തിരുവനന്തപുരം: കെ റെയിലിനായി വാശിപിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ കണ്ണ് പദ്ധതിയിലൂടെ ലഭിക്കുന്ന കമ്മിഷനിലെന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ. ലക്ഷകണക്കിന് കോടികളുടെ പദ്ധതി നടപ്പാക്കുമ്പോൾ ലഭിക്കുന്ന 5 ശതമാനം കമ്മിഷനാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. പാർട്ടി ഓഫിസിലേയോ വീട്ടിലേയോ പണമല്ല ജനത്തിൻ്റെ പണമാണ് ഇതിനായി ചെലവഴിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.
കെ റെയിൽ സര്‍വേ കല്ലുകള്‍ പിഴുതറിയും, മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ. സുധാകരൻ ലാവ്ലിൻ മുതൽ കമ്മിഷൻ വാങ്ങാൻ മുഖ്യമന്ത്രി മിടുക്കനാണ്. അതിന്‍റെ ഓർമകളാണ് കെ റെയിലിനെ നല്ല കൊയ്ത്തായി കാണുന്നത്. പണക്കൊതിയൻ്റെ മനസ് മുഖ്യമന്ത്രി വെടിഞ്ഞില്ലെങ്കിൽ കോൺഗ്രസിനെ നേരിടാൻ തയാറാകണം. കെ റെയിൽ നടപ്പിലാക്കാൻ കഴിയാത്ത സ്വപ്‌നമാണെന്നും കെപിസിസി പ്രസിഡന്‍റ് മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിക്ക് വാശിയെങ്കിൽ യുദ്ധത്തിനൊരുങ്ങി കോൺഗ്രസ്
വാശിയോടെ നീങ്ങിയാൽ യുദ്ധ സന്നാഹവുമായി കോൺഗ്രസ് രംഗത്തിറങ്ങും. കെ റെയിലിനായി സ്ഥാപിച്ച കുറ്റികൾ വലിച്ചെറിയും. ക്രമസമാധാന പ്രശ്‌നം നേരിടാമെങ്കിൽ മുഖ്യമന്ത്രിക്ക് മുന്നോട്ട് പോകാം. ആദ്യഘട്ട പ്രതിഷേധത്തിൻ്റെ ഭാഗമായി കോൺഗ്രസ് ഗൃഹസന്ദർശനം, ലഘുലേഖ വിതരണം, വിദഗ്‌ധരെ പങ്കെടുപ്പിച്ച് സെമിനാർ എന്നിവ നടത്തും. എന്നിട്ടും സർക്കാർ മുന്നോട്ട് പോയാൽ കുറ്റി പിഴുതെറിയലുമായി മുന്നോട്ട് പോകും.
സ്ഥലം ഏറ്റെടുക്കുമ്പോൾ നൽകുന്ന പുനരധിവാസ പാക്കേജ് മുഖ്യമന്ത്രിയുടെ ഔദാര്യമല്ലെന്നും മറിച്ച് ജനങ്ങളുടെ അവകാശമാണെന്നും സുധാകരൻ പറഞ്ഞു. ജനങ്ങളെ പ്രലോഭിക്കുകയാണ്. വസ്‌തുത മനസിലാക്കുമ്പോൾ പദ്ധതിയെ അനുകൂലിക്കുന്നവർ മറിച്ചൊരു അഭിപ്രായം സ്വീകരിക്കുമെന്നുറപ്പാണ്. മുഖ്യമന്ത്രി കണ്ടവരെയെല്ലാം കോൺഗ്രസും കാണും. തെറ്റ് ആര് ന്യായീകരിച്ചാലും ശരിയാകില്ല. ധിക്കാരിയായ മുഖ്യമന്ത്രിക്കു മുമ്പിൽ കോൺഗ്രസ് വഴങ്ങില്ലെന്നും സുധാകരൻ വ്യക്തമാക്കി.
Also Read: സിപിഎമ്മും സിപിഐയും തമ്മില്‍ ദൃഢബന്ധം: ബിനോയ് വിശ്വം