കേരളം

kerala

ETV Bharat / state

കെഎസ്ആർടിസി ബിഎംഎസ് യൂണിയൻ പണിമുടക്ക് ആരംഭിച്ചു; ഡയസ്നോൺ അടക്കം കർശന നടപടിയുമായി മാനേജ്മെന്‍റ്‌ - KSRTC BMS union goes on strike

പണിമുടക്കിൽ ബസുകൾ തടയുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്യുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മാനേജ്മെന്‍റ്. ഞായറാഴ്‌ച രാത്രി 12 മണി മുതൽ 24 മണിക്കൂറാണ് ബിഎംഎസ് പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്

കെഎസ്ആർടിസി ബിഎംഎസ് യൂണിയൻ പണിമുടക്ക്  കെഎസ്ആർടിസി ബിഎംഎസ് യൂണിയൻ പണിമുടക്ക് ആരംഭിച്ചു  ഡയസ്നോൺ അടക്കം കർശന നടപടിയുമായി മാനേജ്മെന്‍റ്്  ശമ്പളം ഗഡുക്കളായി നൽകുന്നത് അവസാനിപ്പിക്കുക  കെഎസ്ആർടിസി  കെഎസ്ആർടിസി പണിമുടക്ക്  ബിഎംഎസ് പണിമുടക്ക്  KSRTC Strike  strike  KSRTC BMS union goes on strike
കെഎസ്ആർടിസി

By

Published : May 8, 2023, 9:14 AM IST

തിരുവനന്തപുരം: ശമ്പളം ഗഡുക്കളായി നൽകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ ബിഎംഎസ് യൂണിയൻ ആഹ്വാനം ചെയ്‌ത പണിമുടക്ക് ആരംഭിച്ചു. ഞായറാഴ്‌ച രാത്രി 12 മണി മുതൽ 24 മണിക്കൂർ ആണ് പണിമുടക്ക്. അതേസമയം പണിമുടക്ക് നടത്തുന്നത് ബിഎംഎസ് യൂണിയൻ മാത്രമായതിനാൽ പൊതുജനങ്ങളെ കാര്യമായി ബാധിക്കാൻ ഇടയില്ല.

അതേ സമയം ദീർഘദൂര സർവീസുകളെ പണിമുടക്ക് ബാധിക്കും. ഏപ്രിൽ മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു മാത്രമാണ് ഇതുവരെ ജീവനക്കാർക്ക് നൽകിയത്. ശമ്പളം ഗഡുക്കളായി നൽകുന്നത് അവസാനിപ്പിച്ച് എല്ലാ ജീവനക്കാർക്കും അഞ്ചാം തീയതി തന്നെ മുഴുവൻ ശമ്പളവും നൽകുക എന്ന ആവശ്യം ഉന്നയിച്ചാണ് ബിഎംഎസ് പണിമുടക്കുന്നത്. പണിമുടക്ക് നടത്തുന്ന ജീവനക്കാർക്കെതിരെ കെഎസ്ആർടിസി മാനേജ്മെന്‍റ് മൂന്ന് ദിവസത്തെ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.

'ബസുകൾ തടയുകയോ അക്രമ സ്വഭാവം കാണിക്കുകയോ ചെയ്യുന്ന ജീവനക്കാർ ഉണ്ടെങ്കിൽ അവർക്കെതിരെ ഉടൻതന്നെ നടപടിയെടുക്കാൻ അതാത് യൂണിറ്റ് ഓഫിസർമാർ ഉടൻ തന്നെ റിപ്പോർട്ട് നൽകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്‌ച തന്നെ പണിമുടക്കുന്നതിലൂടെ ശമ്പളം കൊടുക്കാൻ പോലും ബുദ്ധിമുട്ടുന്ന കെഎസ്ആർടിസിയെ കൂടുതൽ അവതാളത്തിലേക്ക് ചവിട്ടി താഴ്ത്തുക എന്നതാണ് സമരം ചെയ്യുന്നവരുടെ ലക്ഷ്യം. പണിമുടക്കിനിടെ ആക്രമണം നടത്തുന്ന ജീവനക്കാരുടെ ഫോട്ടോയും വീഡിയോയും യൂണിറ്റ് ഓഫിസർമാർ, വിജിലൻസിൽ പ്രവർത്തിക്കുന്ന ഇൻസ്പെക്‌ടർമാർ തുടങ്ങിയവർ ഉടൻതന്നെ ഓപ്പറേഷൻ കൺട്രോൾ റൂമിലേക്ക് അയക്കണം. പണിമുടക്ക് ദിവസം എല്ലാ ബദൽ ജീവനക്കാരും ഹാജരാകണം. സർവീസ് മുടക്കുന്ന ഓഫിസർമാരുടെ പേരിലും കർശന നടപടി സ്വീകരിക്കും' -മാനേജ്‌മെന്‍റ് പ്രസ്‌താവനയിൽ അറിയിച്ചു.

പണിമുടക്കിനെ ശക്തിയുക്തം എതിർക്കാൻ തന്നെയാണ് മാനേജ്മെന്‍റ് തീരുമാനം. സമാന വിഷയത്തിൽ ഭരണ-പ്രതിപക്ഷ സംഘടനകളും ചീഫ് ഓഫിസിന് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. പണിമുടക്കിൽ ബസുകൾ തടയുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്യുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മാനേജ്മെന്‍റ് ഇന്നലെ വാർത്താക്കുറിപ്പിൽ അറിയിച്ചു. സർവീസ് തടസപ്പെടുന്നതുമൂലമുള്ള നഷ്‌ടം പണിമുടക്ക് നടത്തുന്ന ജീവനക്കാരിൽ നിന്ന് തന്നെ ഈടാക്കാനാണ് മാനേജ്മെന്‍റ് തീരുമാനം.

ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്ന തിങ്കളാഴ്‌ച തന്നെ പണിമുടക്കിനായി തെരഞ്ഞെടുത്തത്‌ യാത്ര ചെയ്യുന്ന 22 ലക്ഷത്തോളം യാത്രാക്കാരെ ബുദ്ധിമുട്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി മാത്രമാണ്. സമരം നടത്തുന്ന ജീവനക്കാർക്കെതിരെ ഒരു കാരണവശാലും മൃദുസമീപനം സ്വീകരിക്കില്ലെന്നും മാനേജ്മെന്‍റ് താക്കീത് നൽകിയിട്ടുണ്ട്. പണിമുടക്കിനെ നേരിടാൻ എല്ലാ ഡിപ്പോകളിലും പൊലീസിനെ വിന്യസിക്കാൻ ഡിജിപിക്ക് സർക്കാർ നിർദേശം നൽകി. സമരം ആരംഭിക്കുന്നതിന് മുൻപ് ഞാറാഴ്‌ച മുതൽ സമരം അവസാനിക്കുന്ന ചൊവ്വാഴ്‌ച വരെ യൂണിറ്റ് ഓഫിസർമാർ അതാത് യൂണിറ്റുകളിൽ ക്യാമ്പ് ചെയ്യണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, മൂന്നല്ല മുപ്പത്തിയാറ് ദിവസം ഡയസ്നോൺ പ്രഖ്യാപിച്ചാലും പണിമുടക്കിൽ നിന്ന് പിന്തിരിയില്ലെന്ന് ബിഎംഎസ് ജനറൽ സെക്രട്ടറി എസ് അജയകുമാർ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ചെയ്‌ത ജോലിക്ക് കൂലി കിട്ടുന്നില്ല. ഇനിയും പട്ടിണി കിടക്കാൻ വയ്യ. തിട്ടൂരങ്ങൾ കണ്ട് ഭയപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ജീവനക്കാരെ പട്ടിണിക്കിടുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. കെഎസ്ആർടിസി ജീവനക്കാരോട് സർക്കാരും മാനേജ്മെൻ്റും വെല്ലുവിളി നടത്തുകയാണ്. ശമ്പളം ഒരുമിച്ച് നൽകില്ലെന്നത് മാനേജ്മെൻ്റിന്‍റെ ദുർവാശിയാണ്. 210 കോടിയുടെ വരുമാനം കെഎസ്ആർടിസിക്ക് ലഭിക്കുന്നുണ്ട്. എല്ലാ മാസവും അഞ്ചിന് ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാഴ്വാക്കായി. എല്ലാ മാർഗങ്ങളും പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details