തിരുവനന്തപുരം: ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തിന്‍റെ പേരില്‍ കെപിസിസി അധ്യക്ഷ പദമൊഴിയാന്‍ സന്നദ്ധതയറിയിച്ച് താന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കെ സുധാകരന്‍. തന്‍റെ പേരില്‍ പുറത്തു വരുന്ന കത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങളുടെ ഭാവനാ സൃഷ്‌ടി മാത്രമാണെന്ന് സുധാകരന്‍ പ്രസ്‌താവനയിലൂടെ അറിയിച്ചു.
'ഇത്തരം ഒരു കത്ത് ഏത് കേന്ദ്രത്തില്‍ നിന്നാണ് വന്നതെന്ന് അന്വേഷിക്കും. അവാസ്‌തവമായ കാര്യങ്ങളാണ് കുറച്ചു ദിവസമായി തനിക്കെതിരെ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. ഒരു പരിശോധനയുമില്ലാതെ ഇത്തരം ഒരു വാര്‍ത്ത നല്‍കിയതിനു പിന്നില്‍ തന്നെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുക എന്ന ലക്ഷ്യം ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ് തുടങ്ങിയ ചില മാധ്യമങ്ങള്‍ക്കുള്ളതായി സംശയിക്കുന്നു. ഒരു മണിക്കൂറിലേറെ നീണ്ട പ്രസംഗത്തില്‍ ഭൂരിഭാഗം സമയവും വിനിയോഗിച്ചത് മതേതരത്വത്തിന്‍റെ പ്രാധാന്യവും ജനാധിപത്യ മൂല്യങ്ങളുടെ പ്രസക്തിയും ന്യൂനപക്ഷ സംരക്ഷണത്തിന്‍റെ വര്‍ത്തമാനകാല ആവശ്യകതയും ഊന്നി പറയാനായിരുന്നു'.
'ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് പ്രവര്‍ത്തകരെ സജ്ജമാക്കുക എന്നതായിരുന്നു അതിന്‍റെ ഉദ്ദേശ്യം. ആ സന്ദേശങ്ങളെയെല്ലാം തമസ്‌കരിച്ചും തന്‍റെ പ്രസംഗത്തിന്‍റെ ഉദ്ദേശ ശുദ്ധിയെ വക്രീകരിച്ചും കേവലം സെക്കന്‍ഡുകള്‍ മാത്രം വരുന്ന ചില വാക്യങ്ങള്‍ അടര്‍ത്തിയെടുത്ത് വിവാദം സൃഷ്‌ടിക്കുകയും ചെയ്‌തു. അതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായ ഈ കത്തു വിവാദമെന്ന് ആര്‍ക്കാണ് മനസിലാകാത്തതെന്ന്' സുധാകരന്‍ അഭിപ്രായപ്പെട്ടു.