തിരുവനന്തപുരം : സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപി പ്രഖ്യാപിച്ച ഏകീകൃത സിവില്‍ കോഡില്‍ വര്‍ഗീയ വികാരം ആളിക്കത്തിക്കാനാണ് സിപിഎം ശ്രമമെന്ന് കെപിസിസി. ഏക വ്യക്തി നിയമം നടപ്പാക്കുമെന്ന് ബിജെപി ആവര്‍ത്തിച്ചുപറയുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സാമുദായിക, വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്ന് കെപിസിസി നേതൃയോഗം വിലയിരുത്തി. ഏക വ്യക്തി നിയമത്തിന്‍റെ പേരില്‍ വര്‍ഗീയ വികാരം ആളിക്കത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്ന ഗൂഢ ലക്ഷ്യവുമായാണ് സിപിഎം രംഗത്തുവന്നിരിക്കുന്നത്.
കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏകവ്യക്തി നിയമം ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ മാത്രം പ്രശ്‌നമല്ല. രാജ്യം മുഴുവന്‍ ഒരു നിയമം എന്നാണ് ഏകവ്യക്തിനിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയ്‌ക്കെല്ലാം എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരൊറ്റ നിയമം എന്നാണ് ഏകവ്യക്തി നിയമമെന്നത് കൊണ്ട് ലക്ഷ്യമിടുന്നത്. രാജ്യത്തെ വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്നത് വിവിധങ്ങളായ വ്യക്തി നിയമങ്ങള്‍ മൂലമാണ്. വൈവിധ്യങ്ങളെ ഇല്ലാതാക്കുക എന്നതാണ് വ്യക്തി നിയമം ഏകീകരിക്കുന്നതിലൂടെ ബിജെപിയുടെ ലക്ഷ്യം.
ബിഎസ് ചൗഹാന്‍ നിയമ കമ്മിഷന്‍ :മോദി സര്‍ക്കാര്‍ 2016ല്‍ നിയോഗിച്ച ജസ്റ്റിസ് ബിഎസ് ചൗഹാന്‍ നിയമ കമ്മിഷന്‍ 2018ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഏക വ്യക്തി നിയമം ഇപ്പോള്‍ നടപ്പാക്കേണ്ട ആവശ്യമേയില്ലെന്നാണ് സുചിന്തിതമായി വ്യക്തമാക്കിയത്. ഇത് നടപ്പാക്കാന്‍ രാഷ്ട്രത്തിന്‍റെ രാഷ്ട്രീയ, സാമൂഹിക പൊതു സാഹചര്യം പരുവപ്പെട്ടിട്ടില്ലെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച കരട് ബില്ലിന് പോലും രൂപം കൊടുക്കാതെ, ചര്‍ച്ചകള്‍ നടക്കുന്ന വേളയിലാണ് ഇത് നടപ്പാക്കുമെന്ന് രാഷ്ട്രീയ ലക്ഷ്യത്തോടെ ബിജെപി നേതാക്കള്‍ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ 2 പൊതുതെരഞ്ഞെടുപ്പകളിലും ബിജെപി ഈ വിഷയം ഉയര്‍ത്തിക്കൊണ്ട് വന്നെങ്കിലും നടപ്പാക്കിയില്ല. എന്നാല്‍ ഇതിന്‍റെ വിദ്വേഷ പ്രചാരണ സാധ്യത മാത്രം കണ്ടുകൊണ്ടാണ് ഇപ്പോള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചത്.
ഏക വ്യക്തി നിയമത്തില്‍ നിന്ന് ആദിവാസി, ഗോത്ര വിഭാഗങ്ങളെ മാറ്റി നിര്‍ത്തണമെന്ന് 2 ബിജെപി മുഖ്യമന്ത്രിമാര്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഏക വ്യക്തി നിയമം ചര്‍ച്ച ചെയ്‌ത പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ബിജെപി നേതാവുമായ സുശീല്‍ മോദി, ഈ നിയമം ഗോത്ര വിഭാഗങ്ങള്‍ക്ക് ബാധകമാക്കാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിക്കുള്ളില്‍ പോലും ഇത് സംബന്ധിച്ച് മൂര്‍ച്ചയേറിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് വ്യക്തം. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഈ വിഷയം ഉയര്‍ത്തി കൊണ്ടുവന്ന് ജനങ്ങളുടെ ഇടയില്‍ ഭിന്നത വളര്‍ത്താനാണ് സംഘ്പരിവാര്‍ സംഘടനകളുടെ ശ്രമം.
ഇത് സിപിഎം നേരത്തെ പയറ്റിയ ആയുധം :ഏക വ്യക്തി നിയമം ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ളതാണ് എന്ന മട്ടില്‍ പ്രചാരണം നടത്തി അതില്‍ നിന്ന് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎം മുമ്പും പല തവണ പയറ്റിയിട്ടുള്ള ആയുധമാണിത്. 1985ല്‍ ഷാബാനു കേസില്‍ കോടതി വിധി വന്നതിനെ തുടര്‍ന്ന് ഏക വ്യക്തി നിയമം വേണമെന്ന് വ്യക്തമായ നിലപാടെടുക്കുകയും 1987ലെ തെരഞ്ഞടുപ്പില്‍ ശരിയത്തിനെ കടന്നാക്രമിച്ച് ഹിന്ദു വര്‍ഗീയത ഇളക്കി വിടുകയാണ് ഇഎംഎസ് ചെയ്‌തത്. അന്ന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് നിയമ നിര്‍മാണത്തിലൂടെ മുസ്‌ലിം ജനവിഭാഗത്തിന് സംരക്ഷണം നല്‍കിയത്. ന്യൂനപക്ഷ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഏകവ്യക്തി നിയമം നടപ്പാക്കാന്‍ രാജ്യ വ്യാപകമായ പ്രക്ഷോഭം നടത്തണമെന്നായിരുന്നു അന്ന് സിപിഎമ്മിന്‍റെ ആഹ്വാനം.
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് നടത്തിയ കേസുകള്‍ പിന്‍വലിക്കുമെന്ന് നിയമസഭയില്‍ ഉറപ്പ് നല്‍കിയിട്ടും അത് സിപിഎം നടപ്പാക്കിയില്ല എന്നത് അവരുടെ മറ്റൊരു ഇരട്ടത്താപ്പിന് ഉദാഹരണമാണ്. അന്ന് രജിസ്റ്റര്‍ ചെയ്‌ത 835 കേസില്‍പ്പെട്ടവര്‍ ഇപ്പോള്‍ കോടതി കയറിയിറങ്ങുന്നു. അന്ന് പ്രക്ഷോഭത്തിനിറങ്ങിയവര്‍ കേസുകളില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ വീണ്ടും എല്ലാവരെയും സമരം ചെയ്യാന്‍ സിപിഎം ക്ഷണിച്ചത് വിചിത്രമാണ്.
കോണ്‍ഗ്രസ് നിലപാട് : ഏക വ്യക്തി നിയമത്തിനെതിരെ കോണ്‍ഗ്രസിന് വ്യക്തവും ശക്തവുമായ നിലപാടാണുള്ളത്. ഏക വ്യക്തിനിയമം അനാവശ്യമാണെന്നും ബില്‍ അവതരിപ്പിക്കുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നുമാണ് മുന്‍ കേന്ദ്രമന്ത്രിയും എഐസിസി മാധ്യമ വിഭാഗം മേധാവിയുമായ ജയറാം രമേശ് വാര്‍ത്താസമ്മേളനത്തില്‍ പകല്‍ പോലെ വ്യക്തമാക്കിയത്. മൂന്നാം തീയതി ചേര്‍ന്ന പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഏക വ്യക്തി നിയമം നടപ്പാക്കുന്നതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഏകവ്യക്തിനിയമ ബില്‍ പാര്‍ലമെന്‍റില്‍ വരുമ്പോള്‍ ശക്തമായി എതിര്‍ക്കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ഇക്കാര്യം അടിവരയിട്ട് പറഞ്ഞിട്ടുണ്ട്.
ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത് മുതല്‍ വിവിധ ഘട്ടങ്ങളില്‍ ഏക വ്യക്തി നിയമം നടപ്പാക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴൊക്കെ രാജ്യത്ത് അതിനുള്ള അനുകൂല സാഹചര്യമില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ള ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. സിപിഎം ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യത്തില്‍ വിവിധ ഘട്ടങ്ങളില്‍ ഇരട്ടത്താപ്പാണ് സ്വീകരിച്ചത്.
2018ലെ കേന്ദ്ര നിയമ കമ്മിഷന്‍ വ്യക്തമാക്കിയത് പോലെ, രാജ്യത്ത് ഏകവ്യക്തി നിയമം നടപ്പാക്കേണ്ട രാഷ്ട്രീയ, സാമൂഹ്യ സാഹചര്യം നിലവിലില്ലാത്തതിനാല്‍ രാജ്യതാത്പര്യത്തിന് വിരുദ്ധമായി അവ നടപ്പാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ അതിശക്തമായ എതിര്‍പ്പ് കെപിസിസി നേതൃയോഗം രേഖപ്പെടുത്തി. എല്ലാ ജനവിഭാഗങ്ങളുടെയും ആശങ്ക ഉള്‍ക്കൊണ്ടും ബിജെപിയും സിപിഎമ്മും സ്വീകരിക്കുന്ന ഇരട്ടത്താപ്പ് തുറന്ന് കാട്ടിക്കൊണ്ടും സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികളില്‍ അണിനിരക്കാന്‍ എല്ലാവരോടും കെപിസിസി ആഹ്വാനം ചെയ്‌തു.