തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയില്‍ അതൃപ്‌തി പ്രകടിപ്പിച്ച് മാധ്യമങ്ങളിലൂടെ പരസ്യ വിമര്‍ശനം നടത്തിയ കെ.ശിവദാസന്‍ നായര്‍ക്കെതിരായ അച്ചടക്ക നടപടി കെ.പി.സി.സി പിന്‍വലിച്ചു. ശിവദാസന്‍ നായര്‍ ഖേദം പ്രകടിപ്പിക്കുകയും തൃപ്‌തികരമായ വിശദീകരണം നല്‍കുകയും ചെയ്‌ത സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ സസ്‌പെന്‍ഷന്‍ റദ്ദാക്കാനും പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനും തീരുമാനിച്ചതായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ അറിയിച്ചു. മുന്നോട്ടുള്ള പ്രയാണത്തില്‍ പാര്‍ട്ടിക്ക് കരുത്തും ശക്തിയും നല്‍കാന്‍ ശിവദാസന്‍ നായരുടെ സേവനം ആവശ്യമാണെന്ന് സുധാകരന്‍ വ്യക്‌തമാക്കി.
ഡിസിസി പുനഃസംഘടനയില്‍ അതൃപ്‌തി രേഖപ്പെടുത്തി കെ.പി.സി.സി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.അനില്‍കുമാറും ശിവദാസന്‍ നായരും രംഗത്തു വന്നിരുന്നു. തൊട്ടു പിന്നാലെ ഇരുവരെയും കെ.പി.സി.സി സസ്‌പെന്‍ഡ് ചെയ്യുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. പിന്നീട് ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായി സുധാകരന്‍ നടത്തിയ ചര്‍ച്ചകളിലെ പ്രധാന ആവശ്യങ്ങളിലൊന്ന് ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നതായിരുന്നു. എന്നാല്‍ അനില്‍കുമാറിന്‍റെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മൗനം പാലിച്ചതോടെ അനില്‍കുമാറിന് പുറത്തേക്കുള്ള വഴിയൊരുങ്ങി.