കേരളം

kerala

ETV Bharat / state

'വന്യമൃഗങ്ങള്‍ നാട്ടില്‍, സര്‍ക്കാര്‍ പന്തംകണ്ട പെരുച്ചാഴിയെപ്പോലെ': സര്‍ക്കാരിനെതിരെ കെ സുധാകരന്‍ - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

മയക്കുവെടി വച്ചാല്‍പോലും ഇളകാത്ത മുഖ്യമന്ത്രിയും വനമന്ത്രിയും ജനങ്ങളുടെ പരിഭ്രാന്തി കണ്ടില്ലെന്നു നടിക്കുകയാണെന്ന് സുധാകരന്‍ ആരോപിച്ചു

k sudhakaran  wild animal attack  government  cpim  pinarayi vijayan  congress  wild animal attack death  latest news in trivandrum  latest news today  വന്യമൃഗങ്ങള്‍  സര്‍ക്കാര്‍  സര്‍ക്കാരിനെതിരെ കെ സുധാകരന്‍  കെ സുധാകരന്‍  മുഖ്യമന്ത്രി  വനമന്ത്രി  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
വന്യമൃഗങ്ങള്‍ നാട്ടില്‍, സര്‍ക്കാര്‍ പന്തംകണ്ട പെരുച്ചാഴിയെപ്പോലെ; സര്‍ക്കാരിനെതിരെ കെ സുധാകരന്‍

By

Published : May 24, 2023, 6:26 AM IST

തിരുവനന്തപുരം:വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന വിമര്‍ശനവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. കേരളത്തിലെ കാടു നിറഞ്ഞ് വന്യമൃഗങ്ങള്‍ വളരുകയും അവ ജനങ്ങളെ വ്യാപകമായി ആക്രമിക്കുകയും ചെയ്യുമ്പോള്‍, ജനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ പന്തംകണ്ട പെരുച്ചാഴിയെപ്പോലെ അന്തംവിട്ടു നില്‍ക്കുകയാണ്. മയക്കുവെടി വച്ചാല്‍പോലും ഇളകാത്ത മുഖ്യമന്ത്രിയും വനമന്ത്രിയും ജനങ്ങളുടെ പരിഭ്രാന്തി കണ്ടില്ലെന്നു നടിക്കുകയാണെന്ന് സുധാകരന്‍ ആരോപിച്ചു.

2011 മുതല്‍ കൊല്ലപ്പെട്ടത് 1325 പേര്‍: സുപ്രീം കോടതി വിധികളും കാലാവസ്ഥാമാറ്റം മൂലമുള്ള പ്രതിസന്ധികളും നിലനില്‍ക്കെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സര്‍ക്കാരും വനംവകുപ്പും ജനങ്ങളില്‍നിന്ന് ഏറെ ഒറ്റപ്പെട്ടിരിക്കുന്നു. വന്യമൃഗങ്ങളെ ആക്രമിച്ചെന്നും വനാതിര്‍ത്തിയില്‍ കടന്നെന്നും ആരോപിച്ച് 48,000 കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്. വന്യജീവി ആക്രമണത്തില്‍ 2011 മുതല്‍ 2022 വരെ സംസ്ഥാനത്ത് 1,325 പേര്‍ കൊല്ലപ്പെട്ടു.

രണ്ടരലക്ഷം പേര്‍ ആക്രമണങ്ങള്‍ക്കും കൃഷിനാശത്തിനും ഇരയായി. തലമുറകളുടെ അധ്വാനഫലമായ കൊക്കോ, കമുക്, തെങ്ങ്, പ്ലാവ് തുടങ്ങിയ ദീര്‍ഘകാല വിളകള്‍ പോലും വ്യാപകമായി നശിപ്പിക്കപ്പെടുന്നു. സര്‍ക്കാര്‍ നല്‍കുന്ന തുച്ഛമായ നഷ്‌ടപരിഹാരം പോലും കര്‍ഷകര്‍ക്കു കിട്ടാറില്ല.

കേരളത്തില്‍ 1993ല്‍ 4,840 കാട്ടുപോത്തുകളുണ്ടായിരുന്നത് 2023ല്‍ 21,952 ആയി കുതിച്ചുയര്‍ന്നു. ഇന്ത്യയിലെ 25,000 കാട്ടാനകളില്‍ ഏഴായിരവും വിസ്‌തൃതിയില്‍ 1.18 ശതമാനം മാത്രമുള്ള കേരളത്തിലാണ്. ഒരാനയ്ക്ക്‌ മേയാന്‍ ശരാശരി 25 ഏക്കര്‍ കാട് വേണമെന്നിരിക്കെ, 500ല്‍ താഴെ കാട്ടാനകളെ ഇവിടെ പാടുള്ളു.

കണ്ണുതുറക്കാതെ സര്‍ക്കാര്‍:വയനാട്ടില്‍ മാത്രം ആയിരത്തിലേറെ കാട്ടാനകളുണ്ട്. സംസ്ഥാനത്ത് ആകെയുള്ള 190 കടുവകളില്‍ 154 എണ്ണവും വയനാട് വന്യജീവി സങ്കേതത്തിലാണ്. ഒരു കടുവയ്ക്ക് 20-100 ച.കി.മീ ടെറിറ്ററി വേണമെന്നിരിക്കെ വയനാട്ടില്‍ ലഭിക്കുന്നത് 2.1 ച. കി.മീ മാത്രമാണ്.

രണ്ട് ലക്ഷത്തിലധികം കാട്ടുപന്നികള്‍ ഉള്‍പ്പെടെ എല്ലാ വന്യമൃഗങ്ങളും പെറ്റുപെരുകുന്നു. കാടിന് അവയെ പോറ്റാനാകാതെ വരുമ്പോള്‍ അവ നാട്ടിലേക്കിറങ്ങുകയാണ്. ഈ അതീവഗുരുതരമായ സാഹചര്യത്തിലും സര്‍ക്കാര്‍ കണ്ണുതുറക്കുന്നില്ല.

മനുഷ്യ- മൃഗ സംഘര്‍ഷത്തെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകളും ക്രിയാത്മക നടപടികളുമാണ് സര്‍ക്കാരില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്. കേന്ദ്ര വനനിയമത്തില്‍ മാറ്റം വരുത്താന്‍ ആവശ്യമായ ചര്‍ച്ചകള്‍ക്കും നിയമനടപടികള്‍ക്കും അടിയന്തരമായി തുടക്കം കുറിക്കണം. കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മരണമഞ്ഞവരുടെ വീടു സന്ദര്‍ശിക്കാനോ അവര്‍ അര്‍ഹിക്കുന്ന നഷ്‌ടപരിഹാരം നല്‍കാനോ തയാറാകാത്ത വനംമന്ത്രിയില്‍ നിന്നോ വനംവകുപ്പില്‍ നിന്നോ ഒന്നും പ്രതീക്ഷിക്കേണ്ടെന്നും സുധാകരന്‍ പ്രസ്‌താവനയില്‍ കുറ്റപ്പെടുത്തി.

ആയൂരില്‍ ഭീതി പരത്തി കാട്ടുപോത്ത്: കഴിഞ്ഞ ദിവസം കൊല്ലം ആയൂരില്‍ കണ്ട കാട്ടുപോത്ത് വനത്തിലേയ്‌ക്ക് കയറിയതായി സൂചന ലഭിച്ചിരുന്നു. കൂടുക്കത്ത് പാറ-മൂന്‍കുളം മേഖലയിലെ വനത്തിലാണ് കാട്ടുപോത്ത് കയറിയതെന്നാണ് വിവരം. കാട്ടുപോത്തിന്‍റെ കാല്‍പാദം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.

വെള്ളിയാഴ്‌ച വൈകിട്ടോടെയാണ് കാട്ടുപോത്ത് ആയൂരിലെ ജനവാസ മേഖയിലെത്തിയത്. ഇതിന്‍റെ ഭാഗമായി രണ്ട് വിഭാഗങ്ങളിലായി തിരിഞ്ഞാണ് വനപാലകര്‍ തെരച്ചില്‍ നടത്തിയത്. പലയിടങ്ങിളിലും കാട്ടുപോത്തിനെ കണ്ടിരുന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കാട്ടുപോത്ത് അതിവേഗം ഓടി വള്ളിപ്പടര്‍പ്പിലേയ്‌ക്ക് മറയുന്നതിനാല്‍ മയക്കുവെടി വയ്‌ക്കാനും കഴിഞ്ഞിരുന്നില്ല.

ABOUT THE AUTHOR

...view details