തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തില്‍വച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിചേര്‍ത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ് ശബരിനാഥന് ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. നേരത്തെ അറസ്റ്റിലായ മൂന്ന് പ്രതികളുമായി ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട്. തിരുവനന്തപുരം ജില്ല സെഷന്‍ കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ച ഗൂഢാലോചനയില്‍ ശബരിനാഥന് വ്യക്തമായ പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിക്കെതിരെ വാട്‌സ്‌ആപ്പ് സന്ദേശം സൃഷ്‌ടിച്ച ശബരിയുടെ മൊബൈല്‍ ഫോണ്‍ തെളിവായി പിടിച്ചെടുക്കേണ്ടതുണ്ട്. ഈ മൊബൈല്‍ ഫോണ്‍ കണ്ടെത്തി പിടിച്ചെടുക്കുന്നതിന് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യമുണ്ട്. ഗൂഢാലോചനയില്‍ മറ്റ് പ്രതികള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷണം നടത്തേണ്ടതുണ്ടെന്നും മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്നും കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
'ശബരിനാഥന്‍, മാസ്റ്റര്‍ ബ്രെയിന്‍':ശബരിനാഥന്‍ കുറ്റം സമ്മതിച്ചുവെന്നും അദ്ദേഹത്തെ ഇന്ന്(19.07.2022) രാവിലെ 10.50ന് അറസ്റ്റ് ചെയ്‌തുവെന്നും ഇക്കാര്യം ശബരിയുടെ സുഹൃത്തായ യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് സുധീര്‍ഷായെ അറിയിച്ചിട്ടുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മാസ്റ്റര്‍ ബ്രെയിന്‍ ശബരിനാഥ് ആണെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, കേസ് രാഷ്‌ട്രീയമായി കെട്ടിച്ചമച്ചതാണെന്നും തന്‍റെ കക്ഷി സംസ്ഥാനത്തെ അറിയപ്പെടുന്ന രാഷ്‌ട്രീയ നേതാവാണെന്നും ശബരിനാഥന്‍റെ അഭിഭാഷകന്‍ വാദിച്ചു.