തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി (Kerala power crisis) തുടര്‍ നടപടിയില്‍ ഇന്ന് തീരുമാനമുണ്ടാകും. വൈദ്യുത നിയന്ത്രണമടക്കമുളള കാര്യങ്ങളിലേക്ക് നീങ്ങണമോ എന്ന കാര്യത്തിലാണ് കൂടിയാലോചനകള്‍ നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan) ഇന്ന് അവലോകന യോഗം വിളിച്ചിട്ടുണ്ട്.
വൈദ്യുതി മന്ത്രിയുമായും മുഖ്യമന്ത്രി കൂടിയാലോചന നടത്തുന്നുണ്ട്. അതിനുശേഷമാകും എന്ത് നടപടി വേണമെന്നത് തീരുമാനിക്കുക. മഴ ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായതിനൊപ്പം പുറത്തു നിന്നുള്ള മൂന്ന് വൈദ്യുത കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാര്‍ റദ്ദായതുമാണ് സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിക്ക് കാരണമായത്.
465 മെഗാവാട്ടിന്‍റെ ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറാണ് സാങ്കേതിക പ്രശ്‌നം പറഞ്ഞ് റെഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്. വിലകുറഞ്ഞ കരാറുകളില്‍ നിന്നും ഡിസംബര്‍ വരെ വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മിഷന്‍ താത്‌കാലിക അനുമതി നല്‍കിയെങ്കിലും കരാര്‍ റദ്ദായതിനാല്‍ കമ്പിനകള്‍ വൈദ്യുതി നല്‍കിയിട്ടില്ല.
കരാറിലെ യാഥാര്‍ഥ തുക ലഭിക്കണമെന്നും കല്‍ക്കരി കെഎസ്ഇബി ഉറപ്പു വരുത്തണമെന്നുമാണ് കമ്പനികളുടെ ആവശ്യം. 365 മെഗാവാട്ട് വൈദ്യുതിയാണ് ഈ കമ്പനികളില്‍ നിന്ന് ലഭിച്ചിരുന്നത്. ഇവര്‍ പിന്‍മാറിയതോടെ വൈദ്യുതി ലഭ്യതയില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.
അടിയന്തരമായി ബോര്‍ഡ് 200 മെഗാവാട്ടിനുള്ള ടെന്‍ഡര്‍ വിളിച്ചിരുന്നു. ഇത് സെപ്‌റ്റംബര്‍ 5ന് തുറക്കും. ഇതില്‍ നിന്നും സെപ്‌റ്റംബര്‍ 20 മുതല്‍ വൈദ്യുതി ലഭിക്കുമെന്നാണ് വിവരം. അടുത്ത മഴക്കാലത്ത് പകരം നല്‍കാമെന്ന വ്യവസ്ഥയില്‍ 500 മെഗാവാട്ടിനുള്ള ടെന്‍ഡറും ബോര്‍ഡ് വിളിച്ചിട്ടുണ്ട്.