തിരുവനന്തപുരം :കെ-റെയിൽ കേരളത്തിന് അനിവാര്യമാണെന്ന് ഡിവൈഎഫ്ഐ. കെ-റെയിൽ അടിസ്ഥാനസൗകര്യം വളർത്തേണ്ട പ്രധാന പദ്ധതിയാണ്. ഭാവി കേരളം മുന്നിൽ കണ്ടുകൊണ്ടാണ് പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. തൊഴിലും ഭാവിയും വികസനവും ചേർത്തുവച്ചാണ് പദ്ധതിയെ നോക്കേണ്ടതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പ്രതികരിച്ചു.
വികസനം മുടക്കാൻ സർക്കാരിനെതിരെ മുന്നണി രൂപപ്പെടുന്നു. പദ്ധതിയെ എതിർക്കുന്നവർ വികസനവും തൊഴിലും മുടക്കുന്നവരാണ്. ഇതിനെതിരെ യുവജനതയെ അണിനിരത്തി ക്യാമ്പെയ്ൻ നടത്തും. 'കെ-റെയിൽ തൊഴിലും വികസനവും' എന്ന പേരിൽ ഈമാസം 25 മുതൽ 250 കേന്ദ്രങ്ങളിൽ സെമിനാർ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗൃഹ സന്ദർശനവും ലഘുലേഖ വിതരണവും ഇതോടൊപ്പം നടത്തും.
കെ-റെയിൽ കേരളത്തിന് അനിവാര്യം: ഡിവൈഎഫ്ഐ ALSO READ: കണ്ണൂർ വിസി നിയമനം : ഹൈക്കോടതി വിധി സർക്കാർ നടപടിക്കുള്ള അംഗീകാരമെന്ന് ആർ ബിന്ദു
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഏപ്രിൽ 28, 29, 30 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ നടക്കും. 619 പ്രതിനിധികൾ ഒത്തുചേരും. പാർട്ടിയുടെ അംഗത്വത്തിലും യൂണിറ്റ് എണ്ണത്തിലും നല്ല വളർച്ചയുണ്ടായി. വലതുരാഷ്ട്രീയ പാർട്ടിയിലെ യുവജനങ്ങൾ ഡിവൈഎഫ്ഐയുടെ സന്നദ്ധ പ്രവർത്തനത്തിൽ ആകൃഷ്ടരായി എത്തി. അരലക്ഷത്തിലധികം മെമ്പർഷിപ്പ് വർധനവാണ് ഇക്കാലയളവിൽ ഉണ്ടായത്.
ട്രാൻസ്ജെൻഡറുകൾക്ക് പ്രത്യേക യൂണിറ്റുകൾ സജ്ജമാക്കുന്നതിലും ഡിവൈഎഫ്ഐ നേതൃത്വം നൽകി. എന്നാൽ തൊഴിൽ ലഭിക്കുന്ന സാഹചര്യം കേരളത്തിൽ ഇല്ല. ഇതിനായി നിരവധി പദ്ധതികൾ കൊണ്ടുവരേണ്ടതുണ്ടെന്നും വി.കെ സനോജ് പറഞ്ഞു.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താൻ പാടില്ലെന്നാണ് ഡിവൈഎഫ്ഐയുടെ പ്രഖ്യാപിത നിലപാടെന്ന് സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷും പ്രതികരിച്ചു.