തിരുവനന്തപുരം: ലോകം അടക്കി ഭരിച്ച അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ അവസാനമായിരിക്കും പിണറായി വിജയനെയും കാത്തിരിക്കുന്നതെന്ന് കെ പിസിസി പ്രസിഡന്‍റ് കെ സുധാകരന്‍(Kpcc President K Sudhakaran's Statement Against Pinarayi Vijayan). പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ നിയമിച്ചതിനടക്കം പരിതപിക്കുമന്നും പിണറായിയുടെ അവസാനം കുറ്റബോധത്തിലായിരിക്കുമെന്നും അവസാനിക്കുകയെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. നവകേരളയാത്രയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിനെതിരെ കെപിസിസി സംഘടിപ്പിച്ച ഡിജിപി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിജിപി ഓഫീസ് മാര്‍ച്ച് കേരളത്തിന്‍റെ ജനവികാരമാണ്. സംസ്ഥാനത്തിന് കട ബാധ്യതയുണ്ടാക്കുകയാണ് പിണറായി സര്‍ക്കാര്‍. ഒരാളെ പോലും നേരില്‍ കാണാതെ എന്ത് ജന സമ്പര്‍ക്ക പരിപാടിയാണ് നടത്തുന്നത്. പ്രമാണിമാരായ ചിലരെ മാത്രമാണ് പിണറായി കാണുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡി വൈ എഫ് ഐ യുടെ ഗുണ്ടായിസത്തിനും പോലീസ് കേസിനും ഇരയാവുന്നു. ഇതാണോ ജനാധിപത്യമെന്നും സുധാകരന്‍ ചോദിച്ചു. വികസനത്തിന് പകരം സംസ്ഥാനത്തിന് കട ബാധ്യതയുണ്ടാക്കുകയാണ് പിണറായി സര്‍ക്കാരെന്നും ഇതിനൊക്കൊയും പ്രതികാരം ചെയ്യാതെ കേരളം അടങ്ങില്ലെന്നും അവരെ ഉണര്‍ത്താനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന്‍റെ തുടക്കമാണ് ഈ മാര്‍ച്ചെന്നും സുധാകരന്‍ പറഞ്ഞു.
സുധാകരന്‍റെ പ്രസംഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രസംഗിക്കാനെഴുന്നേറ്റപ്പോള്‍ തന്നെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാനൊരുങ്ങി പോലീസിനെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് വിഡി സതീശന്‍റെ പ്രസംഗത്തിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വേദിയിൽ രമേശ് ചെന്നിത്തല, കെ മുരളീധരൻ,എം പി മാരായ അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ എന്നിവരും വിവിധ എംഎൽഎമാരും ഇരിക്കവേ തന്നെ പോലീസ് കണ്ണീർവാദം പ്രയോഗിച്ചു.