തിരുവനന്തപുരം: കേരളത്തിലെ ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങൾ സന്ദർശിച്ച് ദർശനം നടത്താനുള്ള സൗകര്യം ഒരുക്കി കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ. കൊട്ടാരക്കര ഗണപതി ക്ഷേത്രം, വെട്ടിക്കവല മഹാദേവ ക്ഷേത്രങ്ങൾ, വാതുക്കൽ ഞാലിക്കുഞ്ഞ്, പട്ടാഴി ദേവി ക്ഷേത്രം, പുനലൂർ തൂക്കുപാലം, കാനനപാതയിലൂടെ അച്ഛൻ കോവിൽ ദർശനം എന്നീ ക്ഷേത്ര ദർശനങ്ങൾ അടങ്ങുന്ന പാക്കേജാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിൻ്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്. ആറ് ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ അവസരമൊരുക്കുന്ന ഈ പാക്കേജിന് ഒരാളിൽ നിന്നും 580 രൂപയാണ് ഈടാക്കുന്നത്.
തീർഥാടന യാത്ര മെയ് 12 മുതല്‍: യാത്രക്കാർ ഭക്ഷണവും മറ്റ് ചെലവുകളും സ്വന്തമായി വഹിക്കണം. ഈ മാസം 12നാണ് തീർഥാടന യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കെഎസ്ആർടിസി കിളിമാനൂർ ബജറ്റ് ടൂറിസം സെല്ലിൻ്റെ ആഭിമുഖ്യത്തിലാണ് തീർഥാടന യാത്ര. 2021 നവംബറിൽ കെഎസ്ആർടിസി ആരംഭിച്ച ബജറ്റ് ടൂറിസം ഇതിനോടകം ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. വളരെ മിതമായ നിരക്കിൽ മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടി വിനോദ സഞ്ചാരത്തിൻ്റെ നവാനുഭവം നൽകുകയാണ് ഇതിലൂടെ ബജറ്റ് ടൂറിസം സെൽ ലക്ഷ്യമിടുന്നത്.
അതേസമയം ഏപ്രിൽ മാസം മുതൽ പാലക്കാട് നിന്ന് ആരംഭിച്ച കേരളത്തിലെ ആദ്യത്തെ സൗരോർജ ടൂറിസ്റ്റ് വെസൽ 'സൂര്യാംശു' എന്ന ഡബിൾ ഡക്കർ യാനത്തിൽ യാത്ര ചെയ്‌ത് കാഴ്‌ചകൾ ആസ്വദിക്കാവുന്ന ഉല്ലാസയാത്ര പാക്കേജിന് യാത്രാപ്രേമികൾക്കിടയിൽ മികച്ച സ്വീകാര്യത നേടിക്കഴിഞ്ഞു. പാല, ആറ്റിങ്ങല്‍, മലപ്പുറം, നെയ്യാറ്റിന്‍കര, തിരുവല്ല, വെഞ്ഞാറമൂട്, കരുനാഗപ്പള്ളി, കിളിമാനൂര്‍ എന്നീ ഡിപ്പോകളില്‍ നിന്നാണ് ഈ ഉല്ലാസയാത്ര പാക്കേജ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. രാവിലെ 9.30ന് എറണാകുളത്ത് എത്തുന്ന തരത്തിലാണ് യാത്ര ആരംഭിക്കുന്നത്. കൃത്യം 10 മണിക്ക് മറൈന്‍ഡ്രൈവില്‍ നിന്ന് യാത്രക്കാരെ 'സൂര്യാംശു' ഡബിള്‍ ഡക്കര്‍ യാനത്തിലേക്ക് പ്രവേശിപ്പിക്കും.