തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തില്‍ നടത്തിവരുന്ന ബജറ്റ് ടൂറിസം പദ്ധതി വരുമാനക്കുതിപ്പില്‍ ഡബിള്‍ ബെല്ലടിച്ച് മുന്നോട്ട്.വേനല്‍ അവധിക്കാലമായ ഏപ്രില്‍, മെയ് മാസങ്ങളിൽ റിക്കോര്‍ഡ് കളക്ഷനാണ് ബജറ്റ് ടൂറിസം സെല്‍ നേടിയിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ 2.40 കോടി (2,40,72,785) രൂപയാണ് ബജറ്റ് ടൂറിസം പദ്ധതിയിലൂടെ കെഎസ്‌ആര്‍ടിസിക്ക് ലഭിച്ച വരുമാനം.
ആകര്‍ഷകമായ 42 ടൂര്‍ പാക്കേജുകളുമായി 546 ഷെഡ്യൂളുകളാണ് സര്‍വീസ് നടത്തിയത്. 25,831 പേരാണ് യാത്ര ചെയ്‌തത്. മെയ് മാസത്തെ കണക്ക് ലഭ്യമായിട്ടില്ലെങ്കിലും വരുമാനത്തില്‍ വന്‍ വര്‍ധനവുണ്ടായതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ 70,95,190 ലക്ഷം രൂപയായിരുന്നു ബജറ്റ് ടൂറിസം പദ്ധതിയിലൂടെ കെഎസ്‌ആര്‍ടിസിക്ക് ലഭിച്ച വരുമാനം.
68 ടൂര്‍ പാക്കേജുകളില്‍ നിന്നായി 182 ഷെഡ്യൂളുകളാണ് അന്ന് സര്‍വീസ് നടത്തിയത്. 9,515 പേര്‍ യാത്ര ചെയ്യുകയും ചെയ്‌തു. 2022 ഏപ്രിലിനെ അപേക്ഷിച്ച് 1.169 കോടി(1,69,77,595) രൂപയുടെ അധിക വരുമാനമാണ് ഈ ഏപ്രിലില്‍ ലഭിച്ചിരിക്കുന്നത്. മൂന്നാര്‍, നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര, ഗവി, മലക്കപ്പാറ, വാഗമണ്‍, വയനാട്, കുമരകം, നെല്ലിയാമ്പതി, നാലമ്പല ദര്‍ശനം, മണ്‍റോതുരുത്ത്, ബത്തേരി ജംഗിള്‍ സഫാരി, പഞ്ചപാണ്ഡവ ദര്‍ശനം, ഡബിള്‍ ഡെക്കര്‍ പാക്കേജ് തുടങ്ങിയ ടൂര്‍ പാക്കേജുകള്‍ക്കാണ് യാത്രാപ്രേമികള്‍ക്കിടയില്‍ ഡിമാന്‍ഡ് ഏറെയുള്ളത്.
പത്തനംതിട്ട, കണ്ണൂര്‍, കൊല്ലം, പാലക്കാട്, കോതമംഗലം, ചാലക്കുടി, മൂന്നാര്‍, കൂത്താട്ടുകുളം, കൊട്ടാരക്കര, നെയ്യാറ്റിന്‍കര, മലപ്പുറം, താമരശ്ശേരി, തിരുവനന്തപുരം, ഇരിങ്ങാലക്കുട, ആറ്റിങ്ങല്‍ എന്നീ ഡിപ്പോകളാണ് കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്നത്. 2021 നവംബറില്‍ സര്‍വീസ് ആരംഭിച്ചത് മുതല്‍ ഈ ഏപ്രില്‍ 30 വരെ ആകെ 5,731 ടൂര്‍ പാക്കേജുകളാണ് ബജറ്റ് ടൂറിസം സെല്‍ ഓപ്പറേറ്റ് ചെയ്‌തത്. 3,87,092 പേര്‍ യാത്ര ചെയ്‌തു.