തിരുവനന്തപുരം: പത്ത് - പന്ത്രണ്ട് ക്ലാസുകളിലേയ്ക്കുള്ള പരീക്ഷകള്‍ക്ക് തുടക്കമായി. പ്ലസ്ടു പരീക്ഷ രാവിലെ 9.40 മുതൽ 11.30 വരെയും എസ്.എസ്.എല്‍.സി പരീക്ഷ ഉച്ചയ്ക്ക് ശേഷം 1.40 മുതൽ 3.30 വരെയുമാണ്. വി.എച്ച്.എസ്.ഇ പരീക്ഷയും ഇന്ന് ആരംഭിച്ചു. തെരഞ്ഞെടുപ്പ് കാരണം മാറ്റി വച്ച പരീക്ഷകളാണിവ.
പത്താം ക്ലാസ് പരീക്ഷ 29നും പ്രന്ത്രണ്ടാം ക്ലാസ് പരീക്ഷ 26നും അവസാനിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുക്കൊണ്ടാണ് പരീക്ഷ നടത്തുന്നത്. സ്‌കൂൾ കവാടത്തിൽ ശരീര താപനില പരിശോധിച്ച് സാനിറ്റൈസറും നൽകിയ ശേഷമാണ് വിദ്യാർഥികളെ പരീക്ഷാ ഹാളിലേക്ക് കടത്തി വിടുന്നത്. ക്ലാസ് മുറികൾ ഇന്നലെ തന്നെ അണുവിമുക്തമാക്കിയിരുന്നു.
പൊതു വിദ്യഭ്യാസ ഡയറക്ടര്‍ ജീവൻ ബാബു മാധ്യമങ്ങളോട് പരീക്ഷക്കെത്തുന്നവർക്ക് സാമൂഹിക അകലവും മാസ്‌കും നിർബന്ധമാണ്. കൊവിഡ് സ്ഥിരീകരിച്ചവർ, നിരീക്ഷണത്തിലുള്ളവർ എന്നിവർക്ക് പരീക്ഷ എഴുതാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു അറിയിച്ചു. ഫോക്കസ് പോയിന്‍റുകൾക്ക് പ്രധാന്യം നൽകി കൊണ്ടുള്ള ചോദ്യപേപ്പറാണ് തയ്യറാക്കിയിരിക്കുന്നത്.
ചോദ്യങ്ങളിൽ ഓപ്‌ഷനുകളും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം കൂൾ ഓഫ് ടൈമും കൂട്ടിയിട്ടുണ്ട്. 4,46471 വിദ്യാർഥികളാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത്. കേരളത്തിലും ഗൾഫിലും ലക്ഷദ്വീപിലുമായി 2004 കേന്ദ്രങ്ങളിലായാണ് പ്ലസ് ടു പരീക്ഷ. 2947 കേന്ദ്രങ്ങളിലായി 4, 22, 226 വിദ്യാർഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്.
കൊവിഡ് കാലത്ത് പരിമിതമായി മാത്രമാണ് നേരിട്ടുള്ള ക്ലാസുകള്‍ നടന്നിരുന്നത് എന്ന പ്രത്യേകതയും ഇത്തവണത്തെ അധ്യയന വര്‍ഷത്തിനുണ്ട്. അധ്യയന വര്‍ഷം പതിവു പോലെ 2020 ജൂണില്‍ തുടങ്ങിയെങ്കിലും നേരിട്ടുള്ള ക്ലാസുകള്‍ കൊവിഡ് മാനദണ്ഡം പാലിച്ച് 2021 ജനുവരി 1 മുതലാണ് ആരംഭിച്ചത്.