തിരുവനന്തപുരം : ഓണാവധിക്കാലത്തെ (Onam Holiday) വരുമാനക്കുതിപ്പിൽ ഡബിൾ ബെല്ലടിച്ച് കെ എസ് ആർ ടി സി (KSRTC). ഓണാവധി നാളുകളായ ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 1 വരെയുള്ള എട്ട് ദിവസം കൊണ്ട് 55.15 കോടി രൂപയാണ് കെ എസ് ആർ ടി സിയുടെ അക്കൗണ്ടിൽ കലക്ഷൻ വരുമാനമായെത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് 43.22 കോടി രൂപയായിരുന്നു വരുമാനം (KSRTC Achieved Record Collection during Onam).
മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 11.93 കോടി രൂപയുടെ അധിക വരുമാനമാണ് (Excess Earnings) ഈ വർഷം ടിക്കറ്റ് ഇനത്തിലൂടെ മാത്രം കെ എസ് ആർ ടി സിക്ക് ലഭിച്ചത്. ഈ ഓണക്കാലത്തെ പ്രതിദിന കളക്ഷൻ വരുമാനം പരിശോധിച്ചാൽ ഓഗസ്റ്റ് 25ന് 7.24 കോടിയും 26ന് 7.86 കോടി, 27ന് 7.57 കോടി, 28ന് 6.80 കോടി, 29ന് 4.39 കോടി, 30ന് 6.40 കോടി, 31ന് 7.12 കോടി, സെപ്റ്റംബർ 1ന് 7.77 കോടി എന്നിങ്ങനെയാണ് ടിക്കറ്റ് വരുമാനമായി കെ എസ് ആർ ടി സിക്ക് ലഭിച്ചത്. ഇക്കാലയളവിൽ മാത്രം ഏകദേശം 1.41 കോടി യാത്രക്കാരാണ് കെ എസ് ആർ ടി സി ബസുകളിൽ യാത്ര ചെയ്തത്. 31,870 സർവീസുകൾ ഓപ്പറേറ്റ് ചെയ്തു.
2022 സെപ്റ്റംബർ 2 മുതൽ 9 വരെയുള്ള പ്രതിദിന കണക്കുകൾ പരിശോധിച്ചാൽ 2ന് 5.58 കോടിയും 3ന് 5.86 കോടി, 4ന് 5.25 കോടി, 5ന് 6.16 കോടി, 6ന് 5.94 കോടി, 7ന് 5.94 കോടി, 8ന് 3.74 കോടി, 9ന് 4.75 കോടി എന്നിങ്ങനെയാണ് ടിക്കറ്റ് വരുമാനമായി കെ എസ് ആർ ടി സിക്ക് ലഭിച്ചത്. ഇക്കാലയളവിൽ 25,065 സർവീസുകൾ ഓപ്പറേറ്റ് ചെയ്തു. 1.25 കോടിയോളം യാത്രക്കാരാണ് ഇക്കാലയളവിൽ കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്തത്.
Also Read:ETV Bharat Exclusive KSRTC Hi Tech Buses മുഖ്യമന്ത്രിയുടെ 'ഓണസമ്മാനം' കട്ടപ്പുറത്ത്; 2-ാം ദിനം വഴിയില്‍ കിടന്ന് കെഎസ്‌ആര്‍ടിസി ഹൈടെക് ബസുകള്‍
ശമ്പള വിതരണ പ്രതിസന്ധി അടക്കം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ കെ എസ് ആർ ടി സിക്ക് ആശ്വാസമാവുകയാണ് ഓണക്കാലത്തെ വരുമാനക്കുതിപ്പ്. വരും ദിവസങ്ങളിലും റെക്കോർഡ് വരുമാനം ലഭിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മാനേജ്മെന്‍റിന്‍റെയും തൊഴിലാളി സംഘടനകളുടെയും സംയുക്ത പരിശ്രമത്തിന്‍റെ ഫലമായാണ് ഇത്തരത്തിൽ വരുമാന വർധന ഉണ്ടാകുന്നതെന്ന് കെ എസ് ആർ ടി ഇ എ (സി ഐ ടി യു) ജനറൽ സെക്രട്ടറി എസ് വിനോദ് പറഞ്ഞു.