തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി.ഹരികുമാറിനും സസ്പെൻഷൻ. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് എം.ജി സുരേഷ് കുമാറിനെ ബുധനാഴ്ച (06.04.2022) സസ്പെൻഡ് ചെയ്‌തിരുന്നു. സുരേഷ് കുമാറിനെതിരെയുള്ള കുറ്റപത്രത്തിലെ ഒന്ന് ഒഴികെ എല്ലാ ആരോപണങ്ങളും ഹരികുമാറിനെതിരെയും ചുമത്തിയിട്ടുണ്ട്.
അനധികൃതമായി അവധിയെടുത്തെന്നാരോപിച്ച് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ജാസ്‌മിന്‍ ബാനുവിനെ നേരത്തെ സസ്പെൻഡ് ചെയ്‌തിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് സിപിഎം അനുകൂല ഇടത് സംഘടന ജീവനക്കാർ ബോർഡ് ചെയർമാൻ ബി അശോകിനെതിരെ പ്രതിഷേധം ശക്തമാക്കിയത്. ചെയർമാനെതിരെ കെഎസ്ഇബി ഓഫീസേർസ് അസോസിയേഷൻ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു.
ബോർഡ് ജീവനക്കാർ കഴിഞ്ഞ ദിവസം കരിദിനം ആചരിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി സുരേഷ് കുമാറിൻ്റെയും ജാസ്‌മിന്‍ ബാനുവിൻ്റെയും സസ്പെൻഷൻ ഉത്തരവുകൾ കത്തിച്ചു. സമരം അവസാനിച്ച ശേഷമാണ് ഹരികുമാറിൻ്റെ സസ്പെൻഷൻ ഉത്തരവ് ലഭിച്ചത്.
അതേസമയം ഓഫീസേഴ്‌സ് അസോസിയേഷൻ വൈദ്യുതി ഭവന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കാനിരിക്കെ പ്രശ്‌നപരിഹാരത്തിന് ചർച്ച ആകാമെന്ന് ചെയർമാൻ ബി.അശോക് അറിയിച്ചു. എന്നാൽ തങ്ങളെ ആരും ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും ചർച്ച നടത്തുന്നുവെങ്കിൽ മാധ്യമങ്ങളെ അല്ല അറിയിക്കേണ്ടതെന്നും ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റ് എം.ജി സുരേഷ് കുമാർ പ്രതികരിച്ചു. ചെയർമാൻ ബി.അശോക് സംഘടന പ്രവർത്തനത്തെ തടയാൻ സസ്പെൻഷനെ ഒരു മാർഗമായി സ്വീകരിക്കുകയാണെന്നും അതിനെ ശക്തമായി നേരിടുമെന്നും എം.ജി സുരേഷ് കുമാർ നേരത്തെ ആരോപിച്ചിരുന്നു.
Also Read: കെ.എസ്.ഇ.ബിയിൽ പോര് മുറുകുന്നു ; ചെയര്‍മാനെതിരെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഓഫീസേഴ്‌സ് അസോസിയേഷന്‍