തിരുവനന്തപുരം : കെഎസ്ഇബിയുടെ 65ാം വാർഷികത്തോടനുബന്ധിച്ച് 65 ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കി കെഎസ്ഇബി. 35 വർഷം പഴക്കം ചെന്ന വാഹനങ്ങൾക്ക് പകരമാണ് ടാറ്റയുടെ 65 പുതിയ ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാക്കുന്നത്.
കനകക്കുന്നിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആൻ്റണി രാജുവും, വൈദ്യുതി മന്ത്രി കെ.കൃഷ്‌ണൻകുട്ടിയും ചേർന്ന് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയും വാട്ടർ സല്യൂട്ട് നൽകുകയും ചെയ്‌തു. ഫ്ലാഗ് ഓഫിനുശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ വൈദ്യുത വാഹനങ്ങളുടെ പ്രദർശനവും നടന്നു.
സർക്കാർ വാഹനങ്ങളും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വൈദ്യുതിയിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. ഹരിതോർജ ഭാവിയിലേക്കുള്ള ചുവടുവയ്‌പ്പെന്ന നിലയിലാണ് കെ.എസ്.ഇ.ബി 65 വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കുന്നതെന്ന് ചെയർമാൻ ബി. അശോക് അറിയിച്ചു.