തിരുവനന്തപുരം: എടുത്താല്‍ പൊങ്ങാത്ത പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി സ്വപ്‌നം വില്‍ക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വസ്‌തു, വാഹന വിപണികള്‍ തകര്‍ന്ന് കിടക്കുമ്പോള്‍ അവയുടെ വിലകൂട്ടുന്ന നടപടി സ്വീകരിച്ച ധനമന്ത്രി വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നതെന്നും മുല്ലപ്പള്ളി പരിഹസിച്ചു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ അതിന് പരിഹാരം കാണാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലില്ല. കിഫ്ബി, അതിവേഗ റെയില്‍, ജലപാത തുടങ്ങിയ എടുത്താല്‍ പൊങ്ങാത്ത പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി സ്വപ്‌നം വില്‍ക്കുകയാണ്. 50,000 കോടിയുടെ അടങ്കല്‍ പ്രതീക്ഷിക്കുന്ന അതിവേഗ റെയിലിന് എവിടെ നിന്നു പണം കിട്ടുമെന്ന് വ്യക്തമല്ല. കിഫ്ബിയില്‍ 50,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടും 5000 കോടി രൂപയുടെ പദ്ധതികള്‍ മാത്രമാണ് നാലുവര്‍ഷം കൊണ്ടു നടപ്പായത്. കിഫ്ബിക്ക് ഇതുവരെ സ്വരൂപിച്ച മൂലധനം എത്രയാണെന്ന് ധനമന്ത്രി വെളിപ്പെടുത്തണം. ജലപാത ഉടനെ തുറക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായെന്നും മുല്ലപ്പള്ളി പറഞ്ഞു.
ധനമന്ത്രി ജീവിക്കുന്നത് വിഡ്ഢികളുടെ ലോകത്തെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലില്ല. 50,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ 5000 കോടിയുടെ പദ്ധതികള്‍ മാത്രമാണ് നാലുവര്‍ഷം കൊണ്ട് നടപ്പാക്കിയെതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍
വളർച്ച മുരടിച്ച കാര്‍ഷിക മേഖലയ്ക്ക് ഗുണകരകമാകുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലില്ല. 57.5 ലക്ഷം തൊഴില്‍രഹിതര്‍ക്കും പ്രളയബാധിതര്‍ക്കും ആശ്വാസം ലഭിക്കുന്ന നടപടികളും സ്വീകരിച്ചിട്ടില്ല. നികുതി സമാഹരണത്തില്‍ വന്‍ ഇടിവ് സംഭവിച്ചതിന്‍റെ പഴി മറ്റുള്ളവരില്‍ ചാരാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. ചെലവ് ചുരുക്കുമെന്ന് ധനമന്ത്രി ആവര്‍ത്തിച്ചു പറയുന്നതല്ലാതെ ഒരു നടപടിയും ബജറ്റിലില്ല. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വിദേശയാത്രയ്ക്കും ധൂര്‍ത്തിനും നിയന്ത്രണണം ഏർപെടുത്തിയിട്ടില്ല. രാഷ്ട്രീയ കൊലപാതക കേസുകളില്‍ സിപിഎമ്മുകാരെ രക്ഷിക്കാന്‍ കോടികള്‍ വാരിയെറിയുമ്പോള്‍ ധനമന്ത്രി ചെലവ് ചുരുക്കലിനെക്കുറിച്ച് മറക്കുന്നു. തോറ്റ എംപിമാർ ഉള്‍പ്പടെയുള്ളവരെ കാബിനറ്റ് പദവി നല്‍കി കുടിയിരുത്തുമ്പോള്‍ ധനമന്ത്രി ഇത് ഓർക്കാറില്ലെന്നും മുല്ലപ്പള്ളി പരിഹസിച്ചു.