തിരുവനന്തപുരം: കെഎസ്എഫ്ഇ വിജിലൻസ് റെയ്ഡിൽ സിപിഎമ്മിനുള്ളിൽ കടുത്ത അതൃപ്തി. വിജിലൻസ് ഡയറക്ടർ അവധിയിൽ ആയിരിക്കുമ്പോഴാണ് കെഎസ്എഫ്ഇയിൽ വിജിലൻസ് റെയ്ഡ് നടന്നത്. മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിന് ഇടയിലാണ് റെയ്ഡ് സംബന്ധിച്ച വിവരം ലഭിക്കുന്നത്. ഇത്തരത്തിലൊരു നിർണായകമായ റെയ്ഡ് നടക്കുന്നത് സംബന്ധിച്ച് സർക്കാർ തലത്തിൽ യാതൊരുവിധ ചർച്ചയും നടന്നിട്ടില്ല. ഇതിനെതിരെയാണ് സിപിഎമ്മിനുള്ളിൽ കടുത്ത വിമർശനം ഉയരുന്നത്.
കെഎസ്എഫ്ഇ റെയ്‌ഡ്; സിപിഎമ്മിനുള്ളിൽ അതൃപ്തി
മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയെ ഉന്നമിട്ടാണ് സിപിഐഎമ്മിലെ ഒരു വിഭാഗം വിമർശനം ഉയർത്തിയത്.
മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയെ ഉന്നമിട്ടാണ് സിപിഐഎമ്മിലെ ഒരു വിഭാഗം വിമർശനം ഉയർത്തിയത്. സ്വകാര്യ ചിട്ടിക്കമ്പനിയുടെ സുരക്ഷാ ഉപദേഷ്ടാവ് കൂടിയാണ് രമൺ ശ്രീവാസ്തവ. കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിന് പിന്നിൽ രമൺ ശ്രീവാസ്തവയാണെന്നും ആരോപണമുണ്ട്. സംസ്ഥാന സർക്കാരിനെ സമ്മർദത്തിലാക്കുന്ന നീക്കം മുഖ്യമന്ത്രി നേതൃത്വം നൽകുന്ന വിജിലൻസിന്‍റെ ഭാഗത്ത് നിന്ന് തന്നെ ഉണ്ടായത് ഗൗരവമായാണ് സിപിഎം പരിഗണിക്കുന്നത്.
കേന്ദ്ര ഏജൻസികളുടെ സമ്മർദ്ദത്തിലായ സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതായിരുന്നു വിജിലൻസ് നീക്കം. വിവാദമായ പൊലീസ് ആക്ട് ഭേദഗതിയിലും രമൺ ശ്രീവാസ്തവയെയാണ് സിപിഎം പ്രതിസ്ഥാനത്ത് നിർത്തുന്നത്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി ശ്രീവാസ്തവയെ നിയമിച്ചതിലും സിപിഎമ്മിലെ ഒരു വിഭാഗത്തിന് പ്രതിഷേധമുണ്ടായിരുന്നു.