കേരളം

kerala

ETV Bharat / state

തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ വീണ്ടും യോഗം വിളിച്ച് കെപിസിസി രാഷ്ട്രീയ കാര്യസമിതി - kpcc meeting news

തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന വിപുലമായ രാഷ്ട്രീയകാര്യ സമിതി യോഗം ജനുവരി ആറ്, ഏഴ് തിയതികളിൽ നടക്കും

കെപിസിസി യോഗം വാര്‍ത്ത  തെരഞ്ഞെടുപ്പ് തോല്‍വി വാര്‍ത്ത  kpcc meeting news  election failer news
കെപിസിസി

By

Published : Dec 17, 2020, 11:36 PM IST

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയിൽ നേതൃത്വത്തിനെതിരെ കെപിസിസി രാഷ്ട്രീയ കാര്യസമിതിയിലും നേതാക്കളുടെ രൂക്ഷ വിമർശനം. തോൽവി വിലയിരുത്താൻ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന വിപുലമായ രാഷ്ട്രീയകാര്യ സമിതി യോഗം ചേരാനും തീരുമാനിച്ചു. ജനുവരി ആറ്, ഏഴ് തിയതികളിൽ നടക്കുന്ന യോഗത്തിൽ കെപിസിസിയുടെ മുഴുവൻ ഭാരവാഹികളും ജനപ്രതിനിധികളും ഉൾപ്പടെ പങ്കെടുക്കും.

വെൽഫെയർ പാർട്ടി വിഷയത്തിൽ ഏകോപനത്തിന് പകരം പാർട്ടി അധ്യക്ഷൻ തർക്കത്തിന് നേതൃത്വം നൽകിയെന്ന് വ്യാഴാഴ്‌ച നടന്ന യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു. നേതാക്കൾ തമ്മിലുള്ള വാക്പോര് അപകടമുണ്ടാക്കി. അനാവശ്യ വിവാദം ഒഴിവാക്കണമായിരുന്നുവെന്നും യോഗത്തിൽ നേതാക്കൾ തുറന്നടിച്ചു. പാർട്ടിയിൽ താഴെ തട്ടുമുതൽ അഴിച്ചു പണി വേണമെന്ന് കെ സുധാകരനും പിജെ കുര്യനും യോഗത്തിൽ ആവശ്യപ്പെട്ടു.

സ്ഥാനാർഥി നിർണയം ഗ്രൂപ്പ് അടിസ്ഥാനത്തിൽ ആയിരുന്നുവെന്ന് വിഎം സുധീരൻ വിമർശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തോൽവി നേതൃത്വം അംഗീകരിക്കണമെന്ന് ഷാനിമോൾ ഉസ്‌മാനും വിഡി സതീശനും യോഗത്തിൽ ആവശ്യപ്പെട്ടു. പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന് കെ. മുരളീധരനും പിസി ചാക്കോയും ആരോപിച്ചു. ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നൽകിയപ്പോൾ പോലും രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ച ഉണ്ടായില്ലെന്നും ആക്ഷേപം ഉയർന്നു.

അതേ സമയം തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവർത്തിച്ചു. എന്നാൽ കണക്കുകൾ നിരത്തി തോൽവി ന്യായീകരിക്കേണ്ടെന്നാണ് നേതാക്കളുടെ നിലപാട്. 2015 ലെ കണക്ക് നിരത്തി പരാജയം മറയ്ക്കാനാകില്ലെന്നും അംഗങ്ങൾ പറഞ്ഞു.

ABOUT THE AUTHOR

...view details