തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം പിന്നിട്ടിട്ടും സ്ഥാനാര്‍ഥികള്‍ക്ക് ചില്ലി കാശ് നല്‍കാനാകാതെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി. സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികള്‍ പണം കണ്ടെത്തണമെന്നാണ് സാമ്പത്തിക സഹായം തേടിയ സ്ഥാനാര്‍ഥികള്‍ക്കു മുന്നില്‍ കെ.പി.സി.സിയുടെ നിലപാട്. ഇതിനായി സ്ഥാനാര്‍ഥികള്‍ക്ക് 100 രൂപ മുതല്‍ 1000 രൂപ വരെയുളള സംഭാവന കൂപ്പണുകള്‍ കെ.പി.സി.സി അച്ചടിച്ചു നല്‍കും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ മുഖേന നല്‍കുന്ന കൂപ്പണ്‍ ഉപയോഗിച്ച് അഭ്യുദയകാംക്ഷികളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ആവശ്യമായ പണം സ്വരൂപിക്കാനാണ് നിര്‍ദേശം.
കെ.പി.സി.സി കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ - കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി
സ്വന്തം നിലയില്‍ പണം കണ്ടെത്താന്‍ സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ദേശം
അതേസമയം പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് എല്ലാ സഹായവുമായി സി.പി.എമ്മിന്‍റെയും ബി.ജെ.പിയുടെയും സംസ്ഥാന നേതൃത്വം ഓടി നടക്കുമ്പോഴാണ് പണമില്ലാതെ കോണ്‍ഗ്രസ് നേതൃത്വം കുഴങ്ങുന്നത്. കൂപ്പണ്‍ ഉപയോഗിച്ച് പിരിച്ചെടുക്കുന്ന പണത്തിന്‍റെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പിനു ശേഷം വാര്‍ഡ് കമ്മിറ്റികള്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് നല്‍കണം. വാര്‍ഡ് തലം മുതല്‍ ബ്ലോക്ക് തലം വരെ സ്ഥാനാര്‍ഥികള്‍ക്ക് 20,000 മുതല്‍ 50,000 രൂപ വരെ കൂപ്പണുകളാണ് അനുവദിക്കുക. എന്നാല്‍ നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്കു മാത്രമാണ് എ.ഐ.സി.സിയുടെ സാമ്പത്തിക സഹായം കെ.പി.സി.സിക്കു ലഭിക്കുകയെന്നും ചിലപ്പോൾ നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ക്കു പോലും പണം നല്‍കാറില്ലെന്നും കെ.പി.സി.സി ഔദ്യോഗിക വിശദീകരണം നല്‍കി.