തിരുവനന്തപുരം: താനൂരില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥയില്‍ 22 ജീവനുകള്‍ നഷ്‌ടപ്പെട്ടതിന്‍റെ ആഘാതം മാറും മുന്‍പ് 23 വയസ് മാത്രം പ്രായമുള്ള ഒരു വനിത ഡോക്‌ടര്‍ ആശുപത്രിയില്‍ രോഗിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവം കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ലഹരി മാഫിയയും ഗുണ്ട സംഘങ്ങളും കേരളത്തെ വരിഞ്ഞുമുറുക്കുകയാണ്. ഇവരെ നിയന്ത്രിക്കാനാവാതെ വെറുമൊരു നോക്കുകുത്തിയായി ഏഴു വര്‍ഷങ്ങളായി ആഭ്യന്തര മന്ത്രിക്കസേരയില്‍ പിണറായി വിജയന്‍ ഇരിക്കുന്നു.
ഈ കുറ്റകൃത്യത്തിലെ പ്രതി സാധാരണക്കാരനല്ല. അയാള്‍ ഒരു അധ്യാപകന്‍ കൂടിയാണ്. നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നവരിലേക്ക് വരെ ലഹരി മാഫിയ പടര്‍ന്നു കയറിയിരിക്കുന്നു എന്ന സത്യം ആശങ്കാജനകമാണ്. ലഹരി-ഗുണ്ട സംഘങ്ങളെ വളര്‍ത്തിയതില്‍ സിപിഎമ്മിനും പിണറായി വിജയന്‍റെ ഭരണത്തിനുമുള്ള പങ്ക് കണ്ടില്ലെന്ന് നടിക്കരുത്.
യുഡിഎഫ് ഭരണകാലത്ത് അടിച്ചമര്‍ത്തപ്പെട്ടിരുന്ന ഗുണ്ടാ സംഘങ്ങളാണ് പിണറായി വിജയന്‍റെ ഭരണത്തിലൂടെ കേരളത്തില്‍ വീണ്ടും അഴിഞ്ഞാടുന്നത്. സ്ത്രീ സുരക്ഷയെന്നു മൈക്ക് കിട്ടുമ്പോള്‍ തള്ളി മറിക്കുന്ന മുഖ്യമന്ത്രി അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും വേണം. ആരും എവിടെ വച്ചും ആക്രമിക്കപ്പെടാം എന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്.