകം ഉല്ലാസയാത്രയിലൂടെ ഒരുക്കുന്നത്. ഹൗസ് ബോട്ടിൽ ചുറ്റിക്കറങ്ങി വേമ്പനാട് കായലിന്‍റെ വശ്യമനോഹാരിത ആസ്വദിക്കാനുള്ള സൗകര്യവും ഒരുക്കും.

രാവിലെ 5 മണിയോടെ പാപ്പനംകോട് നിന്ന് പുറപ്പെട്ട് കുമരകത്തെത്തി ഹൗസ് ബോട്ടിൽ നാലുമണിവരെ കായൽ സൗന്ദര്യം ആസ്വദിക്കുന്ന രീതിയിലാണ് ഉല്ലാസയാത്ര. ബോട്ടിനുള്ളിലെ ഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് 1350 രൂപയാണ് നിരക്ക്. ആനയിറങ്ങും പറുദീസയായ ഗവിയിലേക്കുള്ള യാത്രയാണ് ബജറ്റ് ടൂറിസം പദ്ധതിയിലെ മറ്റൊരു പ്രധാന ആകർഷണം. ജനുവരി 22നാണ് ഉല്ലാസയാത്ര ക്രമീകരിച്ചിരിക്കുന്നത്. ഉച്ചഭക്ഷണവും ബോട്ടിങ്ങും ഉൾപ്പെടെ ഒരാൾക്ക് 1950 രൂപയാണ് നിരക്ക്. ബജറ്റ് ടൂറിസം പദ്ധതിയിൽ വാഗമൺ ടൂർ പാക്കേജിനാണ് യാത്രക്കാർ ഏറെയും. രണ്ട് ദിവസത്തെ ഉല്ലാസയാത്രയാണ് പാക്കേജിലുള്ളത്.

പാപ്പനംകോട് ഡിപ്പോയിൽ നിന്ന് പുലർച്ചെ നാലരയ്ക്ക് തിരിച്ച് മലങ്കര ഡാം, നാടുകാണി പവലിയൻ, കുളമാവ് ഡാം, ചെറുതോണി ഡാം, ആർച്ച് ഡാം എന്നിവിടങ്ങളിലും രണ്ടാം ദിനം ഓഫ് റോഡ് ജീപ്പ് സവാരി, ഇടുക്കി ജില്ലയിലെ ഗ്രാമപ്രദേശമായ പരുന്തുംപാറ കണ്ട് മടക്കം എന്ന തരത്തിലാണ് ഉല്ലാസയാത്ര ക്രമീകരിച്ചിരിക്കുന്നത്. യാത്ര, ഓഫ് റോഡ് ജീപ്പ് സവാരി, ഭക്ഷണം, താമസം ഉൾപ്പെടെ 2800 രൂപയാണ് ഈ യാത്രയ്ക്ക് ഒരാൾക്ക് നിരക്ക്.

ഇത്തരത്തിൽ തിരുവനന്തപുരം ജില്ലയിൽ നിന്നടക്കം നിരവധി ആകർഷകങ്ങളായ പാക്കേജുകളാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ നടപ്പാക്കുന്നത്. യാത്രക്കാരുടെ എണ്ണമനുസരിച്ചാണ് ട്രിപ്പുകള്‍ ക്രമീകരിക്കുന്നത്. ബുക്കിങ് കൂടുതലുണ്ടെങ്കില്‍ ഒരുമാസത്തില്‍ തന്നെ ഒരേ പാക്കേജുകള്‍ ആവര്‍ത്തിക്കും.

മറ്റു ജില്ലകളിലും ബജറ്റ് ടൂറിസം പദ്ധതി കെഎസ്‌ആര്‍ടിസി നടപ്പാക്കി വരുന്നു. 2021 നവംബർ 1ന് ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതിയിൽ 602 പാക്കേജുകളാണ് സംസ്ഥാനത്തൊട്ടാകെ ഇതിനോടകം നടപ്പാക്കിയത്. 1,95,000 യാത്രക്കാരുമായി 2900 ടൂറുകൾ ഓപ്പറേറ്റ് ചെയ്‌തു. ഇതു പോലെ കെഎസ്ആർടിസിയുടെ മുഖഛായ മാറ്റിയ മറ്റൊരു പദ്ധതിയില്ലെന്നാണ് യാത്രക്കാരുടെയും അഭിപ്രായം.

ABOUT THE AUTHOR

...view details