കേരളം

kerala

ETV Bharat / state

കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പില്‍ പിളര്‍ന്ന ദാമ്പത്യം

പാര്‍ട്ടി തന്നെ മുൻ കൈയെടുത്താണ് വിവാഹം നടത്തിയത്.

ആദ്യ മന്ത്രി വിവാഹം  കെ.ആര്‍.ഗൗരിയമ്മ  ടി.വി.തോമസ്  കെ.ആര്‍.ഗൗരിയമ്മ-ടി.വി.തോമസ് വിവാഹം  kr gowriyamma tv thomas marriage  kr gowriyamma  first ministers marriage
കെ.ആര്‍.ഗൗരിയമ്മ-ടി.വി.തോമസ് വിവാഹം

By

Published : May 11, 2021, 9:30 AM IST

തിരുവനന്തപുരം: കെ.ആര്‍.ഗൗരിയമ്മയും ടി.വി.തോമസും, സംസ്ഥാനം സാക്ഷിയായ ആദ്യ മന്ത്രി വിവാഹത്തിലെ വധൂവരൻമാർ. ഇരുവരുടെയും പ്രണയം തുടങ്ങിയതോ ജയിലിൽ വച്ചും. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ രാഷ്‌ട്രീയ തടവുകാരായി കഴിയുമ്പോള്‍ തുടങ്ങിയ അടുപ്പം വിവാഹത്തില്‍ ചെന്നെത്തുകയായിരുന്നു.

കൗതുകമായി 'മന്ത്രി പ്രണയം'

സ്വന്തം വീട്ടു മുറ്റത്തു വച്ചാണ് കെ.ആര്‍.ഗൗരിയമ്മ പുന്നപ്ര-വയലാര്‍ സമരനായകനായ ടി.വി. തോമസിനെ കാണുന്നത്. തുടര്‍ന്ന് രാഷ്‌ട്രീയ ജീവിതത്തില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തന ബന്ധം വളർന്നു. 1957ലെ ചരിത്ര മന്ത്രിസഭയില്‍ ഇരുവരും അംഗമാകുകയും ചെയ്‌തു. സാനഡു എന്ന ഓദ്യോഗിക വസതിയില്‍ ഗൗരിയമ്മയും തൊട്ടടുത്തുള്ള റോസ് ഹൗസിൽ ടി.വി.യും താമസം തുടങ്ങി. ഇരുവരും തമ്മിലുള്ള പ്രണയബന്ധം അറിഞ്ഞ് പാര്‍ട്ടി തന്നെ മുൻ കൈയെടുത്ത് വിവാഹം നടത്തി. ഗൗരിയമ്മയുടെ ഔദ്യോഗിക വസതിയായ സാനഡുവിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ഈ വാര്‍ത്തകളെല്ലാം കേരള ജനത കൗതുകത്തോടെയാണ് നോക്കി കണ്ടത്.

രണ്ടു മന്ത്രിമാര്‍ ഒരേ വീട്

വിവാഹ ശേഷം രണ്ടു കാറിലാണ് സെക്രട്ടറിയേറ്റിലേക്ക് പോകുന്നതെങ്കിലും ഉച്ചയ്‌ക്ക് ഊണ് കഴിക്കാൻ ഒരു കാറിൽ ഒരു വീട്ടിലേക്കാണ് പോകുന്നത്. ഊഷ്‌മളമായ ഈ ദാമ്പത്യത്തിന് വിള്ളലേല്‍പ്പിച്ചത് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പാണ്. 1964ല്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മിനൊപ്പം ഗൗരിയമ്മ ഉറച്ചു നിന്നു. എന്നാല്‍ ടി.വി സി.പി.ഐയോടൊപ്പമായിരുന്നു. ഇരുവരും പരസ്‌പരം മത്സരിക്കുന്ന വ്യത്യസ്‌ത പാര്‍ട്ടിയിലായി. 1967ല്‍ രണ്ട് പാര്‍ട്ടിയും ഒരുമിച്ച് മത്സരിച്ച് വിജയിച്ചപ്പോള്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ആലപ്പുഴയിലെ വീട്ടില്‍ നിന്ന് ഇരുവരും ഒരു കാറിലാണ് തിരുവനന്തപുരത്തെത്തിയത്.

വേര്‍പിരിയലിന്‍റെ വഴിയില്‍

സി.പി.എം- സി.പി.ഐ തര്‍ക്കം രൂക്ഷമായതോടെ ദാമ്പത്യ ജീവിതത്തെയും ഇത് ബാധിക്കാൻ തുടങ്ങി. ഇടക്കാലത്ത് സജീവ രാഷ്‌ട്രീയത്തില്‍ നിന്നും വിട്ടു നിന്ന ഗൗരിയമ്മ പൂര്‍ണമായും കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും ആ ദാമ്പത്യ ജീവിതം തുടര്‍ന്നില്ല. മറ്റുചില വിയോജിപ്പുകളും കൂടിയായതോടെ ആ രാഷ്‌ട്രീയ ദമ്പതികള്‍ രണ്ട് വഴിക്ക് പിരിഞ്ഞു. ദാമ്പത്യം തകർന്നതിൽ ടി.വി തോമസിന്‍റെ സുഹൃത്തുകള്‍ക്കും പങ്കുണ്ടെന്ന് ഗൗരിയമ്മ പലപ്പോഴായി ആരോപിച്ചിട്ടുണ്ട്. മാത്രമല്ല പിരിയേണ്ടിയിരുന്നില്ല എന്ന് ആഗ്രഹിച്ചിരുന്നു എന്നും.

ABOUT THE AUTHOR

...view details