തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിൽ പീഡനത്തിനിരയായ യുവതിയെ ഭീഷണിപ്പെടുത്തിയതിന് സസ്പെൻഷനിലായ ജീവനക്കാരെ തിരിച്ചെടുത്ത സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടിയതായി ആരോഗ്യ മന്ത്രി വീണ ജോർജ്. ഡിഎംഇയോട് ഇക്കാര്യത്തിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സസ്പെൻഷൻ പിൻവലിച്ച കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഡിഎംഇയും ഇക്കാര്യം അറിഞ്ഞിട്ടില്ല. റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലിരിക്കുകയാണ് യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചത്. ശസ്ത്രക്രിയക്ക് ശേഷം അനസ്തേഷ്യയുടെ മയക്കത്തിൽ ആയിരുന്നതിനാൽ യുവതിക്ക് പ്രതികരിക്കാൻ കഴിഞ്ഞിരുന്നില്ല. മയക്കം വിട്ട ശേഷമാണ് പീഡന വിവരം യുവതി വാർഡിൽ ഉണ്ടായിരുന്ന നഴ്‌സിനെയും ബന്ധുക്കളെയും അറിയിച്ചത്.
പിന്നാലെ പൊലീസ് കേസെടുക്കുകയും പ്രതിയായ അറ്റൻഡർ ശശീന്ദ്രനെ പിടികൂടുകയും ചെയ്‌തിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയെ മൊഴിമാറ്റാൻ കോട്ടയം മെഡിക്കൽ കോളജിലെ ജീവനക്കാർ ഭീഷണിപ്പെടുത്തിയത്.
പിന്നാലെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒരു നഴ്‌സിങ് അസിസ്റ്റന്‍റ്, ഒരു ഗ്രേഡ് ടു അറ്റൻഡർ, മൂന്ന് ഗ്രേഡ് അറ്റൻഡർ എന്നിവർക്കെതിരെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. വനിതകൾ കൂടിയായ ഇവർക്കെതിരെ പരാതിക്കാരിയെ സ്വാധീനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. പിന്നാലെ ഇവരെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
തിരിച്ചെടുത്തത് കുറ്റം തെളിയിക്കാത്തതിനാൽ: ജീവനക്കാരുടെ കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ല എന്ന ന്യായീകരണമാണ് സസ്പെൻഷൻ പിൻവലിക്കുന്നതിന് പറഞ്ഞിരിക്കുന്നത്. സസ്പെൻഷൻ കാലയളവ് ഡ്യൂട്ടി ആയി പരിഗണിക്കുമെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്‍റെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. അഞ്ച് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നെങ്കിലും അന്തിമ റിപ്പോർട്ട് ഇതുവരെയും പുറത്തുവന്നിട്ടില്ല.
ALSO READ :മെഡിക്കല്‍ കോളജിലെ പീഡനം: ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു