കെപിസിസിയുടെ താക്കീതില്‍ പ്രതികരിച്ച് നേതാക്കള്‍ തിരുവനന്തപുരം: നേതൃത്വത്തെ വിമർശിച്ചതിന് എംപിമാരായ കെ.മുരളീധരനും എം.കെ രാഘവനും താക്കീത് നൽകിയ സംഭവത്തിൽ കെപിസിസി നീക്കം തള്ളി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് കൺവീനർ എം.എം ഹസനും. എംപിമാർക്കെതിരെ നടപടി സ്വീകരിക്കേണ്ടത് എഐസിസി നേതൃത്വമാണെന്നും അതാണ് കീഴ്‌വഴക്കമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ.മുരളീധരനും എം.കെ രാഘവനും താക്കീത് നൽകിയ സംഭവത്തിൽ നടപടി മാനദണ്ഡം പാലിച്ചല്ലെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസനും സൂചിപ്പിച്ചു.
ഇവിടെ എന്താണ് സംഭവിച്ചെന്നതിൽ വ്യക്തതയില്ല. എഐസിസി അംഗങ്ങളിൽ നിന്ന് കെപിസിസി വിശദീകരണം തേടാറില്ല. ഐക്യത്തോടെ പോകേണ്ട സമയമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇനിയൊരു തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന മുരളീധരന്‍റെ പ്രസ്‌താവനയില്‍, മുരളീധരൻ ലോക്സഭയിലേക്കാണെങ്കിലും നിയമസഭയിലേക്കാണെങ്കിലും മത്സരിക്കണമെന്നും പാർട്ടിയിൽ കൂടുതൽ ചർച്ചകളും യോജിച്ച മുന്നേറ്റവുമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ പ്രസിഡന്‍റായിരിക്കെ മുരളി വിരുദ്ധ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അന്ന് നേരിട്ട് വിളിച്ച് കാര്യം ബോധ്യപ്പെടുത്തി തിരുത്തിച്ചു. അതായിരുന്നു ചെയ്യേണ്ടതെന്നും എംപിമാർക്കെതിരെ നടപടിയെടുക്കാനുള്ള പൂർണ അധികാരം എഐസിസിക്കാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ പരസ്യമായി പറഞ്ഞ് ഒരു വിവാദം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ബ്രഹ്മപുരം കരാറിൽ ഉണ്ടായിട്ടുള്ളതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
താൻ നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചപ്പോൾ എം.ബി രാജേഷ് കമ്പനിയെ ന്യായീകരിക്കുകയാണ് ചെയ്തത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. വിശദമായ സിബിഐ അന്വേഷണം നടത്തിയാൽ മാത്രമേ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സാധികുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. പാചകവാതക വില വർധനയ്ക്കും പാവങ്ങളുടെ പണം ദുരുപയോഗം ചെയ്ത അദാനിയെ സംരക്ഷിക്കുന്ന മോദി സർക്കാരിനെതിരെയും കോൺഗ്രസ് നടത്തിയ ദേശീയ പ്രക്ഷോഭം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കൾ.
പരിപാടിയില്‍ ഡിസിസി പ്രസിഡന്‍റ് പാലോട് രവി, രമേശ് ചെന്നിത്തല, എം.എം ഹസൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. ദേശീയതലത്തിൽ പാചകവാതക പെട്രോൾ വില വർധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും നരേന്ദ്ര മോദിയുടെ കാലത്ത് 30 ഡോളർ വരെ അന്താരാഷ്‌ട്ര മാർക്കറ്റിൽ ബാരലിന് എണ്ണ വില താഴ്ന്നിട്ടും ഇവിടെ വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു. യാതൊരു നിയന്ത്രണവുമില്ലാതെ വില വർധിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാര്‍ട്ടിയില്‍ സംഭവിക്കുന്നതെന്നും മിണ്ടാതിരിക്കുന്നവര്‍ക്കേ പാര്‍ട്ടിയില്‍ സ്ഥാനമുള്ളൂ എന്നും എം.കെ രാഘവന്‍ കഴിഞ്ഞ ദിവസം പരസ്യമായി വിമര്‍ശിച്ചിരുന്നു. നിരവധി പാര്‍ട്ടി വേദികള്‍ ഉണ്ടായിട്ടും ഇത്തരത്തില്‍ പരസ്യമായി പ്രതികരണം നടത്തിയതിന് എതിരെയാണ് എം.കെ രാഘവനെ താക്കീത് ചെയ്‌തുള്ള കെപിസിസി പ്രസിഡന്‍റിന്‍റെ കത്ത്. എന്നാല്‍ തന്നെ ആരും താക്കീത് ചെയ്‌തില്ലെന്നാണ് രാഘവന്‍റെ പ്രതികരണം. എം.കെ രാഘവന്‍ പറഞ്ഞത് പ്രവര്‍ത്തകരുടെ പൊതുവികാരമാണെന്നും പാര്‍ട്ടിക്കുള്ളില്‍ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും പറഞ്ഞ് കെ.മുരളീധരനും പരാമര്‍ശത്തെ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരനും കെപിസിസി പ്രസിഡന്‍റ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുന്‍ കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ പ്രസ്‌താവനകളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് മുരളീധരനുള്ള കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. നേരത്തെ എം.കെ രാഘവന് എതിരെ എഐസിസിയുമായി ആലോചിച്ച് നടപടി എടുക്കുമെന്ന് സുധാകരന്‍ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് താക്കീത്.