തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മുന്നറിയിപ്പുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍. എന്നും പാര്‍ട്ടിക്ക് താങ്ങും തണലുമായി നിന്നവരും പ്രവര്‍ത്തകര്‍ ഏറ്റവും ബഹുമാനിക്കുകയും ചെയ്യുന്ന നേതാക്കൾ പാര്‍ട്ടിയുമായി സഹകരിക്കണമെന്നാണ് അപേക്ഷ. പാര്‍ട്ടി ഉണ്ടാക്കിയവര്‍ പാര്‍ട്ടിയെ തകര്‍ക്കുന്ന നിലയിലേക്ക് പോകരുതെന്ന് കെ. സുധാകരൻ ആവശ്യപ്പെട്ടു.
പരമാവധി എല്ലാവരെയും സഹകരിപ്പിക്കുകയാണ് പൊതു നയം. സഹകരിക്കാത്തവരെ സഹകരിപ്പിക്കാനുള്ള മെക്കനിസമൊന്നും കൈയിലില്ല. രണ്ട് ചാനലുകളെ തമ്മില്‍ സഹകരിപ്പിക്കുന്ന എന്ന പതിവു രീതിയിലാകില്ല ഇനി കോണ്‍ഗ്രസിന്‍റെ മുന്നോട്ടു പോക്ക്. കഴിവുള്ളവരെ കണ്ടെത്തി നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്നും കെ. സുധാകരൻ പറഞ്ഞു.
ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ എല്ലാവരും നിര്‍ത്തണമെന്നും നേതാക്കള്‍ക്ക് പറയാനുള്ളത് പറയാമെങ്കിലും കോണ്‍ഗ്രസില്‍ തീരുമാനങ്ങള്‍ ഹൈക്കമാന്‍ഡിന്‍റേതാണെന്നും കെ.പി.സി.സി പ്രസിഡന്‍റ് അറിയിച്ചു. പാര്‍ട്ടിയിലുണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍ ആറുമാസത്തിനുള്ളില്‍ എല്ലാവര്‍ക്കും കാണാനാകുമെന്നും സുധാകരന്‍ പറഞ്ഞു.