വി പി സജീന്ദ്രൻ വാര്‍ത്ത സമ്മേളനത്തില്‍ തിരുവനന്തപുരം: വൈക്കം സത്യഗ്രഹ സമരത്തിന്‍റെ ശതാബ്‌ദി ആഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങളുമായി കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ മാർച്ച് 30ന് വൈക്കത്ത് അഖിലേന്ത്യ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെ ഉദ്‌ഘാടനം ചെയ്യുമെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് വിപി സജീന്ദ്രൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഉദ്‌ഘാടന സമ്മേളനത്തിന് മുന്നോടിയായി പ്രമുഖ നേതാക്കൾ നയിക്കുന്ന വിവിധ പ്രചരണ ജാഥകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്‌ഘാടന സമ്മേളനം നടക്കുന്ന വൈക്കം ടി കെ മാധവൻ നഗറിൽ എത്തിച്ചേരുന്ന രീതിയിലാണ് ജാഥ നടത്തുന്നത്. കേരളത്തിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിൽ നിന്നാകും ജാഥ ആരംഭിക്കുക. മാർച്ച് 29ന് രാവിലെ 9 മണിക്ക് ആലുവ യുസി കോളജിൽ മഹാത്മാഗാന്ധി നട്ട വൃക്ഷച്ചുവട്ടിൽ നിന്ന് ആരംഭിച്ച് സമ്മേളന നഗരിയിൽ എത്തിച്ചേരുന്ന ജാഥ ബെന്നി ബെഹനാൻ എംപി ഉദ്‌ഘാടനം ചെയ്യും. യുഡിഎഫ് കൺവീനർ എം എം ഹസൻ ആണ് ജാഥ ക്യാപ്റ്റൻ.
ഈറോഡ് നിന്ന് സ്‌മൃതി ജാഥ:മാർച്ച് 25ന് തമിഴ്‌നാട്ടിലെ ഈറോഡ് പെരിയോർ ഇ വി രാമസ്വാമി നായ്ക്കരുടെ ജന്മസ്ഥലത്ത് നിന്ന് ആരംഭിക്കുന്ന സ്‌മൃതി ജാഥ മുൻ പിസിസി പ്രസിഡന്‍റും എംഎൽഎയുമായ ഇ വി കെ എസ് ഇളങ്കോവൻ നയിക്കും. വി ടി ബൽറാം ആണ് വൈസ് ക്യാപ്റ്റൻ. 28ന് വൈകിട്ട് 5 മണിക്ക് നവോഥാന സമ്മേളനം പാലക്കാട് നടക്കും.
അരുവിപ്പുറത്ത് നിന്ന് ആരംഭിച്ച് വൈക്കത്ത് എത്തുന്ന കേരള നവോഥാന സ്‌മൃതിജാഥ കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി നയിക്കും. കെപിസിസി വൈസ് പ്രസിഡന്‍റ് എന്‍ ശക്തന്‍, ജനറല്‍ സെക്രട്ടറിമാരായ ജി സുബോധന്‍, ജി എസ് ബാബു എന്നിവരാണ് ജാഥയുടെ വൈസ് ക്യാപ്റ്റൻമാർ. അടൂര്‍ പ്രകാശ് എംപി നയിക്കുന്ന അയിത്തോച്ചാടന ജ്വാലാപ്രയാണ ജാഥ ചെട്ടിക്കുളങ്ങര ടി കെ മാധവന്‍റെ സ്‌മൃതി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കും.
ആന്‍റോ ആന്‍റണി എംപി നയിക്കുന്ന വൈക്കം സത്യഗ്രഹ രക്തസാക്ഷി സ്‌മൃതി ചിത്ര ഘോഷയാത്ര ചിറ്റേടത്ത് ശങ്കുപിള്ളയുടെ ജന്മഗൃഹമായ കോഴഞ്ചേരിയില്‍ നിന്ന് ആരംഭിക്കും. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു, ജോസി സെബാസ്റ്റ്യന്‍ എന്നിവരാണ് ജാഥയുടെ വൈസ് ക്യാപ്റ്റൻമാർ. കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ നയിക്കുന്ന മലബാര്‍ നവോഥാന നായക ഛായാചിത്ര ജാഥ കോഴിക്കോട് നിന്ന് ആരംഭിക്കും.
സെമിനാറും ചിത്ര പ്രദര്‍ശനവും: ജനറല്‍ സെക്രട്ടറിമാരായ കെ എ തുളസി, സോണി സെബാസ്റ്റ്യന്‍, ആലിപ്പറ്റ ജമീല എന്നിവരാണ് ജാഥയുടെ വൈസ് ക്യാപ്റ്റന്മാർ. ഉദ്‌ഘാടന സമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. വൈക്കം സത്യാഗ്ര സമരം ശതാബ്‌ദി ആഘോഷങ്ങളുടെ ജില്ല തല ഉദ്‌ഘാടനവും ഇതോടൊപ്പം നടക്കും. ആഘോഷങ്ങളുടെ ഭാഗമായി മെയ്, ജൂൺ മാസങ്ങളിൽ വൈക്കം സത്യാഗ്രഹ ചരിത്ര കോൺഗ്രസ് കനകക്കുന്ന് കൊട്ടാരത്തിൽ വച്ച് നടക്കും. അന്താരാഷ്‌ട്ര സെമിനാറുകൾ, കേരള നവോഥാനവുമായി ബന്ധപ്പെട്ട ചിത്ര പ്രദർശനം എന്നിവ ഇതോടൊപ്പം നടക്കുമെന്ന് രാഷ്‌ട്രീയകാര്യ സമിതി അംഗം എം ലിജു പറഞ്ഞു.