തിരുവനന്തപുരം :കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ 200 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനുള്ള വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം വിവാദമാകുന്നു. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍മാര്‍ക്കും ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍മാര്‍ക്കുമായാണ് വാഹനം വാങ്ങുന്നത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വൈദ്യുതി ബോര്‍ഡിന്, ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി.
1000 സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളുകള്‍ വാങ്ങാനും തീരുമാനമായി. ആകെ 188.23 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള ഈ ധൂര്‍ത്ത് നിര്‍ത്തി വയ്പ്പിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം അനുകൂല സംഘടനയായ കെ.എസ്.ഇ ബോര്‍ഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഇലക്ട്രിക് കാറുകള്‍ വാടകയ്‌ക്കെടുക്കുന്നതിനുപകരം ഇ.എം.ഐ വ്യവസ്ഥയില്‍ വാങ്ങുന്നതാണ് ഉചിതമെന്ന് ബോര്‍ഡ് യോഗം തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
Also Read:കൊണ്ടോട്ടി ബലാത്സംഗശ്രമം : പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്നില്‍ ഹാജരാക്കും
രണ്ട് സ്വകാര്യ കമ്പനികളുടെ ഇലക്ട്രിക് കാര്‍ വാടകയ്‌ക്കെടുക്കാന്‍ കാറൊന്നിന് പ്രതിമാസം 30,000, 33,000 രൂപ ചെലവുവരും. 200 വാഹനങ്ങള്‍ക്ക് 1.26 കോടി രൂപ പ്രതിമാസം വേണ്ടി വരും. ഡ്രൈവര്‍മാര്‍ക്കായി 38 ലക്ഷം രൂപയും ചെലവഴിക്കേണ്ടി വരും. ഇത് കണക്കിലെടുത്താണ് ഇ.എം.ഐ വ്യവസ്ഥയില്‍ വാഹനം വാങ്ങാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചത്.
'സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂര്‍ത്ത്'
അഞ്ച് വര്‍ഷംകഴിയുമ്പോള്‍ തവണ വ്യവസ്ഥ പൂര്‍ത്തിയായി വാഹനങ്ങള്‍ കെ.എസ്.ഇ.ബിക്ക് സ്വന്തമാകും. ആറോ ഏഴോ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ബാറ്ററി മാറ്റിവയ്ക്കുന്ന ചെലവ് മാത്രമേ കെ.എസ്.ഇ.ബിക്കുണ്ടാകുകയുള്ളൂ എന്ന് വിലയിരുത്തിയാണ് തീരുമാനം. എന്നാല്‍ കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെ കടന്നുപോകുന്ന വൈദ്യുതി ബോര്‍ഡിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന തീരുമാനമാണിതെന്ന് ഓഫിസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഇലക്ട്രിക് വാഹനങ്ങളുടെ ഡ്രൈവറുടെ വേതനം, ഇലക്ട്രിക് ചാര്‍ജിംഗ് ചെലവുകള്‍, അറ്റകുറ്റപ്പണി, റോഡ് ടാക്‌സ്, ഇന്‍ഷുറന്‍സ്, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയൊന്നും കണക്കിലെടുത്തിട്ടില്ലെന്നും തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്നും സംഘടന മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.