തിരുവനന്തപുരം: പാലക്കാട് വിഷുദിനത്തില്‍ പിതാവിന്‍റെ കണ്‍മുന്നിലിട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകനായ സുബൈറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. നാലു മാസം മുന്‍പ് ഇതേ പ്രദേശത്ത് ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. അതാണ് ഇപ്പോള്‍ നടന്ന കൊലയ്ക്ക് കാരണമെന്നാണ് സൂചന. പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ രണ്ടാമത്തെ കൊലപാതകം ഒഴിവാക്കാമായിരുന്നുവെന്ന് കെ.സുധാകരൻ പറഞ്ഞു.
അന്ന് കൊല്ലപ്പെട്ട സഞ്ജിത്തിന്‍റെ ഉടമസ്ഥതയിലുള്ള കാര്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതിലും ദുരൂഹതയുണ്ട്. കൊലപാതകം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാതെ പോയത് ആഭ്യന്തര വകുപ്പിന്‍റെ പിടിപ്പുകേടാണെന്നും സുധാകരൻ വിമർശിച്ചു.
'കേരളത്തില്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥ': സ്വന്തം സുരക്ഷ വര്‍ധിപ്പിച്ച് അധികാര ശീതളിമയില്‍ അഭിരമിക്കുന്ന മുഖ്യമന്ത്രി ജനങ്ങളുടെ സുരക്ഷ കാര്യങ്ങളില്‍ക്കൂടി ശ്രദ്ധിക്കണം. ആരുവേണമെങ്കിലും ഏതുസമയത്തും കൊല്ലപ്പെടുന്ന സാഹചര്യമാണ് കേരളത്തില്‍. കേരളത്തില്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. ജനങ്ങള്‍ക്ക് സമാധാനപരമായ ജീവിതം ഉറപ്പാക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സുധാകരൻ.
ലഹരിമാഫിയകളുടെയും ഗുണ്ടാസംഘങ്ങളുടെയും തട്ടിപ്പ് സംഘങ്ങളുടെയും പറുദീസയായി മാറി കേരളം. ആഭ്യന്തരവകുപ്പ് നിര്‍ജീവമാണ്. കൊലപാതകങ്ങള്‍ നടന്ന ശേഷമാണ് പലപ്പോഴും പൊലീസ് അതിനെ കുറിച്ച് അറിയുന്നത്. അക്രമസാധ്യത മുന്‍കൂട്ടി തിരിച്ചറിയാനോ അത് തടയാനോ സംസ്ഥാന രഹസ്യാന്വേഷണ സംവിധാനത്തിന് കഴിയാതെ പോകുന്നത് ദയനീയമാണ്.