തിരുവനന്തപുരം:നികുതി ബഹിഷ്‌കരണം നാളെ ചേരുന്ന കെപിസിസി യോഗത്തില്‍ ചർച്ച ചെയ്യുമെന്നറിയിച്ച് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. നികുതി ബഹിഷ്‌കരണം എന്ന വാക്ക് ഉപയോഗിക്കാൻ കാരണം പിണറായിയുടെ പഴയ ആഹ്വാനമാമെന്നും അത് പ്രായോഗികമാണോ എന്ന് നാളത്തെ യോഗത്തിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രായോഗികമായ മേഖലകളിൽ നികുതി ബഹിഷ്‌കരണം ഉണ്ടാകുമെന്നും സാങ്കേതികമായി ഇത് സാധ്യമല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പ്രസ്‌താവന ശരിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പരമാവധി പ്രതിരോധം: ഡീസലിന്‍റെ നികുതി ബഹിഷ്‌കരിച്ചാൽ ഡീസൽ കിട്ടില്ല. നാളത്തെ കെപിസിസി യോഗത്തിൽ ഇത് പരിശോധിക്കും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തീരുമാനിക്കാനാണ് നാളത്തെ യോഗമെന്നും നാളെ രാവിലെ കെപിസിസിയുടെ ഗൃഹസന്ദർശനം ആരംഭിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു. നികുതി വർധനവിനെ ഏതൊക്കെ രീതിയിൽ പ്രതിരോധിക്കാമോ അങ്ങനെയൊക്കെ പ്രതിരോധിക്കുമെന്നും തീപാറുന്ന സമരം തന്നെ സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസിന്‍റെ കഴിവിന്‍റെ പരമാവധി സമരം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നും മുഖ്യമന്ത്രിയെ പ്രവർത്തകർ തടഞ്ഞു. പിണറായിക്ക് ആകുമെങ്കിൽ നമുക്ക് എന്തുകൊണ്ട് പറ്റില്ല. പ്രായോഗികം ആയിട്ടുള്ള മേഖലകളിൽ നികുതി ബഹിഷ്‌കരണം ഉണ്ടാകുമെന്നും കെ.സുധാകരന്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും കെ.സുധാകരൻ അറിയിച്ചു.
കോണ്‍ഗ്രസ് മുന്നിലിറങ്ങും: 4000 കോടി രൂപ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്‌തത്. ജനങ്ങൾ എവിടെ പോകുമെന്നതാണ് ചോദ്യം. ജനങ്ങൾ അണിചേർന്നാൽ സമരം വിജയിക്കുമെന്നും കോൺഗ്രസിന്‍റെ സമരത്തിലാകെ ജനങ്ങൾ അണിചേർന്നിട്ടുണ്ടെന്നും കെ.സുധാകരന്‍ വ്യക്തമാക്കി. ഈ ജനകീയ പ്രശ്‌നത്തിൽ കോൺഗ്രസ് ജനങ്ങളോടൊപ്പമുണ്ടാകുമെന്നും ഏത് മേഖലയിലൊക്കെ പ്രതിരോധിക്കാൻ സാധിക്കുമോ അവിടെയൊക്കെ പ്രതിരോധം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെ ഒരു സമരമുഖം അടുത്ത കാലത്തൊന്നും കോൺഗ്രസ് തുറന്നിട്ടില്ല എന്നറിയിച്ച അദ്ദേഹം സാങ്കേതികമായി നികുതി ബഹിഷ്‌കരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും ബഹിഷ്‌കരിക്കാൻ കഴിയുന്നത് ബഹിഷ്‌കരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.