തിരുവനന്തപുരം:കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്. മുല്ലപ്പള്ളി രാമചന്ദ്രന്‍ അദ്ധ്യക്ഷനായിട്ട് ഒരു വര്‍ഷവും നാല് മാസവും കഴിഞ്ഞിട്ടും പുനസംഘടന പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് സമിതിയില്‍ ചര്‍ച്ചയാവും. ഉപതെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പുനസംഘടന ഇനിയും നീട്ടരുതെന്ന അഭിപ്രായം യോഗത്തിലുയരും. രാഷ്ട്രീയ കാര്യ സമിതിയോഗത്തിന് മുന്നോടിയായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തി.
കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന്
ഉപതെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോല്‍വി ചര്‍ച്ച ചെയ്യുമെങ്കിലും പുനസംഘടനയാവും പ്രധാന ചര്‍ച്ച
ഭാരവാഹികളുടെ കാര്യത്തില്‍ ഏകദേശ ധാരണയായെന്നാണ് സൂചനകൾ. ഒരാള്‍ക്ക് ഒരു പദവി എന്ന വാദം നേരത്തേ ഉയര്‍ന്നെങ്കിലും അതു കര്‍ശനമായി നടപ്പാക്കേണ്ടെന്ന കാര്യത്തില്‍ ധാരണയായി. ഇതോടെ എം.എല്‍.എമാരും എം.പിമാരും ഭാരവാഹി പട്ടികയില്‍ ഇടം പിടിക്കുമെന്നുറപ്പാണ്. നവംബറില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഡി.സി.സി പുന സംഘടനയും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചചെയ്യും. തൃശൂര്‍, പാലക്കാട്, ഡി.സി.സി പ്രസിഡന്‍റുമാര്‍ എം.പിമാരായതും എറണാകുളം ഡിസസി പ്രസിഡന്‍റ് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ഡി.സി.സികൾ പുന സംഘടിപ്പിക്കണമെന്ന അഭിപ്രായം ശക്തമാണ്. ശരാശരിയിലും താഴെ പ്രവര്‍ത്തനം ഉള്ള ഏതാനും ഡിസിസികൾ മാറ്റണമെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. വട്ടിയൂര്‍കാവ്, കോന്നി പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട, തിരുവനന്തപുരം ഡിസിസികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരും. പരാജയം വിലയിരുത്താന്‍ ഉപസമിതി രൂപീകരിക്കും. വാളയാര്‍ അടക്കമുള്ള വിഷയങ്ങളില്‍ തുടര്‍ സമരങ്ങളും യോഗം ചര്‍ച്ച ചെയ്യും.