കഴിഞ്ഞ അഞ്ച് വർഷം കേരളം കണ്ടത് ഡോ തോമസ് ഐസക് എന്ന സാമ്പത്തിക വിദഗ്ധന്‍റെ ബജറ്റ് അവതരണമായിരുന്നു. കവിതകളും പ്രമുഖരുടെ ഉദ്ധരണികളും അതിനൊപ്പം സാമ്പത്തിക വൈദഗ്ധ്യവും നിറഞ്ഞിരുന്ന ബജറ്റില്‍ തോമസ് ഐസക് ധനസമാഹരണത്തിനായി പല വിദ്യകളും പ്രയോഗിച്ചിരുന്നു. വികസന പദ്ധതികൾക്ക് പണം കണ്ടെത്താൻ കിഫ്‌ബി അടക്കമുള്ള പുതിയ സംരഭങ്ങൾ ആവിഷ്കരിച്ച തോമസ് ഐസക് ലോട്ടറി, മദ്യം എന്നിവയാണ് ഖജനാവ് നിറയ്ക്കാനുള്ള മാർഗ്ഗങ്ങളായി കണ്ടിരുന്നത്. പക്ഷേ രണ്ടാം പിണറായി സർക്കാരില്‍ കെഎൻ ബാലഗോപാല്‍ ധനമന്ത്രിയായി ആദ്യ ബജറ്റുമായി എത്തുമ്പോൾ എന്താകും പണപ്പെട്ടിയില്‍ കരുതിവെച്ചിരുന്നത് എന്നറിയാൻ കേരളം ആകാംക്ഷയോടെ കാത്തിരുന്നു.
ബാലഗോപാല്‍ പണപ്പെട്ടി തുറന്നപ്പോൾ
കെഎൻ ബാലഗോപാല്‍ കന്നി ബജറ്റ് അവതരിപ്പിച്ചപ്പോൾ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേരളത്തിന്‍റെ ഖജനാവ് നിറയ്ക്കാൻ മാന്ത്രിക വിദ്യകളൊന്നും പുറത്തെടുത്തില്ല എന്നതാണ് യാഥാർഥ്യം. സർക്കാരിന്‍റെ ആദ്യ ബജറ്റ് ആയിട്ടുകൂടി, ഇനി അടുത്തൊന്നും തെരഞ്ഞെടുപ്പുകൾ വരാനില്ല എന്നറിഞ്ഞിട്ടും അധിക ധനസമാഹരണത്തിനായി സാധാരണക്കാരന് അധിക ഭാരം ഏല്‍പ്പിക്കുന്ന ഒന്നും കെഎൻ ബാലഗോപാലിന്‍റെ ബജറ്റ് പ്രസംഗത്തില്‍ ഉണ്ടായില്ല. പുതിയ നികുതി നിർദ്ദേശങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല എന്നതാണ് ഈ ബജറ്റിന്‍റെ ഏറ്റവും വലിയ പ്രത്യേകത. യാഥാർഥ്യം ഉൾക്കൊണ്ട് ഈ മഹാമാരിക്കാലത്ത് കൊവിഡ് മൂന്നാം തരംഗം മുൻകൂട്ടി കണ്ട് ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതും കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ പണം വകയിരുത്തിയുമാണ് ബജറ്റ് അവതരിപ്പിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, തീരദേശം, ടൂറിസം എന്നി മേഖലകൾക്ക് പ്രത്യേക പരിഗണന നല്‍കിയ ബജറ്റ് എല്‍ഡിഎഫ് സർക്കാരിന്‍റെ പ്രകടന പത്രികയെ കൂടി അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത്.
ദീർഘവീക്ഷണം, യാഥാർഥ്യ ബോധം
എല്ലാവരും വീടുകളില്‍ അടച്ചിരിക്കുന്ന കാലത്ത് വൻകിട പദ്ധതികളും പണം വാരിക്കോരി ചെലവഴിക്കുന്ന പരിപാടികളും പ്രഖ്യാപിച്ചാല്‍ അത് ജനപ്രീതിയില്‍ ഇടിവുണ്ടാക്കും എന്ന് മനസിലാക്കിയാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വർഷം പിന്തുടർന്ന നയം അതേപടി തുടരാൻ തന്നെയാണ് പിണറായി സർക്കാരിന്‍റെ തീരുമാനം എന്ന് വ്യക്തമാണ്. വിദ്യാർഥികൾ, കർഷകർ, തൊഴിലാളികൾ, ചെറുകിട വ്യവസായികൾ, മത്സ്യത്തൊഴിലാളികൾ, അഭ്യസ്ഥവിദ്യർ, പ്രവാസികൾ, ടൂറിസം മേഖലയുമായി ബന്ധപ്പെടുന്നവർ, കെഎസ്ആർടിസി അങ്ങനെ കഴിഞ്ഞ അഞ്ച് വർഷം എല്‍ഡിഎഫ് സർക്കാരിന് ഒപ്പം നിന്നവരെയെല്ലാം ഈ ബജറ്റിലും പരിഗണിച്ചിട്ടുണ്ട്. സൗജന്യ വാക്‌സിനേഷൻ, കൊവിഡ് കാലത്ത് വിദ്യാർഥികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാൻ പദ്ധതി, അഭ്യസ്ത വിദ്യർക്ക് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച തൊഴില്‍ പദ്ധതി വിപുലീകരിക്കാനുള്ള നടപടികൾ, തദ്ദേശീയ കർഷകർക്ക് ന്യായ വില ഉറപ്പാക്കാനുള്ള പ്രഖ്യാപനം, തൊഴിലുറപ്പില്‍ 12 കോടി തൊഴില്‍ ദിനങ്ങൾ സൃഷ്ടിക്കാനുള്ള നടപടികൾ, കാർഷിക മേഖലയ്്ക്ക് 2000 കോടിയുടെ വായ്‌പ, പ്രാഥമിക സഹകരണ സംഘങ്ങൾക്ക് 2000 കോടി, കുടുംബ ശ്രീ അയല്‍ക്കൂട്ടങ്ങൾക്ക് 1000 കോടി, തീരസംരക്ഷണത്തിന് 1500 കോടിയുടെ പദ്ധതി, കടല്‍ഭിത്തി നിർമാണത്തിന് 5300 കോടി എന്നിവയെല്ലാം ഈ ബജറ്റിലെ ജനപ്രിയവും ശ്രദ്ധേയവും ദീർഘവീക്ഷണത്തോടെയുമള്ള പ്രഖ്യാപനങ്ങളാണ്.
ലക്ഷ്യം കേരളത്തിന്‍റെ ആരോഗ്യം
ആരോഗ്യമേഖലയില്‍ വൻ പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റിലുണ്ടായത്. മുൻ വർഷത്തെ ബജറ്റുകളില്‍ നിന്ന് വ്യത്യസ്തമായി ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ പണം ചെലവഴിക്കാനാണ് കെഎൻ ബാലഗോപാലിന്‍റെ ആദ്യ ബജറ്റില്‍ പറയുന്നത്. സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യ വാക്‌സിൻ നല്‍കുമെന്ന പ്രഖ്യാപിച്ച ബാലഗോപാല്‍ 18 വയസിന് മുകളിലുള്ളവർക്ക് കൊവിഡ് വാക്‌സിൻ സൗജന്യമായി നല്‍കാൻ 1000 കോടി ബജറ്റില്‍ വകയിരുത്തി. അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 500 കോടിയും അനുവദിച്ചു. സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി നേരിടാൻ 20,000 കോടിയുടെ രണ്ടാം പാക്കേജും കെഎൻ ബാലഗോപാല്‍ പ്രഖ്യാപിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ പാക്കേജില്‍ 2,800 കോടി പ്രഖ്യാപിച്ച കെഎൻ ബാലഗോപാല്‍ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും 10 ബെഡുള്ള ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കുമെന്നും പ്രഖ്യാപിച്ചു. കേരളത്തില്‍ വാക്‌സിൻ ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്നും അതിനായി 10 കോടി വകയിരുത്തിയെന്നും പറഞ്ഞു. കൊവിഡ് പ്രതിസന്ധിയില്‍ ഉപജീവനം നഷ്ടമായവർക്ക് നേരിട്ടം പണം കൈയിലെത്തിക്കുന്നതിനായി 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിന് ലോണുകൾ, പലിശ, സബ്‌സിഡി എന്നിവയ്ക്കായി 8300 കോടിയും പാക്കേജിന്‍റെ ഭാഗമായി പ്രഖ്യാപിച്ചു.
പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നതിനായി ഓരോ മെഡിക്കൽ കോളജുകളിലും ഒരു പ്രത്യേക ബ്ലോക്ക് സ്ഥാപിക്കും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഈ വർഷം തന്നെ ഐസൊലേഷൻ ബ്ലോക്കുകൾ സ്ഥാപിക്കുമെന്നും ഇതിനായി 50 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ കൊവിഡ് മൂന്നാം തരംഗം മുന്നിൽക്കണ്ട് കുട്ടികൾക്കുള്ള അടിയന്തര ചികിത്സാ സൗകര്യം ശക്തിപ്പെടുത്തും. ഇതിന്‍റെ ആദ്യപടിയായി പീഡിയാട്രിക് ഐസിയുകളിലെ കിടക്ക ശേഷി വർധിപ്പിക്കും. സ്ഥല ലഭ്യതയുള്ള ജില്ല ആശുപത്രികളിലും ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും പീഡിയാട്രിക് ഐസിയു വാർഡുകൾ നിർമിക്കുമെന്നും ബജറ്റിൽ പറയുന്നു. ഇതിന്‍റെ പ്രാരംഭഘട്ടമായി 25 കോടി രൂപ അനുവദിക്കും.
കാർഷിക രംഗം ആധുനിക വത്കരിക്കും
കാര്‍ഷിക മേഖലയെ ആധുനികവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് പ്രഖ്യാപനം നടന്നത്. കൊവിഡ് കാരണം ജോലി നഷ്‌ടപ്പെട്ടവരെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു. കാര്‍ഷിക മേഖലയിലാകെ 2000 കോടി രൂപയുടെ വായ്‌പ അടുത്ത സാമ്പത്തിക വർഷത്തില്‍ അനുവദിക്കും. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നാല് ശതമാനം പലിശ നിരക്കില്‍ നബാര്‍ഡില്‍ നിന്നുള്ള പശ്ചാത്തല സൗകര്യ പുനർ വായ്പ കേരള ബാങ്ക് മുഖേന ലഭ്യമാക്കും.