കേരളം

kerala

ETV Bharat / state

സിപിഎം ഉന്നത വിദ്യാഭ്യാസ മേഖലയെ ഈജിയന്‍ തൊഴുത്താക്കി, ഗവർണറുടെ നടപടി സ്വാഗതാർഹം : കെ സുധാകരൻ

പ്രിയ വർഗീസിന്‍റെ കണ്ണൂർ സർവകലാശാലയിലെ നിയമനം മരവിപ്പിച്ച തീരുമാനത്തെയും ബന്ധു നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാനുള്ള ഗവർണറുടെ നടപടിയെയും കോൺഗ്രസ് പിന്തുണയ്ക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍  ഗവർണറിന് പിന്തുണയുമായി കോൺഗ്രസ്  കണ്ണൂര്‍ സര്‍വകലാശാല വിസി  സിപിഎം ബന്ധു നിയമനം  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  പ്രിയ വർഗീസ് നിയമനം  kpcc president k sudhakaran  k sudhakaran supports governor  governor arif muhammed khan  priya varghese kannur university  kannur university vice chancellor  കെ സുധാകരൻ
ഗവർണറുടെ നടപടി സ്വാഗതാഗർഹം: കെ സുധാകരൻ

By

Published : Aug 21, 2022, 4:44 PM IST

തിരുവനന്തപുരം : സര്‍വകലാശാല നിയമന വിവാദത്തില്‍ ഗവർണര്‍ക്ക് പിന്തുണയുമായി കോൺഗ്രസ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം മരവിപ്പിച്ചതിനെ പിന്തുണച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ രംഗത്തെത്തി. സിപിഎം നടത്തിയ ബന്ധു നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവര്‍ണറുടെ നടപടി സ്വാഗതം ചെയ്യുന്നതായും സുധാകരന്‍ പ്രസ്‌താവനയില്‍ വ്യക്തമാക്കി.

ഗവര്‍ണര്‍ പദവിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്ന നടപടിയാണിത്. സര്‍വകലാശാലകളുടെ വിശ്വാസ്യത തകര്‍ത്ത ക്ഷുദ്രശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ഗവര്‍ണര്‍ ഒറ്റയ്ക്കാവില്ല. കേരളീയ സമൂഹത്തിന്‍റെ എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ട്. വൈകിയെങ്കിലും ധീരമായ നിലപാട് സ്വീകരിച്ച ഗവര്‍ണറെ ഹൃദയത്തിന്‍റെ ഭാഷയില്‍ അഭിനന്ദിക്കുന്നതായും സുധാകരന്‍ വ്യക്തമാക്കി.

'സിപിഎമ്മിന്‍റേത് വഴിവിട്ട നിയമനങ്ങൾ': എല്‍ഡിഎഫ് ഭരണത്തിലെ ആറുവര്‍ഷങ്ങളില്‍ നടന്ന എല്ലാ ചട്ടവിരുദ്ധ നിയമനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണത്തിന് ഗവര്‍ണര്‍ തയാറാകണം. കണ്ണൂര്‍, കേരള, കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാലകളില്‍ ഇക്കാലയളവില്‍ നടന്ന നിയമനങ്ങളുമായി ബന്ധപ്പെട്ട് അര്‍ഹതയും യോഗ്യതയുമുള്ള ഉദ്യോഗാര്‍ഥികളെ മറികടന്ന് സിപിഎമ്മിന് വേണ്ടി നിരവധി ക്രമക്കേടുകളാണ് നടത്തിയത്. സിപിഎം നടത്തിയ സ്വജന പക്ഷപാത നിയമനങ്ങള്‍ക്കെല്ലാം വിസിമാരുടെ പിന്തുണയും ഉണ്ടായിരുന്നു.

സിപിഎം നടത്തുന്ന വഴിവിട്ട നിയമനങ്ങള്‍ക്ക് കുടപിടിക്കുന്ന വിസിമാർക്ക് എല്ലാ ഭരണ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി പുനര്‍നിയമനം വരെ നല്‍കി. കണ്ണൂര്‍ വിസിയുടെ പുനർനിയമനത്തില്‍ ഗവര്‍ണറെ പോലും ചോദ്യം ചെയ്‌താണ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതെന്നും സുധാകരൻ ആരോപിച്ചു. അധ്യാപക നിയമനത്തിലെ സംവരണം വരെ വിസിമാരെ ഉപയോഗിച്ച് അട്ടിമറിച്ചു.

സര്‍വകലാശാല ചാന്‍സിലറായ ഗവര്‍ണറുടെ അധികാരം കവരുന്ന ബില്ലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത് തന്നെ അധികാരത്തിന്‍റെ തണലില്‍ സിപിഎം നടത്തിയ ബന്ധു നിയമനങ്ങള്‍ അസാധുവാകാതിരിക്കാനാണ്. സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരം ഇനിയും വര്‍ധിപ്പിച്ച് ഭരണവും നിയമനങ്ങളും കൈപ്പിടിയിലൊതുക്കാനുള്ള വളഞ്ഞ വഴിയാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

'ഗവർണർക്ക് പൂർണ പിന്തുണ': വൈസ് ചാന്‍സലറെ ഇറക്കി ഗവര്‍ണര്‍ക്കെതിരെ നിഴല്‍ യുദ്ധം നടത്തുന്നതും സര്‍ക്കാരാണ്. ഇത്രയും നാള്‍ ചെയ്‌ത അഴിമതിയും ക്രമക്കേടും പിടിക്കപ്പെടുമോയെന്ന ഭയം കൊണ്ടാണ് ഗവര്‍ണര്‍ക്കെതിരെ ശക്തമായ ആക്രമണം സിപിഎം നേതാക്കള്‍ നടത്തുന്നത്. കണ്ണൂര്‍ വിസിക്കും, കേരള കലാമണ്ഡലം വിസിക്കും ഗവര്‍ണര്‍ക്കെതിരെ നിയമനടപടിയെക്കുറിച്ച് ആലോചിക്കാന്‍ പോലും ധൈര്യം നല്‍കിയതിന് പിന്നില്‍ സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും പിന്‍ബലമാണ്.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ സിപിഎം തകര്‍ത്ത് ഈജിയന്‍ തൊഴുത്താക്കി മാറ്റി. സര്‍വകലാശാലകളുടെ വിശ്വാസ്യതയും സ്വയംഭരണവും നിലനിര്‍ത്തുന്നതിന് ഗവര്‍ണര്‍ സ്വീകരിക്കുന്ന എല്ലാ സുതാര്യവും ധീരവുമായ നടപടികള്‍ക്ക് കോണ്‍ഗ്രസിന്‍റെ പിന്തുണ ഉണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.

ഏറ്റുമുട്ടി സർക്കാരും ഗവർണറും : ഡൽഹിയിലുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 25ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയാലുടൻ ബന്ധു നിയമനം അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. വിരമിച്ച ജഡ്‌ജിയും, വിരമിച്ച ചീഫ് സെക്രട്ടറിയും, ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രമുഖരും അടങ്ങുന്നതാവും സമിതിയെന്നാണ് സൂചന. എന്നാൽ നാളെ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിച്ചുരുക്കുന്നത് സംബന്ധിച്ചുള്ള ബില്ല് സർക്കാർ അവതരിപ്പിക്കും.

ABOUT THE AUTHOR

...view details