തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണക്കേസില്‍ അറസ്റ്റ് ചെയ്‌ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി നീതിന്യായ വ്യവസ്ഥയുടെ അന്തസ് ഉയര്‍ത്തുന്നതാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി. സര്‍ക്കാരും പൊലീസും ഭരണമുന്നണിയും കോണ്‍ഗ്രസിനെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ നടത്തിയ ഗൂഢനീക്കങ്ങള്‍ക്കേറ്റ കനത്ത പ്രഹരം കൂടിയാണ് ജിതിന് ജാമ്യം ലഭിച്ച സംഭവം. കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജിതിനെ അറസ്റ്റ് ചെയ്‌തതെന്നും കെ സുധാകരൻ വ്യക്തമാക്കി.
സുധാകരൻ പറയുന്നു: കഞ്ചാവ് കേസില്‍ ഉള്‍പ്പെടുത്തും എന്നുള്‍പ്പെടെ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് ജിതിന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് കണ്ടെത്തിയെന്ന് പറയുന്ന സാഹചര്യത്തെളിവുകളും ശാസത്രീയ തെളിവുകളും പൊള്ളയാണെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ ഇടയായത് ജാമ്യം ലഭിക്കുന്നതിന് സഹായകമായി. അക്രമി സഞ്ചരിച്ച സ്‌കൂട്ടറിന്‍റെ രജിസ്‌ട്രേഷന്‍ നമ്പര്‍ തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്‍റെ ഓരോ ഘട്ടത്തിലും പരസ്‌പര വിരുദ്ധമായ നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ഈ വൈരുദ്ധ്യം കോടതിക്കും ബോധ്യമായെന്നും കെ സുധാകരൻ പറഞ്ഞു.