കേരളം

kerala

ക്‌ളാസിക് സേതുമാധവൻ: മലയാള സാഹിത്യത്തെ വെള്ളിത്തിരയില്‍ പകർത്തിവെച്ച സംവിധായകന്‍

By

Published : Dec 24, 2021, 10:41 AM IST

മലയാളത്തില്‍ പ്രസിദ്ധീകരിച്ച പ്രമുഖ എഴുത്തുകാരുടെ കൃതികള്‍ കെ.എസ് സേതുമാധവന്‍റെ കൈകളാല്‍ സിനിമായപ്പോള്‍ പിറന്നത് എക്കാലത്തെയും വലിയ ജനപ്രിയ ഹിറ്റുകള്‍.

KS Sethumadhavan contributions in malayalam films  കെ.എസ് സേതുമാധവന്‍റെ മലയാള സിനിമയിലെ സംഭാവനകള്‍  കെ.എസ് സേതുമാധവന്‍റെ സിനിമകള്‍  KS Sethumadhavan films  KS Sethumadhavan passes away  സംവിധായകന്‍ കെ.എസ്‌ സേതുമാധവന്‍ അന്തരിച്ചു
മലയാള സാഹിത്യത്തെ വെള്ളിത്തിരയിലേക്ക് തിരിച്ചുവിട്ട സംവിധായകന്‍; പിറന്നത് ക്‌ളാസിക്കുകള്‍

തിരുവനന്തപുരം:ഇന്ത്യൻ സിനിമയിലെ അനശ്വരനാമമായ കെ.എസ് സേതുമാധവൻ്റെ സിനിമകൾ മലയാള ചലച്ചിത്രത്തിന് മാത്രമല്ല, സാഹിത്യത്തിനും നൽകിയ സംഭാവന എടുത്ത് പറയേണ്ടതുണ്ട്. മലയാളത്തിലെ എണ്ണം പറഞ്ഞ സാഹിത്യകൃതികൾ പലതും സിനിമയായത് ആ കൈകളിലൂടെയാണ്. അവലംബിത സിനിമകളുടെ നല്ല കാലം സിനിമയ്ക്ക് ആധാരമായ കൃതികളെ വീണ്ടും മലയാളികളെ കൊണ്ട് വായിപ്പിച്ചു.

പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ 'ഓപ്പോള്‍'

1980 ൽ പുറത്തിറങ്ങിയ ഓപ്പോൾ, എം.ടി വാസുദേവൻ നായർ അതേപേരിൽ എഴുതിയ കഥയുടെ സിനിമാവിഷ്‌കാരമാണ്. എം.ടി തന്നെ തിരക്കഥയും എഴുതിയ ഈ ചിത്രത്തിന് നിരവധി ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചു. ബാലൻ കെ നായർക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത് ഈ ചിത്രത്തിലൂടെയാണ്. എസ് ജാനകിയ്ക്ക്‌ ഈ ചിത്രത്തിലൂടെ മികച്ച പിന്നണി ഗായികയ്ക്കു‌ള്ള ദേശീയ പുരസ്‌കാരം ലഭിയ്‌ക്കുകയുണ്ടായി.

എം.ടി വാസുദേവൻ നായരുടെ കഥ കെ.എസ് സേതുമാധവന്‍ 1980 ൽ ല്‍ വെള്ളിത്തിരയിലെത്തിച്ചു

ജാനകിയ്ക്ക്‌ ലഭിച്ച നാല് ദേശീയ പുരസ്‌കാരങ്ങളിൽ മലയാളത്തിൽ നിന്ന് ഓപ്പോളിലെ ഏറ്റുമാനൂരമ്പലത്തിൽ എന്ന ഈ ഗാനം മാത്രം. കെ.എസ് സേതുമാധവന് മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്‌കാരവും ഈ ചിത്രത്തിലൂടെ ലഭിച്ചു. ദേശീയതലത്തിൽ മികച്ച രണ്ടാമത്തെ ചിത്രവുമായി.

മികച്ച നോവലുകള്‍ മികച്ച സിനിമകളായി

1978 ൽ കെ.എസ് സേതുമാധവൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നക്ഷത്രങ്ങളേ കാവൽ എന്ന സിനിമ അതേ പേരിലുള്ള പത്മരാജൻ്റ നോവലായിരുന്നു. 1974 കെ.എസ് സേതുമാധവൻ സംവിധാനം ചെയ്‌ത ചട്ടക്കാരി പമ്മൻ അതേ പേരിൽ എഴുതിയ നോവലിൻ്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു. സിനിമയാക്കിയപ്പോൾ തിരക്കഥയെഴുതിയത് തോപ്പിൽഭാസിയും.

പമ്മൻ എഴുതിയ ചട്ടക്കാരി നോവല്‍ കെ.എസ്‌ സേതുമാധവന്‍ സിനിമയാക്കിയത് അതേ പേരില്‍.

1973 ല്‍ സേതുമാധവൻ സംവിധാനം ചെയ്‌ത പണി തീരാത്ത വീട് പാറപ്പുറത്തിൻ്റെ അതേപേരിലുള്ള നോവലായിരുന്നു. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ഈ ചിത്രത്തിലൂടെ പി ജയചന്ദ്രന് മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. വയലാറും എം.എസ് വിശ്വനാഥനും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്.

1970 ൽ പാറപ്പുറത്തിൻ്റെ അരനാഴികനേരവും 1971 ൽ തകഴിയുടെ അനുഭവങ്ങൾ പാളിച്ചകളും കെ.എസ് സേതുമാധവൻ സിനിമയാക്കി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏർപ്പെടുത്തിയ 1969 ൽ അഞ്ച് പുരസ്‌കാരങ്ങൾ നേടിയ കെ.എസ് സേതുമാധവൻ്റെ കടൽപ്പാലം എന്ന ചിത്രം കെ.ടി മുഹമ്മദിൻ്റെ അതേ പേരിലുള്ള പ്രൊഫഷണൽ നാടകമായിരുന്നു.

ചിത്രത്തിലൂടെ സത്യന് മികച്ച നടനും വയലാറിന് മികച്ച ഗാനരചയിതാവിനും ജി ദേവരാജന് മികച്ച സംഗീത സംവിധായകനും പി ലീലയ്ക്ക് മികച്ച ഗായികയ്ക്കും കെ.ടി മുഹമ്മദിന് മികച്ച സംഭാഷണ രചനയ്ക്കുമുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. ചിത്രത്തിലെ ഉജ്ജയിനിയിലെ ഗായിക എന്ന എന്ന ഗാനം അനശ്വരഗാനങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു. 1968 ൽ മലയാറ്റൂരിൻ്റെ യക്ഷി കെ.എസ് സേതുമാധവൻ സിനിമയാക്കി.

1965 ൽ പി കേശവദേവിൻ്റ ഓടയിൽ നിന്ന് അതേപേരിൽ കെ.എസ് സിനിമയാക്കി. മറ്റ് ഭാഷകളിലും ഈ രീതി അവലംബിച്ചിരുന്നു. 1993 ൽ അദ്ദേഹത്തിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം മറുപക്കം ഇന്ദിര പാർഥസാരഥിയുടെ ഉച്ചിവെയിൽ എന്ന നോവലാണ്. ഇത് നാടകമായും പുറത്തിറങ്ങിയിട്ടുണ്ട്. മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള ദേശീയ പുരസ്‌കാരങ്ങൾ ഈ ചിത്രം നേടുകയുണ്ടായി.

പി കേശവദേവിൻ്റ ഓടയിൽ നിന്ന് സേതുമാധവന്‍റെ സംവിധാനത്തില്‍ 1965 ൽ പുറത്തിറങ്ങി.

ALSO READ:സംവിധായകൻ കെ.എസ് സേതുമാധവൻ അന്തരിച്ചു

ജനകീയ കലയായി സിനിമ വളർന്ന കാലഘട്ടത്തിൽ മികച്ച നോവലുകളുടെയും കഥകളുടെയും നാടകങ്ങളുടെയും സിനിമാവിഷ്‌കാരം മലയാളത്തിനു നൽകുന്നതിൽ കെ.എസ് സേതുമാധവൻ്റെ പങ്ക് വളരെ വലുതാണ്. ഇത് സിനിമയും സാഹിത്യത്തിനും ഒരുപോലെ ഗുണകരമായി എന്നതാണ് ചരിത്രം.

ABOUT THE AUTHOR

...view details